പ്രമുഖ സ്വകാര്യബാങ്കായ യെസ് ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 123 ശതമാനം വളര്‍ച്ചയോടെ 451 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 202 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ സമാനപാദത്തിലെ ലാഭം. വായ്പകള്‍ 13.8 ശതമാനം വര്‍ധിച്ച് 2.27 ലക്ഷം കോടി രൂപയിലും നിക്ഷേപങ്ങള്‍ 22.5 ശതമാനം ഉയര്‍ന്ന് 2.6 ലക്ഷം കോടി രൂപയിലുമെത്തി. അതേസമയം, അറ്റ പലിശ വരുമാനത്തില്‍ രണ്ടു ശതമാനമേ വളര്‍ച്ചയുള്ളൂ. 2,105 കോടി രൂപയില്‍ നിന്ന് 2,153 കോടി രൂപയായാണ് വളര്‍ച്ച. കാസ റേഷ്യോ 30.8 ശതമാനത്തില്‍ നിന്ന് നേരിയ വളര്‍ച്ചയോടെ 30.9 ശതമാനത്തിലെത്തി. അറ്റ പലിശ മാര്‍ജിന്‍ പക്ഷേ, 2.8 ശതമാനത്തില്‍ നിന്ന് 2.4 ശതമാനത്തിലേക്ക് താഴുകയും ചെയ്തത് തിരിച്ചടിയായി. കഴിഞ്ഞപാദത്തില്‍ കിട്ടാക്കടം കുറഞ്ഞത് ബാങ്കിന് ആശ്വാസമാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി 2.2 ശതമാനത്തില്‍ നിന്ന് 1.7 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 0.8 ശതമാനത്തില്‍ നിന്ന് 0.6 ശതമാനത്തിലേക്കുമാണ് കുറഞ്ഞത്. 0.73 ശതമാനം നേട്ടവുമായി 26.15 രൂപയിലാണ് വ്യാപാരാന്ത്യത്തില്‍ യെസ് ബാങ്കിന്റെ ഓഹരിവിലയുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരി, കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നല്‍കിയത് 68 ശതമാനം നേട്ടമാണ്. 15.40 രൂപയില്‍ നിന്ന് 32.85 രൂപവരെയാണ് ഇക്കാലയളവില്‍ ഓഹരിവില ഉയര്‍ന്നത്. 75,200 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം.