P3 yt cover

https://dailynewslive.in/ സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷ പരിഷ്‌ക്കരണം നാളെ മുതല്‍ നടപ്പാക്കും. പുതിയ ട്രാക്കുകള്‍ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും എച്ച് ടെസ്റ്റില്‍ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു വന്ന രീതികളില്‍ മാറ്റമുണ്ടാകും. ഇക്കാര്യങ്ങള്‍ വിശദമാക്കി സര്‍ക്കുലര്‍ ഇറക്കാന്‍ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സര്‍ക്കുലര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

https://dailynewslive.in/ മെയ് 2 മുതല്‍ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്‌ക്കാരം ബഹിഷ്‌ക്കരിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്. പ്രതിഷേധം തണുപ്പിക്കാന്‍ ഗതാഗതമന്ത്രി ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സംഘടന മുന്നോട്ടുപോവുകയാണ് .

https://dailynewslive.in/ തൃശ്ശൂരില്‍ ബാങ്കില്‍ അടക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ പരിശോധന തുടരുന്നു. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ ആദായ നികുതി വകുപ്പ് സിപിഎമ്മിന് നിര്‍ദ്ദേശം നല്‍കി. തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് ഇന്നലെ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. മുമ്പ് ഇതേ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച തുക തിരിച്ചടയ്ക്കാനെത്തിച്ചപ്പോഴാണ് പിടിച്ചെടുത്തത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരായില്ല. തിങ്കളാഴ്ച ചോദ്യം ചെയ്യല്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്ന് വീണ്ടും ഹാജരാകാന്‍ ഇഡി നിര്‍ദ്ദേശിച്ചിരുന്നു. നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥരോട് ക്ഷുഭിതനായ എം.എം.വര്‍ഗീസ് തൊഴിലാളി ദിന പരിപാടികളുണ്ടെന്നും തുടര്‍ച്ചയായി ഹാജരാകാന്‍ കഴിയില്ലെന്നും അറിയിച്ചാണ് മടങ്ങിയത്.

https://dailynewslive.in/ സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാടിനും തൃശ്ശൂരിനുംപുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലര്‍ട്ടും തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

https://dailynewslive.in/ തിരുവനന്തപുരത്ത് മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള വാക്കുതര്‍ക്കത്തില്‍ ബസിനുള്ളിലെ ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ തേടി പൊലീസ്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിവിആര്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതിനുള്ളില്‍ മെമ്മറി കാര്‍ഡില്ലെന്ന് വിശദ പരിശോധനയില്‍ കണ്ടെത്തി. മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്നും കാര്‍ഡ് ആരെങ്കിലും മാറ്റിയതാണോ എന്നും അന്വേഷിക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കി. അതോടൊപ്പം മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നതെന്നും റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാര്‍ഡുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ യദു വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്. 113.26 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപയോഗം. തിങ്കളാഴ്ച 113.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗിച്ചത്. കഴിഞ്ഞ മാസം മൂന്ന് തവണയാണ് വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ മാവോയിസ്റ്റുകളുടെ കബനീ ദളത്തില്‍ കേരളത്തില്‍ അവശേഷിക്കുന്നത് നാലുപേര്‍ മാത്രമെന്ന് സൂചന. സി.പി.മൊയ്തീനും വിക്രം ഗൗഡയ്ക്കും ഇടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്, പലരും ഗൗഡയ്ക്കൊപ്പം കേരളം വിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലുണ്ടായിരുന്നത് ആകെ 12 മാവോയിസ്റ്റുകളാണ്.

https://dailynewslive.in/ കരിപ്പൂരില്‍ സ്വര്‍ണവുമായെത്തിയ യാത്രക്കാരനും കടത്തുസ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ ആറംഗ സംഘവും പിടിയില്‍. 56ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായെത്തിയ കുറ്റ്യാടി സ്വദേശി ലബീബാണ് ആദ്യം പിടിയിലായത്. ഇയാളില്‍ നിന്നും സ്വര്‍ണ്ണം കവരാന്‍ എത്തിയ കണ്ണൂര്‍ പാനൂര്‍ സ്വദേശി നിധിന്‍, അഖിലേഷ്, മുജീബ്, അജ്മല്‍, മുനീര്‍, നജീബ് എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്. സ്വര്‍ണ്ണം കൊണ്ടു വന്ന ലബീബിന്റെ അറിവോടെയാണ് സംഘം കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

https://dailynewslive.in/ വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപ കുറച്ചു. കഴിഞ്ഞ മാസം 31.50 രൂപ കുറച്ചിരുന്നു. അതേ സമയം ഗാര്‍ഹികാവശ്യ സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഗാര്‍ഹികാവശ്യ സിലിണ്ടറിന്റെ വില 42 രൂപ കൂട്ടിയിരുന്നു.

https://dailynewslive.in/ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചര്‍ച്ചയാക്കി മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിന്‍ നല്‍കാതിരുന്നതെന്ന് ചാണ്ടി ഉമ്മന്‍ ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു. വാക്സിന്റെ പാര്‍ശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നല്‍കിയില്ലെന്ന് വരെ പറഞ്ഞു പരത്തിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

https://dailynewslive.in/ തൃശൂരില്‍ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. പലയിടത്തും ക്രോസ് വോട്ടിങ് ഉണ്ടായി. ഗുരുവായൂര്‍, നാട്ടിക മണ്ഡലങ്ങളില്‍ ഇത് പ്രകടമായെന്നും മുരളീധരന്‍ ആരോപിച്ചു. വോട്ടുമറിച്ചതിന്റെ കണക്കുകള്‍ പാര്‍ട്ടിക്ക് ലഭിച്ചുവെന്നും എന്നാല്‍ യുഡിഎഫിനെ ഇത് ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ വ്യക്തമാക്കി.

https://dailynewslive.in/ മലയാളി താരം സഞ്ജു സാംസണെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബി.ജെ.പിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാവ്. ബി.ജെ.പി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ബി.ജെ.പി സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോമോന്‍ പറയുന്നത്. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

https://dailynewslive.in/ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ കൂലിയുടെ നിര്‍മാതാക്കളായ സണ്‍ പിക്ച്ചേഴ്സിന് എതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇളയരാജ. രജനികാന്ത് നായകനായ കൂലിയുടെ പ്രൊമൊയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് പരാതി. കൂലിയുടെ പ്രൊമൊയില്‍ നിന്ന് തന്റെ ഗാനം നീക്കുകയോ ഉപയോഗിക്കാന്‍ അനുമതി വാങ്ങുകയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയെന്നുമാണ് പരാതി.

https://dailynewslive.in/ തമിഴ്നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 4 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. 8 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗര്‍ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് ഗോഡൗണിനു സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു. സമീപത്തെ ഇരുപതോളം വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

https://dailynewslive.in/ വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട കാര്‍ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാര്‍ഡ് തകര്‍ത്തു താഴേക്ക് മറിയുകയായിരുന്നു. എറണാകുളം , കൊല്ലം , കണ്ണൂര്‍ സ്വദേശികളായ ആറു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

https://dailynewslive.in/ ആലുവ ശ്രീമൂലനഗരം കൊണ്ടോട്ടിയില്‍ മുന്‍ പഞ്ചായത്ത് അംഗമടക്കം 6 പേരെ ആക്രമിച്ച ഗുണ്ടാ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഒരു ബൈക്കിലും കാറിലുമായി ഗുണ്ടാ സംഘമെത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഒരാളുമാണ് പിടിയിലായത്.

https://dailynewslive.in/ കോടതി ഉത്തരവിന് പിന്നാലെ ഹൈറിച്ച് ഉടമകളുടെ 200 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പലചരക്ക് കച്ചവടത്തിന്റെ മറവില്‍ ജനങ്ങളെ വഞ്ചിച്ച് ഹൈറിച്ച് ഗ്രൂപ്പ് നടത്തിയത് അനധികൃത മണിചെയിന്‍ ഇടപാടെന്നും കോടതി കണ്ടെത്തി. രാജ്യവ്യാപക വേരുകളുള്ള ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ തീരുമാനവും ഉടനുണ്ടായേക്കും.

https://dailynewslive.in/ പെരുമ്പാവൂരില്‍ പള്ളിയില്‍ ബാന്‍ഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം മലയിന്‍കീഴ് നാടുകാണി സ്വദേശി ജിജോ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. പാണിയേലി പള്ളിയില്‍ ബാന്‍ഡ് മേളം നടക്കുന്നതിനിടെയാണ് ജിജോ കുഴഞ്ഞുവീണത്. ഉടന്‍തന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

https://dailynewslive.in/ റോഡില്‍ കുഴഞ്ഞ് വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ചു. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലുവാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ കോലഞ്ചേരി ടൗണില്‍ സെന്റ് പീറ്റേഴ്സ് സ്‌കൂളിന് മുന്നിലെ മതിലിന് സമീപമാണ് ഇയാള്‍ കുഴഞ്ഞ് വീണത്.

https://dailynewslive.in/ ദില്ലിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്‌കൃത സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, ദ്വാരകയിലെ ദില്ലി പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലേക്കാണ് ഇ മെയില്‍ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്. സ്‌കൂളുകളില്‍ നിരവധി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലില്‍ പറയുന്നു. ഭീഷണിയെ തുടര്‍ന്ന് അധികൃതരെത്തി ഒഴിപ്പിക്കുകയും ബോംബ് ഡിറ്റക്ഷന്‍, ബോംബ് ഡിസ്പോസല്‍ ടീമുകള്‍ പരിശോധന തുടങ്ങി. ഇതുവരെ സംശയാപ്ദയമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ആശങ്ക വേണ്ടെന്ന് ദില്ലി പോലീസ് അറിയിച്ചു.

https://dailynewslive.in/ പ്രചാരണ ഗാന വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി എഎപി. കമ്മീഷന്റെ പ്രവര്‍ത്തനം ബിജെപിക്ക് വേണ്ടിയാണെന്നും എഎപി നല്‍കിയ നാല് പരാതികളിലും നടപടിയില്ലെന്നും പാര്‍ട്ടി ആരോപിച്ചു. ഇന്ത്യ സഖ്യത്തിനെ മോശമായി ചിത്രീകരിക്കുന്ന ബോര്‍ഡുകളില്‍ കമ്മീഷന്‍ തീരുമാനം എടുക്കുന്നില്ലെന്ന് ആരോപിച്ച എഎപി കമ്മീഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നും വിമര്‍ശിച്ചു. ആം ആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ് ഈ വിഷയത്തില്‍ ഇന്ന് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍ എഎപി ഭരണഘടന സ്ഥാപനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

https://dailynewslive.in/ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് രേവണ്ണയ്ക്കും സമന്‍സ്. ലൈംഗിക പീഡന പരാതിയിലും പുറത്ത് വന്ന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം സമന്‍സ് അയച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് രാജ്യം വിട്ട പ്രജ്വലിനെ എങ്ങനെ തിരികെ എത്തിക്കുമെന്ന ആലോചനയിലാണ് അന്വേഷണ സംഘം.

https://dailynewslive.in/ മകന്റെ വിവാഹ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ചന്ദ്രബാബു നായിഡുവിന്റെ വീട്ടിലേക്ക് ശര്‍മ്മിള പോയത് ടിഡിപിയോട് ചേര്‍ന്ന് നില്‍ക്കുന്ന മഞ്ഞ നിറത്തിലുള്ള സാരി ധരിച്ചായിരുന്നു എന്നു പരിഹസിച്ച് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. അവര്‍ കൊടുക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് ഇപ്പോള്‍ എല്ലാം നടക്കുന്നതെന്നാണ് ജഗന്റെ പരിഹാസം. എന്നാല്‍ അന്യവീട്ടിലെ പുരുഷന്മാരുടെ മുന്നില്‍ സ്വന്തം സഹോദരിയുടെ വസ്ത്രധാരണത്തെ കുറിച്ച് പറയാനും മാത്രം തരംതാഴ്ന്ന മനുഷ്യനാണോ ജഗന്‍ എന്നാണ് ശര്‍മ്മിളയുടെ മറുചോദ്യം.

https://dailynewslive.in/ ഡല്‍ഹി കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ എം.എല്‍.എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേരാണ് പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെച്ചു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയായിരുന്ന നസീബ് സിങ്ങും മറ്റൊരു നേതാവായ നീരജ് ബസോയയുമാണ് രാജി നല്‍കിയത്.

https://dailynewslive.in/ സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയില്‍ വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായി. വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ മുങ്ങുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ജാഗ്രത പാലിക്കണമെന്ന് മദീന മേഖലയിലെ സൗദി സിവില്‍ ഡിഫന്‍സ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പിഴയിട്ട് കോടതി. ക്രിമിനല്‍ കേസില്‍ വിചാരണ നടക്കുന്നതിനിടെ കേസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി നിര്‍ദ്ദേശം നിരന്തരം ലംഘിച്ചതിനാണ് നടപടി. കേസിലെ സാക്ഷികളെയും മറ്റുള്ളവരെയും വിമര്‍ശിച്ച് ട്രംപ് എഴുതിയ ഓരോ പോസ്റ്റിനും ആയിരം ഡോളര്‍ വീതമാണ് പിഴയിട്ടിരിക്കുന്നത്. 9000 ഡോളറാണ് പിഴയൊടുക്കേണ്ടത്.

https://dailynewslive.in/ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഒറ്റയടിക്ക് പവന് 800 രൂപയാണ് കുറഞ്ഞത്. 52,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. 6555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. 12 ദിവസത്തിനിടെ 2000 രൂപയിലധികമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ വിലത്തകര്‍ച്ചയാണ് ഇന്ന് കേരളത്തിലും വില കുറയാന്‍ സഹായകമായത്. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,389 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നുള്ളത് 2,282 ഡോളറില്‍. ഒരുവേള വില 2,274 ഡോളര്‍ വരെ താഴുകയും ചെയ്തിരുന്നു.

https://dailynewslive.in/ വീചാറ്റിന്റെ പാത പിന്തുടര്‍ന്ന് വാട്സ്ആപ്പും ഒരു ഓള്‍ ഇന്‍ വണ്‍ ആപ്പായി മാറാനുള്ള പുറപ്പാടിലാണ്. നേരത്തെ വാട്സ്ആപ്പില്‍ അവതരിപ്പിച്ച വാട്സ്ആപ്പ് പേ എന്ന യു.പി.ഐ സേവനവും അതുപോലെ ഫയലുകള്‍ ഓഫ്ലൈനായി പങ്കുവെക്കാനുള്ള സൗകര്യവുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ വാട്സ്ആപ്പില്‍ ഇന്‍-ആപ്പ് ഡയലര്‍ അവതരിപ്പിക്കാന്‍ പോവുകയാണ് മെറ്റ. അതെ, വാട്സ്ആപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷന്‍ വരുമെന്ന സൂചന പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റഇന്‍ഫോ ആണ് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ഡയലറിനും ട്രൂകോളറിനും വെല്ലുവിളിയായാണ് വാട്സ്ആപ്പ് ഡയലര്‍ അവതരിപ്പിക്കുന്നത്. നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിലൂടെ ആളുകളെ കോള്‍ ചെയ്യാന്‍ ഈ ഫീച്ചര്‍ സഹായിക്കും. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകള്‍ക്ക് വൈകാതെ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റിങ്ങിന് ശേഷം എല്ലാ യൂസര്‍മാരിലേക്കും എത്തിക്കും. ‘ഡയലര്‍ ഇന്റര്‍ഫേസിന്റെ’ കൃത്യമായ സംയോജനം എവിടെയായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വാട്ട്‌സ്ആപ്പിലെ കോള്‍ ടാബില്‍ ഒരു ഡയലര്‍ ഷോര്‍ട്ട്കട്ട് ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നിലവിലുള്ളതുപോലെ ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകള്‍ നടക്കുക.

https://dailynewslive.in/ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളിലേക്ക് എത്തും. നേരത്തെ ജൂണ്‍ 13ന് ആയിരുന്നു റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. മാസ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറായാണ് ചിത്രം എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും സുപ്രധാന വേഷത്തില്‍ ടര്‍ബോയില്‍ ഉണ്ടാകും. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ ‘പര്‍സ്യുട്ട് ക്യാമറ’ ടര്‍ബോയില്‍ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കി.മീ സ്പീഡ് ചേസിങ് വരെ ഇതില്‍ ചിത്രീകരിക്കാം. ‘ട്രാന്‍ഫോര്‍മേഴ്‌സ്’, ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളില്‍ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡില്‍ ‘പഠാന്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പര്‍സ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

https://dailynewslive.in/ ഫഹദ് ഫാസിലിനെ നായകനാക്കി നടനും സംവിധായകനുമായ അല്‍ത്താഫ് സലിം ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ‘ഓടും കുതിര ചാടും കുതിര’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്നു. അല്‍ത്താഫിന്റെ ഭാര്യ ശ്രുതി ശിഖാമണിയാണ് ആദ്യ ക്ലാപ്പ് അടിച്ചത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഫഹദും കല്യാണിയും ഇതാദ്യമായാണ് ഒരുമിക്കുന്നത്. രേവതി പിള്ള, ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്,ലാല്‍, രഞ്ജി പണിക്കര്‍,റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ,നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാന്‍ ശ്രീനിവാസന്‍,ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ജിന്റോ ജോര്‍ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിന്‍ വര്‍ഗീസും എഡിറ്റിങ് അഭിനവ് സുന്ദര്‍ നായ്ക്കും കൈകാര്യം ചെയ്യുന്നു . സെന്‍ട്രല്‍ പിക്ച്ചേഴ്സ് ചിത്രം തിയറ്ററില്‍ എത്തിക്കും.

https://dailynewslive.in/ ഹീറോ മോട്ടോകോര്‍പ്പ് 2024 മാര്‍ച്ചില്‍ 4.57 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. അതേസമയം കമ്പനിയുടെ കയറ്റുമതി 31,000 യൂണിറ്റുകള്‍ കടന്നു. ഹീറോ മോട്ടോകോര്‍പ്പിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ എന്ന സ്ഥാനം നിലനിര്‍ത്തിക്കൊണ്ട് സ്‌പ്ലെന്‍ഡര്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ ആധിപത്യം നിലനിര്‍ത്തുന്നു. കഴിഞ്ഞ മാസം 286,138 യൂണിറ്റ് സ്പ്ലെന്‍ഡറുകള്‍ കമ്പനി വിറ്റു. 83,947 യൂണിറ്റ് വില്‍പ്പനയുമായി എച്ച്എഫ് ഡീലക്‌സ് രണ്ടാം സ്ഥാനത്തെത്തി. 2024 മാര്‍ച്ചിലെ വില്‍പ്പനയില്‍ ഒരു ഹൈലൈറ്റ് ബൈക്കായിരുന്നു പാഷന്‍. ഇത് 439.87 ശതമാനം വാര്‍ഷിക വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഈ കണക്കുകള്‍ അനുസരിച്ച്, 22,491 യൂണിറ്റ് വില്‍പ്പനയോടെ പാഷന്‍ മോഡലിന് ഡിമാന്‍ഡ് വര്‍ധിച്ചു. ഗ്ലാമര്‍, ഡെസ്റ്റിനി 125 എന്നിവയും യഥാക്രമം 17,026 യൂണിറ്റുകളുടെയും 14,143 യൂണിറ്റുകളുടെയും വില്‍പ്പന കണക്കുകളോടെ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ കൂട്ടിച്ചേര്‍ക്കലുകളായ എക്‌സ്ട്രീം 125ആര്‍, എക്‌സ്ട്രീം 160/200 എന്നിവ യഥാക്രമം 12,010 യൂണിറ്റുകളും 2,937 യൂണിറ്റുകളും വിറ്റഴിച്ചു. എക്സ്പള്‍സ് 200, മാസ്റ്റെറെ എന്നിവ യഥാക്രമം 78.21 ശതമാനം, 92.50 ശതമാനം വീതം വില്‍പ്പന ഇടിവ് രേഖപ്പെടുത്തി.

https://dailynewslive.in/ മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കായി ഏവരെയുംപോലെ ഗള്‍ഫ് നാട്ടില്‍ ജോലിതേടിയെത്തിയ ഒരു പാക്കിസ്ഥാനി യുവാവിന്റെ ജീവിതകഥയാണിത്. ഒറ്റപ്പെടലിന്റെ അതിഭീതിദാവസ്ഥയും ചതിയുടെ ഭീകരാവസ്ഥയും അവന്റെ ജീവിതമാകെ മാറ്റിമറിക്കുന്ന സംഭവപരമ്പരകളിലൂടെ ഗള്‍ഫ് ജീവിതത്തിന്റെ അധോതലങ്ങള്‍ വെളിപ്പെടുത്തുകയാണ് ഒരു പാക്കിസ്ഥാനിയുടെ കഥ. മരുഭൂമിയുടെ വൈചിത്ര്യങ്ങള്‍ ആഴത്തില്‍ അനുഭവിപ്പിക്കുന്ന ആഖ്യാനം. ‘ഒരു പാക്കിസ്ഥാനിയുടെ കഥ’. മനോഹരന്‍ വി പേരകം. ഡിസി ബുക്സ്. വില 342 രൂപ.

https://dailynewslive.in/ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല എളുപ്പ വഴി ഭക്ഷണം പതുക്കെ കഴിക്കുക എന്നതാണ്. തിരക്കു കൂടുന്നതിന് അനുസരിച്ച് ആളുകള്‍ ഭക്ഷണം കഴിക്കുന്നതിലുള്ള രീതിയിലും മാറ്റം വന്നു. ഇത് ഇന്നത്തെ തലമുറയുടെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. തിരക്കാണ്, സമയം കളയാനില്ലെന്ന് കരുതി തിടുക്കം കൂട്ടി ഭക്ഷണം കഴിക്കുന്ന പുതതലമുറയാണ് ഇപ്പോഴുള്ളത്. ഭക്ഷണം കഴിച്ച് തുടങ്ങി ഏകദേശം 20 മിനിറ്റ് എടുക്കും മസ്തിഷ്‌കം സംതൃപ്തിയുടെ സിഗ്നലുകള്‍ അയയ്ക്കാന്‍. ഭൂരിഭാഗം പേരുടെയും ഭക്ഷണം അത്ര നേരം പോലും നീണ്ടുനില്‍ക്കില്ലെന്നതാണ് സത്യം! അതുകൊണ്ട് തന്നെ അധികമായി വരുന്ന കലോറി അമിതവണ്ണത്തിനിടയാക്കും. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം സമ്മര്‍ദ്ദത്തിലാവുകയും ശരീരം ഫൈറ്റ് മോഡില്‍ പ്രവര്‍ത്തിക്കാനും തുടങ്ങുന്നു. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. തുടര്‍ന്ന് വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയവയിലേക്ക് നയിക്കുന്നു. സാവധാനത്തില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്ന് വയര്‍ നിറഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ നിങ്ങളുടെ ശരീരത്തിന് സമയം നല്‍കുന്നു എന്നതാണ്. കൂടാതെ ഈ സമയം ശരീരം സമ്മര്‍ദ്ദത്തിലായിരിക്കില്ല. ഇത് ഒപ്റ്റിമല്‍ ദഹനത്തിന് അനുയോജ്യമായ അവസ്ഥയാണ്. ഭക്ഷണം സമയമെടുത്ത് വായില്‍ വെച്ച് ചവച്ച് കഴിക്കുന്നത് ദഹനത്തിന് സഹായിക്കും. കൂടാതെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ഭക്ഷണം സാവകാശം കഴിക്കുന്നത് സംതൃപ്തിയുണ്ടാക്കുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.49, പൗണ്ട് – 104.26, യൂറോ – 89.06, സ്വിസ് ഫ്രാങ്ക് – 90.58, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.07, ബഹറിന്‍ ദിനാര്‍ – 220.20, കുവൈത്ത് ദിനാര്‍ -270.92, ഒമാനി റിയാല്‍ – 216.62, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.93, കനേഡിയന്‍ ഡോളര്‍ – 60.61.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *