ഇന്ത്യയുടെ പ്ലെയിന്‍ സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി 2023-24 സാമ്പത്തിക വര്‍ഷം 61.72 ശതമാനം വര്‍ധിച്ച് 679.22 കോടി ഡോളറെത്തിയതായി (57,000 കോടി രൂപ) ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 419.99 കോടി ഡോളറായിരുന്നു (35,000 കോടി രൂപ). 2023-24 ഒന്നാം പകുതിയില്‍ 10.47 ശതമാനം ഇടിവാണ് ഈ കയറ്റുമതിയിലുണ്ടായത്. എന്നാല്‍ രണ്ടാം പകുതിയില്‍ 46.91 ശതമാനത്തോടെ ശക്തമായ വളര്‍ച്ച മേഖലയിലുണ്ടായി. 2023-24 സാമ്പത്തിക വര്‍ഷം മൊത്തത്തിലുള്ള സ്വര്‍ണാഭരണങ്ങളുടെ (പ്ലെയിന്‍, സ്റ്റഡ്ഡഡ്) കയറ്റുമതി 16.75 ശതമാനം വര്‍ധിച്ച് 1,123 കോടി ഡോളറിലെത്തി (94,000 കോടി രൂപ), 2022-23ല്‍ ഇത് 961.8 കോടി ഡോളറായിരുന്നു (80,000 കോടി രൂപ). ഓട്ടേറെ വെല്ലുവിളികള്‍ നേരിട്ട വര്‍ഷമായിരുന്നിതെങ്കിലും വിവിധ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശ വ്യാപാര കരാറുകള്‍ ഈ കയറ്റുമതിക്ക് കരുത്തേകി. നിറമുള്ള രത്നക്കല്ലുകളുടെ കയറ്റുമതി 14 ശതമാനം വര്‍ധിച്ച് 478.71 മില്യണ്‍ ഡോളറിലെത്തി (4,021കോടി രൂപ). പ്ലാറ്റിനം സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി 449.16 ശതമാനം വര്‍ധിച്ച് 163.48 മില്യണ്‍ ഡോളറിലെത്തി (1,374 കോടി രൂപ). ഓസ്‌ട്രേലിയയിലേക്കുള്ള സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി 37 ശതമാനം വര്‍ധിച്ചു. യു.എ.ഇയിലേക്കുള്ള പ്ലെയിന്‍ സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ 2.18 ബില്യണ്‍ ഡോളറില്‍ (18,300 കോടി രൂപ) നിന്ന് 107.2 ശതമാനം വര്‍ധിച്ച് 4.53 ബില്യണ്‍ ഡോളറായി (38,000 കോടി രൂപ) വര്‍ധിച്ചു. പ്ലെയിന്‍ സ്വര്‍ണാഭരണ കയറ്റുമതിയുടെ 85 ശതമാനവും യു.എ.ഇ, ബഹ്‌റൈന്‍ വിപണികളിലേക്കാണ്. അതേസമയം യു.എസ്, ചൈന, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെ 2023-24ല്‍ ഇന്ത്യയുടെ കട്ട് ആന്‍ഡ് പോളിഷ്ഡ് വജ്ര കയറ്റുമതി 27.5 ശതമാനം ഇടിഞ്ഞ് 1.33 ലക്ഷം കോടി രൂപയായി. മൊത്ത വെള്ളി ആഭരണ കയറ്റുമതി 45 ശതമാനം ഇടിഞ്ഞ് 1.62 ബില്യണ്‍ ഡോളറായി (13,600 കോടി രൂപ).