azw

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് പത്തൊമ്പതാം നൂറ്റാണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പിരീഡ് ഡ്രാമ സംവിധാനം ചെയ്യുന്നത് വിനയന്‍ ആണ്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണ്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്റെ വലുപ്പവും പിന്നിലുള്ള അധ്വാനവും ബോധ്യപ്പെടുത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന വീഡിയോ. തിരുവോണ നാളായ സെപ്റ്റംബര്‍ 8 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലുമായാണ്.

മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരന്‍ നായികയായി എത്തിയ തെലുങ്ക് ചിത്രമാണ് ‘കാര്‍ത്തികേയ 2’. നിഖില്‍ സിദ്ധാര്‍ഥ് ആണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 15 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം മൂന്ന് ദിവസം കൊണ്ട് 26.50 കോടിയാണ് നേടിയിരിക്കുന്നത്. ‘കാര്‍ത്തികേയ 2’വിന്റെ ഹിന്ദി ഡബ്ബ് പതിപ്പും പുറത്തിറക്കിയിരുന്നു. 53 ഹിന്ദി ഷോകളായിരുന്നു തുടക്കത്തില്‍ എങ്കില്‍ ഇപ്പോഴത് 1575 ഷോകളായി വര്‍ദ്ധിച്ചിരിക്കുകയാണ്. ‘കാര്‍ത്തികേയ 2’ സംവിധാനം ചെയ്തത് ചന്തുവാണ്. കാല ഭൈരവയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ‘കാര്‍ത്തികേയ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ‘ദേവസേന’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ എത്തിയത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4790 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,955 രൂപയാണ്.

ലോകത്തിനുതന്നെ ആകെ ആശങ്കയായി മുന്‍മാസങ്ങളില്‍ 40 വര്‍ഷത്തെ ഉയരത്തിലെത്തിയ അമേരിക്കയുടെ ഉപഭോക്തൃ നാണയപ്പെരുപ്പം ജൂലായില്‍ പ്രതീക്ഷയുടെ വെളിച്ചവുമായി താഴേക്കിറങ്ങി. ജൂണിലെ 9.1 ശതമാനത്തില്‍ നിന്ന് ജൂലായില്‍ 8.5 ശതമാനമായാണ് നാണയപ്പെരുപ്പം കുറഞ്ഞത്. ഇന്ധനവില (ഗ്യാസ്) ഗാലോണിന് ജൂണിലെ അഞ്ചുഡോളറില്‍ നിന്ന് ജൂലായില്‍ നാലുഡോളറായതാണ് നാണയപ്പെരുപ്പം താഴാന്‍ മുഖ്യകാരണം. അതേസമയം, നാണയപ്പെരുപ്പം പിടിച്ചുനിറുത്താന്‍ തുടര്‍ച്ചയായി പലിശനിരക്ക് കൂട്ടുന്ന നടപടിയില്‍ നിന്ന് കേന്ദ്രബാങ്കായ ഫെഡറല്‍ ബാങ്ക് പിന്നോട്ടില്ലെന്നാണ് സൂചനകള്‍. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കഴിഞ്ഞമാസം 10.9 ശതമാനമാണ്. 1979ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനയാണിത്. ഹോട്ടല്‍ വാടക, ചികിത്സാച്ചെലവ്, വാഹനവില, വാഹന ഇന്‍ഷ്വറന്‍സ്, വൈദ്യുതി എന്നിവയുടെ നിരക്കും ഉയര്‍ന്നിട്ടുണ്ട്.

