പാലക്കാട് സിപിഎം പ്രവര്ത്തകന് ഷാജഹാന് കൊല്ലപ്പെട്ട കേസില്‍ എട്ടു പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന ആറു പ്രതികളെ ഇന്നലെ പിടികൂടി. ഒന്നാം പ്രതി ശബരീഷ്, അനീഷ്, ശിവരാജന്, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഷാജഹാനെ ആദ്യം വെട്ടിയത് അനീഷ് ആണെന്നു പോലീസ്.
ഇന്ന് ഓഗസ്റ്റ് 17, ബുധനാഴ്ച, ചിങ്ങം ഒന്ന്. കൊല്ലവര്‍ഷാരംഭമായ ഇന്നു കര്‍ഷകദിനം കൂടിയാണ്. എല്ലാവര്ക്കും പുതുവല്‍സരത്തിന്റേയും കര്‍ഷകദിനത്തിന്റേയും ഐശ്വര്യാശംസകള്‍.
കേരള സര്‍ക്കാരിന്റെ ‘കേരള സവാരി’ ഓണ്‍ലൈന്‍ ടാക്സി സംവിധാനം ഇന്ന് ആരംഭിക്കും. യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും. ഇന്ന് ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും.
സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാനാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആളുകളെ പറ്റിക്കാനാണ് കിഫ്ബി എന്ന വിമര്‍ശനം നേരത്തേയും ഉണ്ടായിരുന്നു. അറുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി വഴി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലുകള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചാന്‍സലര്‍ ആയ തന്നെ ഇരുട്ടില്‍ നിര്‍ത്തുന്നു. ഗുരുതര ചട്ട ലംഘനമാണു നടക്കുന്നത്. തനിക്ക് ചാന്‍സലറുടെ അധികാരമുള്ളിടത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍.
വികസന പദ്ധതികള്‍ക്കു പണം കണ്ടെത്താനുള്ള നികുതി വരുമാനം വര്‍ധിപ്പിക്കാനാണ് ലക്കി ബില്‍ ആപ്പ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലക്കി ബില്‍ ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് വാങ്ങുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതി. ബില്‍ അപ് ലോഡ് ചെയ്യുന്നവരില്‍നിന്നു നറുക്കെടുത്ത് സമ്മാനങ്ങള്‍ നല്കുന്ന പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്.
കൊവിഡ് കരുതല്‍ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്കി. വാക്സിനേഷന് കാമ്പുകള്‍ സംഘടിപ്പിച്ചും കൂടുതല്‍ പേരിലേക്ക് കരുതല്‍ ഡോസ് എത്തിക്കണമെന്നാണ് നിര്‍ദേശം.
സോളാര്‍ കേസിലെ പ്രതി നല്കിയ ലൈംഗിക പീഡന പരാതിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. ഡല്‍ഹിയിലായിരുന്നു ചോദ്യം ചെയ്യല്‍. 2012 ല്‍ മന്ത്രിയായിരുന്ന എ.പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് ആരോപണം.
മന്ത്രിയുടെ യാത്രാറൂട്ട് മാറ്റിയതിന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത ഉത്തരവില്‍ മന്ത്രി അതൃപ്തി അറിയിച്ചെന്ന പരാമര്‍ശം ശരിയല്ലെന്ന് മന്ത്രി പി. രാജീവ്. തന്റെ റൂട്ട് നിശ്ചയിക്കുന്നത് പൊലീസാണെന്നും മന്ത്രി വ്യക്തമാക്കി.
സിറോ മലബാര്‍ സഭ അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി അടുത്തമാസം എട്ടിലേക്ക് മാറ്റി. ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അന്നു പരിഗണിക്കും. വിശദമായി വാദം കേള്‍ക്കേണ്ട കേസാണ് ഇതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.