വില്‍പനയില്‍ റെക്കോര്‍ഡുകള്‍ തിരുത്തുന്നത് ശീലമാക്കിയിരിക്കുകയാണ് വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. തുടര്‍ച്ചയായി അഞ്ചാം മാസവും വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ഓലയുടെ മുന്നേറ്റം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 53,000ത്തിലേറെ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല വിറ്റഴിച്ചത്. ഈ സാമ്പത്തിക വര്‍ഷം 3,28,785 സ്‌കൂട്ടറുകള്‍ വിറ്റ ഓല മുന്‍ വര്‍ഷത്തെ(1,52,741) അപേക്ഷിച്ച് 115 ശതമാനത്തിന്റെ വില്‍പന വളര്‍ച്ചയും സ്വന്തമാക്കി. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മാത്രം 1,19,310 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല വിറ്റത്. മൂന്നാം പാദത്തില്‍ 84,133 സ്‌കൂട്ടറുകളായിരുന്നു വിറ്റത്. 42 ശതമാനത്തിന്റെ വില്‍പന വളര്‍ച്ചയാണ് മുന്‍ പാദ വര്‍ഷത്തെ അപേക്ഷിച്ച് കൈവരിക്കാനായത്. ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ തന്നെയാണ് ഓലയുടെ ശ്രമം. എല്ലാ സ്‌കൂട്ടറുകള്‍ക്കും അധിക ചാര്‍ജ് ഈടാക്കാതെ 80,000 കി.മീ അല്ലെങ്കില്‍ എട്ടു വര്‍ഷം(ഏതാണോ ആദ്യം) വാറണ്ടി നല്‍കാനുള്ള തീരുമാനം ഇതിലൊന്നാണ്. വാറണ്ടി 4,999 രൂപ നല്‍കി 1,25,000 കി.മീ വരെ ദീര്‍ഘിപ്പിക്കാനും ഓല ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. നിലവില്‍ ആറ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓല വിപണിയിലെത്തിക്കുന്നുണ്ട്. എസ് 1 പ്രോ, എസ് 1 എയര്‍, എസ് 1 എക്സ് +, എസ് 1 എക്സ്-2കിലോവാട്ട്അവര്‍, 3കിലോവാട്ട്അവര്‍, 4കിലോവാട്ട്അവര്‍ എന്നിവയാണ് അവ.