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹയുടെ പുതിയ പാന്‍-ഇന്ത്യ ബ്രാന്‍ഡ് കാമ്പെയ്ന്‍ ആരംഭിച്ചു. ‘ദ കോള്‍ ഓഫ് ദ ബ്ലൂ’ 3.0 എന്ന ഈ ക്യാപെയിന്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന സ്പോര്‍ടി, ആവേശം, സ്റ്റൈലിഷ് അനുഭവങ്ങള്‍ എടുത്തുകാട്ടുന്നു. ആവേശം, ശൈലി, കായികക്ഷമത’ എന്ന ബ്രാന്‍ഡിന്റെ ആഗോള പ്രതിച്ഛായയ്ക്കൊപ്പം ഉല്‍പ്പന്ന ആസൂത്രണം, വിപണനം, ഉപഭോക്തൃ ഇടപെടല്‍ തന്ത്രങ്ങള്‍ എന്നിവയ്ക്ക് സമാന്തരമായി യമഹയുടെ പുതിയ കാമ്പെയ്ന്‍ ആണിത്. യമഹയുടെ ഉല്‍പ്പന്നങ്ങളിലൂടെയും അനുബന്ധ അനുഭവങ്ങളിലൂടെയും യമഹ റേസിംഗിന്റെ ആവേശം വര്‍ധിപ്പിച്ച് ബ്രാന്‍ഡിന്റെ പ്രത്യേകത പ്രകടിപ്പിക്കാനാണ് യമഹ ലക്ഷ്യമിടുന്നത്. പ്രീമിയം വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എട്ട് പുതിയ ആഗോള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയതിനാല്‍ യമഹയുടെ വിപണി വിഹിതം 2018 ല്‍ 10 ശതമാനത്തില്‍ നിന്ന് 2021 ല്‍ 15 ശതമാനമായി വളരാന്‍ കാരണമായി.

സത്യത്തിന്റെ മാര്‍ഗത്തില്‍ പദമുറച്ചു മുന്നേറുവാനും, അപരിചിതരെ വിശ്വസിക്കുന്നതിനുമുമ്പ് രണ്ടുതവണ ആലോചിക്കുവാനും കുട്ടികളെ പ്രേരിപ്പിക്കുന്ന രചന. ഒരു മിഠായിപ്പൊതിയിലേതുപോലെ, ആസ്വാദ്യമായ രുചിഭേദങ്ങളോടെയുള്ള നിരവധി ബാലസാഹിത്യകൃതികള്‍ കൈരളിക്കു കൈനീട്ടംനല്കിയ സുമംഗലയാണ് രചയിതാവ്. ‘കളവിന്റെ വേദന’. എച്ചആന്‍ഡ്‌സി ബുക്‌സ്. വില 50 രൂപ.

കുരങ്ങുപനി ബാധിച്ചവര്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മൃഗങ്ങള്‍ക്ക് വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. രോഗലക്ഷണമുള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകിയ വളര്‍ത്തുമൃഗങ്ങളെ 21 ദിവസത്തേക്ക് വീട്ടില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ആഴ്ച ഒരു ഇറ്റാലിയന്‍ ഗ്രേഹൗണ്ടിന് വൈറസ് ബാധയുണ്ടായി എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇക്കാര്യം വീണ്ടും ശ്രദ്ധനേടുന്നത്. മൃഗത്തോടൊപ്പമാണ് ഉറങ്ങുന്നത് എന്നുപറഞ്ഞ ദമ്പതികളുടെ വളര്‍ത്തുനായക്കാണ് വൈറസ് സ്ഥിരീകരിച്ചത്. എലികളിലും മറ്റ് വന്യമൃഗങ്ങളിലും കുരങ്ങുപനി അണുബാധ കണ്ടെത്തിയിട്ടുണ്ട്, ഇത് മനുഷ്യരിലേക്കും വൈറസ് പടര്‍ത്തും. എന്നാല്‍ നായ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ കുരങ്ങുപനി ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.41, പൗണ്ട് – 96.05, യൂറോ – 80.64, സ്വിസ് ഫ്രാങ്ക് – 83.45, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.43, ബഹറിന്‍ ദിനാര്‍ – 210.66, കുവൈത്ത് ദിനാര്‍ -258.72, ഒമാനി റിയാല്‍ – 206.26, സൗദി റിയാല്‍ – 21.15, യു.എ.ഇ ദിര്‍ഹം – 21.62, ഖത്തര്‍ റിയാല്‍ – 21.81, കനേഡിയന്‍ ഡോളര്‍ – 61.68.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *