kseb 1

മാസംതോറും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി വിതരണക്കമ്പനികള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കുന്നതാണ് ചട്ടഭേദഗതി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കമ്പനികള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിക്കാം. ഇന്ധനച്ചെലവ്, പ്രസരണ ചാര്‍ജ്, വൈദ്യുതി വാങ്ങുന്നതിലെ ചെലവ് തുടങ്ങി കമ്പനികള്‍ക്കുണ്ടാകുന്ന അധികച്ചെലവ് വൈദ്യുതി നിരക്കിലൂടെ ഈടാക്കാമെന്നാണ് നിയമ ഭേദഗതിയില്‍ പറയുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരേയുള്ള ലൈംഗിക പീഡന പരാതിയില്‍ തെളിവില്ലെന്നു പറഞ്ഞ് പോലീസ് കേസന്വേഷണം അവസാനിപ്പിക്കുന്നു. കേസ് അവസാനിപ്പിക്കാന്‍ പോലീസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. ആരോപണത്തിനു പിറകില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

ദിലീപിനെതിരേ ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാര്‍ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച പരാതിക്കാരിയെ കേസില്‍ കുടുക്കാന്‍ പോലീസ്. വ്യാജ ആരോപണം ഉന്നയിച്ചെന്ന് ആരോപിച്ചാണ് കേസ്. സമന്‍സ് നല്‍കാന്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. പരാതിക്കാരി ഒളിവിലാണെന്നു പോലീസ് പറയുന്നു. ദിലീപിന്റെ മുന്‍ മാനേജരേയും ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകരേയും കേസില്‍ പ്രതികളാക്കും. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകരാണെന്നും ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടര്‍ പരാതിക്കാരിക്കു പണം നല്‍കിയെന്നും ആരോപിക്കുന്നു.

വയനാട് മട്ടിലയത്തിന് സമീപം പന്നിപ്പാട് കോളനിയില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തി. തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് മാവോയിസ്റ്റുകളെ കണ്ടത്. ഒരു പുരുഷനും മൂന്നു സ്ത്രീകളുമാണു സംഘത്തിലുണ്ടായിരുന്നത്. അരിയും പലവ്യഞ്ജനങ്ങളും വാങ്ങി തിരികെ പോയെന്ന് കോളനിക്കാര്‍ പറയുന്നു.

സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും ജാമ്യം നല്‍കിയ കോടതി ഉത്തരവിനെതിരേയും വിമര്‍ശനം. ജാതിയില്ലെന്ന് എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയ ആള്‍ക്കെതിരെ എസ് സി – എസ് ടി ആക്ട് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഇതു നിയമവിരുദ്ധമാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരത്തിനിടെ സംഘര്‍ഷം. വിഴിഞ്ഞം പദ്ധതി നിര്‍മാണം നടക്കുന്നിടത്തേക്കുള്ള റാലി പോലീസ് തടഞ്ഞു. ബൈക്ക് റാലിയായി എത്തിയ സമരക്കാര്‍ പൊലീസിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. വിഴിഞ്ഞം വിഷയത്തില്‍ റവന്യൂ- തുറമുഖ- ഫിഷറീസ് മന്ത്രിമാര്‍ സമരക്കാരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും.

വിഴിഞ്ഞ സമരക്കാര്‍ക്കിടയിലേക്കു മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞു നുഴഞ്ഞുകയറി സമരക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ തുറമുഖത്തെ സുരക്ഷാ ജീവനക്കാരനെ സമരക്കാര്‍തന്നെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അദാനി തുറമുഖ സെക്യൂരിറ്റി രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരാളാണ് ആള്‍മാറാട്ടം നടത്തിയത്.

പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊലക്കേസില്‍ നാലു പേര്‍ക്കൂടി അറസ്റ്റില്‍. വിഷ്ണു, സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം നടക്കുമ്പോള്‍ ഇവരും സ്ഥലത്ത് ഉണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍  ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.

ഷാജഹാന്റെ കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന പൊലീസിന്റെ വിശദീകരണത്തിനെതിരേ സിപിഎം. ആര്‍എസ്എസുകാരാണ് കൊലയാളികളെന്നു പറയാന്‍ എന്താണു തടസമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ചോദിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *