മലപ്പുറം താനൂര്‍ കസ്റ്റഡി മരണത്തില്‍ നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടും.
സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്കരണത്തില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ് . ഡ്രൈവിങ് സ്കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി. പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്താമെന്നും പുതിയ സര്‍ക്കുലറിലുണ്ട്.
വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍. യുവതിയെ കസ്റ്റഡിയിലെടുത്തായിരിക്കും കൂടുതല്‍ വിവരങ്ങള്‍ തേടുക. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം.ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമെ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുള്ളുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് പുറത്തിറക്കി. കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിര്‍ദേശം.
മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ നിയമനടപടിയുമായി കെഎസ്ആർടിസി ഡ്രൈവര്‍ യദു . കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള യദുവിന്റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ഈ മാസം ആറിന് പരിഗണിക്കും.
താന്‍ ബസില്‍ കയറി യാത്രക്കാരോട് മോശമായി പെരുമാറി എന്നരീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സച്ചിന്‍ ദേവ് എംല്‍എ.കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങൾ താനും ആര്യയും ഇപ്പോള്‍ നേരിടുന്നുണ്ട്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സച്ചിന്‍ദേവ് പറഞ്ഞു.
തിരൂർ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‍ഫോമിൽ, ആറ് പൊതികളിലായി കഞ്ചാവ് കണ്ടെത്തി. റെയിൽവെ സംരക്ഷണ സേനയും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് കഞ്ചാവ്പിടിച്ചെടുത്തു. ആകെ 12.49 കിലോഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത് . കഞ്ചാവ് പൊതികൽ ഇവിടെ എത്തിച്ചയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങളുയർത്തിയ ദല്ലാൾ ടി ജി നന്ദകുമാറിനെ പുന്നപ്ര പൊലീസ് ചോദ്യം ചെയ്യും. ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി. ഈ മാസം 9ന് ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ് നൽകി. വ്യക്തിഹത്യ, സ്ത്രീത്വത്തെ അവഹേളിക്കൽ എന്നിവയ്ക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്.
ഇ പി ജയരാജനെതിരെ നടപടി എടുത്താൽ സിപിഎം തകർന്നടിയുമെന്ന് കെ സുധാകരൻ. പിണറായി വിജയന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളാണ് ഇ പി, അതുകൊണ്ട് പാർട്ടി ഒരിക്കലും ഇപിക്കെതിരെ നടപടി സ്വീകരിക്കില്ല എന്ന്കെ സുധാകരൻ പറഞ്ഞു.
ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഉപയോഗിക്കുന്നതിന് തല്‍ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹരിപ്പാട് യുവതി മരിച്ച സംഭവത്തില്‍ അരളിപ്പൂവാണ് കാരണമെന്ന ആധികാരിക റിപ്പോര്‍ട്ട് കിട്ടിയാൽ അരളിപ്പൂവിന്റെ ഉപയോഗം നിരോധിക്കുന്ന കാര്യം ആലോചിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു .
ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലിൽ ദൂരൂഹത. നിലവാരം കുറഞ്ഞ ഗ്ലാസും നിര്‍മ്മാണത്തിലെ വീഴ്ചയുമാണ് പ്രശ്നമെന്നും, മുൻപരിചയം ഇല്ലാത്ത കമ്പനിക്ക് കരാര്‍ നൽകിയെന്നുമാണ് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആരോപണം. ചില ഉദ്യോഗസ്ഥര്‍ക്ക് പാലം തകർന്നതിൽ പങ്കുണ്ടെന്നാണ് നിര്‍മ്മാണ കമ്പനി തലവൻ വി കെ പ്രശാന്തിന്റെ ആരോപണം.പൊട്ടിയ ചില്ലിന് പകരം എത്തിച്ച് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാൻ തീരക്കിട്ട ശ്രമങ്ങളിലാണിപ്പോൾ അധികൃതര്‍.
തെരഞ്ഞെടുപ്പ് കമ്മീഷൻ ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിന് അനുമതി നൽകി. ഗാനത്തിലെ അപകീർത്തിപരമായ പരാമർശങ്ങൾ ഒഴിവാക്കിയ ശേഷമാണ് അനുമതി നൽകിയത്. സത്യം വിജയിച്ചെന്ന് ആം ആദ്മി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഇറാൻ കപ്പലിൽ കുടുങ്ങിയ മകൻ സുമേഷിൻ്റെ മോചനത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അച്ഛൻ ശിവരാമൻ. മകനുമായി സംസാരിച്ചപ്പോൾ മോചനത്തെ കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് മകൻ പറഞ്ഞത്. മോചനം വൈകുന്നതിൽ കേന്ദ്ര സർക്കാർ ഇടപെടണം. കപ്പൽ കമ്പനിയാണ് മോചനത്തിന് തടസം നിൽക്കുന്നതെന്നാണ് മനസിലാക്കുന്നതെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്ന് പറഞ്ഞു പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുചാരിത മൊഹന്തി പിന്മാറി . മത്സരിക്കാൻ എഐസിസി പണം നൽകുന്നില്ല. മെയ് 25 നാണ് പുരിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ്. മെയ് 6 നാണ് നോമിനേഷൻ നൽകാനുളള അവസാന തിയ്യതി. സ്ഥാനാർത്ഥി നടത്തിയ പിൻമാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കൈസര്‍ഗഞ്ജില്‍ കരണിനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആഡംബര കാറുകളും പ്രവര്‍ത്തകരേയും അണിനിരത്തി ശക്തിപ്രകടനവുമായി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്. തന്റെ മകൻ കരണിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായിട്ടാണ് ബ്രിജ്ഭൂഷണ്‍ റോഡ് ഷോ നടത്തിയത്.