P8 yt cover

https://dailynewslive.in/ മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റോസ് അവന്യു കോടതി ഉത്തരവിട്ടു. കെജ്രിവാളിനെ തിഹാര്‍ ജയിലിലേക്കായിരിക്കും മാറ്റുക. കെജ്രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും, ഭാവിയില്‍ തങ്ങള്‍ക്ക് കസ്റ്റഡി ആവശ്യമായി വരുമെന്നും ഇഡി കോടതിയെ അറിയിച്ചു. കെജ്രിവാള്‍ ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ഡിവൈസുകളുടെ പാസ്വേഡുകള്‍ നല്‍കിയിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് മറുപടിയെന്നും ഇഡി കോടതിയില്‍ വാദിച്ചു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ചെയ്യുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നു അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു.

https://dailynewslive.in/ ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 3500 കോടി രൂപയുടെ കുടിശ്ശികയില്‍ നിലവില്‍ നടപടി സ്വീകരിക്കരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍നനിന്ന് നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ യാതൊരു നടപടിയും ഉണ്ടാവില്ലെന്നും ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. കേസ് ജൂലൈ 24 ലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ നീക്കമെന്നും കോണ്‍ഗ്രസ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

https://dailynewslive.in/ കടമെടുപ്പ് പരിധിയിലെ ഹര്‍ജിയിന്‍ മേല്‍ കൂടുതല്‍ കടം എടുക്കാന്‍ കേരളത്തിന് നിലവില്‍ അനുവാദമില്ലെന്നും തല്‍ക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഒരു വര്‍ഷം അധികകടം എടുത്താല്‍ അടുത്ത വര്‍ഷത്തില്‍ നിന്ന് കുറയ്ക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഭരണഘടനയുടെ 293-ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാല്‍ വിഷയം ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി. ഹര്‍ജി തളളാതെ പരിഗണിക്കുന്നുവെന്നത് മാത്രമാണ് കേരളത്തിന് ആശ്വാസകരമായുളളത്. എന്നാല്‍ ഭരണഘടനാ ബെഞ്ചിന് വിട്ടതിനാല്‍ ഉടന്‍ വിധിയുണ്ടാകില്ലെന്നാണ് സൂചന.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് കണ്ടെത്തിയ സിപിഎമ്മിന്റെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇഡി തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും ആര്‍ബിഐക്കും കൈമാറി. സഹകരണ നിയമങ്ങള്‍ ലംഘിച്ചും, ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകള്‍ തുടങ്ങിയതെന്നാണ് ഇ ഡി യുടെ ആരോപണം. ഭൂമി ഇടപാടുകളില്‍ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകള്‍ക്കുള്ള പണം വിതരണം ചെയ്യാനും അക്കൗണ്ടുകള്‍ ഉപയോഗിച്ചുവെന്നും, ഓഡിറ്റ് വിവരങ്ങളില്‍ നിന്ന് ഇക്കാര്യങ്ങള്‍ മറച്ച് വച്ചെന്നും ഇവയെല്ലാം ഗൗരവമായി പരിഗണിക്കണമെന്നുമാണ് ഇഡി യുടെ ആവശ്യം.

https://dailynewslive.in/ ഇന്ത്യ സഖ്യത്തിന്റെ മഹാറാലി ബിജെപിക്കെതിരായ ശക്തമായ മുന്നറിയിപ്പായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുമ്പോള്‍ കോണ്‍ഗ്രസിന് ബിജെപി അനുകൂല നിലപാടാണെന്നും, കേജ്രിവാളിനെ കേസില്‍ കുടുക്കണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് ആണെന്നും അത് തെറ്റായിപ്പോയെന്ന് പറയാന്‍ കോണ്‍ഗ്രസ് ആര്‍ജവം കാണിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ച് പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജി വച്ചു. സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം അറിയിക്കുന്നതായി കത്തില്‍ പറയുന്നു. അക്കാദമിയുടെ ഭരണഘടനപോലും തിരുത്തിയെഴുതാനാണ് രാഷ്ട്രീയ യജമാനന്മാര്‍ ശ്രമിക്കുന്നതെന്നും ജനാധിപത്യപരമായ സ്വയംഭരണാവകാശമുള്ള ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നായ അക്കാദമി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ നിശബ്ദമായി നോക്കിയിരിക്കാന്‍ കഴിയില്ലെന്നും സി.രാധാകൃഷ്ണന്‍ കത്തില്‍ വ്യക്തമാക്കുന്നു.

https://dailynewslive.in/ കാട്ടാനയുടെ ആക്രമണത്തില്‍ പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്നുമല സ്വദേശി ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പേര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. ഞങ്ങള്‍ ആരെയും ദ്രോഹിക്കുന്നില്ലെന്നും ഞങ്ങളെ ആരെയും ദ്രോഹിക്കാതിരുന്നാല്‍ മതിയെന്നും സാധാരണക്കാരായ കര്‍ഷകരാണെന്നും ശാശ്വത പരിഹാരമുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആന്റോ ആന്റണി എംപിയും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്. മനുഷ്യത്വം ഉണ്ടെങ്കില്‍ സംഭവം നടന്നിട്ട് ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എങ്കിലും അവിടേക്ക് വരേണ്ടെയെന്നും നിരുത്തരവാദപരമായ സമീപനമാണ് അധികൃതരുടേതെന്നും ആന്റോ ആന്റണി എംപി ആരോപിച്ചു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

https://dailynewslive.in/ ദില്ലിയില്‍ കെട്ടിപിടുത്തവും വയനാട്ടില്‍ മത്സരവും എങ്ങനെ നടക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ദില്ലിയിലെ റാലിയില്‍ രാഹുലും ആനിരാജയും ഒരുമിച്ചു നില്‍ക്കുന്നുവെന്നും, ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ എന്ത് കൊണ്ടാണ് അയോദ്ധ്യ ക്ഷേത്രം സന്ദര്‍ശിക്കാത്തതെന്നും മറ്റു പല ക്ഷേത്രങ്ങളിലും പോവാറില്ലേയെന്നും മുസ്ലിം ലീഗ്, ജമാഅത്ത് ഇസ്ലാമി, സമസ്ത എന്നിവരെ പേടിച്ചാണ് പോകാത്തതെന്നും ഏപ്രില്‍ 26 കഴിഞ്ഞാല്‍ രാഹുല്‍ അയോദ്ധ്യയില്‍ പോകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ബജറ്റില്‍ വര്‍ദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിന്‍വലിച്ചില്ലെങ്കില്‍ ബെവ്ക്കോ നഷ്ടത്തിലാകുമെന്ന് കാണിച്ച് എക്സൈസ് മന്ത്രിക്ക് ബെവ്ക്കോ എംഡിയുടെ കത്ത്. വെയര്‍ ഹൗസുകളില്‍ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്ക്കോ സര്‍ക്കാരിന് നല്‍കേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. നിലവില്‍ ലിറ്ററിന് 5 പൈസയാണ് നല്‍കിയിരുന്നത്. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ അത് പത്തു രൂപയായി ഉയരും. 300 കോടിയുടെ നഷ്ടം ഇതുവഴി ബെവ്ക്കോയ്ക്ക് ഉണ്ടാകുമെന്നാണ് എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കില്‍ ബെവ്ക്കോക്ക് പിടിച്ചുനില്‍ക്കാന്‍ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയര്‍ത്തേണ്ടിവരുമെന്നാണ് സൂചന.

https://dailynewslive.in/ കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്നു. എന്നാല്‍ തകര്‍ന്നതല്ല, കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുവെച്ചതാണെന്നാണ് ഡിടിപിസിയുടെ വിശദീകരണം. നേരത്തെ വര്‍ക്കല ബീച്ചിലെയും തൃശൂര്‍ ചാവക്കാട്ടെ ബീച്ചിലെയും ഫ്ലോട്ടിങ് ബ്രിഡ്ജുകള്‍ തകര്‍ന്നിരുന്നു.

https://dailynewslive.in/ കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാല മുന്നറിയിപ്പ് തുടരും. രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഈ പ്രതിഭാസം തീരത്തെ മറ്റിടങ്ങളിലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, ഇത് കണക്കിലെടുത്ത് തീരദേശവാസികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

https://dailynewslive.in/ കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫിനായിരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി. ബി.ജെ.പി വിരുദ്ധമുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്നതാണ് കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് യു ഡി എഫ് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം അടങ്ങിയ പുസ്തക വിതരണം പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് യു ഡി എഫ് പരാതി നല്‍കിയിരിക്കുന്നത്. ആറ്റിങ്ങല്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കരകുളം കൃഷ്ണപിള്ളയാണ് മുഖ്യമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് പരാതി നല്‍കിയത്.

https://dailynewslive.in/ റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും, കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട വിധി സമൂഹത്തില്‍ ഞെട്ടലുണ്ടാക്കി. വധക്കേസില്‍ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. റിയാസ് മൗലവിയുടെ ഭാര്യ നിര്‍ദേശിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയാണ് നിയമിച്ചത്. ഒരു ഘട്ടത്തിലും പരാതി ഉയര്‍ന്നിരുന്നില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയെന്ന് കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ തെങ്ങില്‍ നിന്നും വീണു പരിക്കൊന്നും പറ്റിയില്ല, പക്ഷെ തല പോയെന്നു പറഞ്ഞ പോലെയാണ് റിയാസ് മൗലവി വധക്കേസില്‍ മുഖ്യമന്ത്രിയുടെ വാദമെന്ന് പരിഹസിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി. വര്‍ത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണം. പ്രതികള്‍ ഈസി ആയി ഊരിപ്പോയി, എന്നിട്ട് കേസ് നല്ല പോലെ നടത്തി എന്നത് വിചിത്ര വാദമാണ്. ഒരുപാട് കേസില്‍ ഇങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റിയാസ് മൗലവി വധത്തില്‍ പ്രതികളെ രക്ഷപ്പെടുത്തിയതല്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും ഈ കേസില്‍ അന്വേഷണം മര്യാദക്ക് നടന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അച്ഛന്‍ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി എം.എം മണി, എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ഗൗരവതരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വെറ്ററിനറി കോളേജില്‍ സ്ഥിരമായി എത്തിയിരുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കും കൊലപാതകം ആസൂത്രണം ചെയ്തത് എന്ന സിദ്ദാര്‍ത്ഥന്റെ അച്ഛന്റെ പ്രതികരണം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു.

https://dailynewslive.in/ മുതലപ്പൊഴിയില്‍ രണ്ടു വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞായിരുന്നു ആദ്യത്തെ അപകടം. ഇതിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇതിനുപിന്നാലെ മറ്റൊരു വള്ളം മറിഞ്ഞ് ഒരാള്‍ കടലിലേക്ക് തെറിച്ച് വീണു. കടലാക്രമണം രൂക്ഷമായിരിക്കെ ഇന്നലെ വൈകിട്ടും മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞിരുന്നു. മുന്നോട്ട് നീങ്ങിയ ബോട്ട് ടെട്രാപോഡില്‍ ഇടിച്ചതോടെയാണ് ബോട്ടിലുണ്ടായിരുന്ന ഒരാള്‍ വെള്ളത്തിലേക്ക് തെറിച്ചുവീണ് അപകടമുണ്ടായത്. തെറിച്ചുവീണ ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

https://dailynewslive.in/ മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മപരിപാടി തയ്യാറാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. മനുഷ്യ-വന്യജീവി സംഘര്‍ഷം എല്ലാ സംസ്ഥാനങ്ങളിലുമുണ്ടെന്നും നിങ്ങള്‍ കടുവയെ പഠിപ്പിക്കാന്‍ പോകുകയാണോയെന്നും പി.വി അന്‍വറിന്റെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു. കര്‍മ പരിപാടി തയ്യാറാക്കുന്നതിന് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപവത്കരിക്കണമെന്നായിരുന്നു അന്‍വറിന്റെ ഹര്‍ജി. എന്നാല്‍, ഇതിനോടകംതന്നെ കര്‍മ പരിപാടി രൂപവത്കരിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

https://dailynewslive.in/ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ 2 മാസങ്ങളിലായി 41.50 രൂപയാണ് കൂട്ടിയത്. അതേ സമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

https://dailynewslive.in/ പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തില്‍ അനുജയുടെ മരണം അന്വേഷിക്കണമെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആവശ്യപ്പെട്ട് അച്ഛന്‍ രവീന്ദ്രന്‍ നൂറനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മകളെ ഹാഷിം ഭീഷണിപ്പെടുത്തിയാണ് ട്രാവലറില്‍ നിന്ന് ഇറക്കിയത്. തുടര്‍ന്ന് ബലമായി കാറില്‍ കയറ്റി ലോറിയില്‍ ഇടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പരാതി. ഇതേക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ട് വരണം എന്നാണ് പൊലീസിന് നല്‍കിയ പരാതിയിലെ ആവശ്യം.

https://dailynewslive.in/ പട്ടാഴിമുക്ക് കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസില്‍ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാര്‍ മനഃപൂര്‍വം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് പൊലീസ് നടപടി. ലോറി ഡ്രൈവര്‍ക്കെതിരെ ചുമത്തിയ മനഃപൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതോടൊപ്പം അനുജയുടെയും ഹാഷിമിന്റെയും ബാങ്ക് ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായ ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കും.

https://dailynewslive.in/ മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് ഇഡി നല്‍കിയ പുതിയ സമന്‍സില്‍ വെള്ളിയാഴ്ചവരെ കടുത്ത നടപടികള്‍ പാടില്ലെന്നും തല്‍സ്ഥിതി തുടരണമെന്നും ഹൈക്കോടതി. സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ നിര്‍ദ്ദേശം. ഹര്‍ജിയില്‍ ഇഡിയുടെ വിശദീകരണം തേടിയ കോടതി വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കാന്‍ കേസ് മാറ്റി.

https://dailynewslive.in/ തന്റെ മൂന്ന് മക്കളും തുണ്ടമാക്കിയാല്‍ പോലും ബിജെപിയില്‍ പോകില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ. മക്കള്‍ ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍. യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് അച്ചു ഉമ്മന്‍ മാത്രമല്ല കുടുംബം മുഴുവന്‍ എത്തുമെന്നും മറിയാമ്മ അറിയിച്ചു.

https://dailynewslive.in/ ഇതരസംസ്ഥാനക്കാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന, ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവര്‍ ആയിരുന്ന, മുല്ലശ്ശേരി കനാല്‍ റോഡിലെ വിനോദ് മരിച്ചു. വളര്‍ത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് വിനോദിനെ ഇതരസംസ്ഥാനക്കാരാരായ നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ചതിനെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ബോധ രഹിതനാകുകയുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് 11.30 ഓടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.

https://dailynewslive.in/ വര്‍ക്കലയിലെ വിനോദസഞ്ചാരകേന്ദ്രമായ പാപനാശത്ത് നിയന്ത്രണം തെറ്റിയ ട്രാവലര്‍ വാന്‍ കടയുടെ മുന്നില്‍ ഇരിക്കുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും ഇടിച്ചിട്ടു. വഴിയരികില്‍ നിന്നയാള്‍ക്കും പരിക്കേറ്റു. അപകടത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കോഴഞ്ചേരി സ്വദേശിയായ ഡ്രൈവറെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.

https://dailynewslive.in/ സ്വര്‍ണവില ഇന്നും പുത്തന്‍ റെക്കോഡില്‍. ഗ്രാമിന് 85 രൂപ ഉയര്‍ന്ന് വില 6,360 രൂപയായി. 680 രൂപ വര്‍ധിച്ച് 50,880 രൂപയാണ് പവന്‍വില. രണ്ടും കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ്. കഴിഞ്ഞമാസം 29ന് കുറിച്ച ഗ്രാമിന് 6,300 രൂപയും പവന് 50,400 രൂപയുമെന്ന റെക്കോഡാണ് ഇന്ന് പഴങ്കഥയായത്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 75 രൂപ വര്‍ധിച്ച് എക്കാലത്തെയും ഉയരമായ 5,315 രൂപയിലെത്തി. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 82 രൂപയാണ് വെള്ളിവില. ഇതും റെക്കോഡാണ്. ആഗോളതലത്തില്‍ ഡിമാന്‍ഡ് ഏറിയതോടെ രാജ്യാന്തരവിലയും പുതിയ ഉയരത്തിലേക്ക് കുതിക്കുകയാണ്. ഒരുമാസം മുമ്പുവരെ ഔണ്‍സിന് 1,981 ഡോളര്‍ നിരക്കിലായിരുന്ന രാജ്യാന്തരവില ഇന്നുള്ളത് 2,259 ഡോളറിലാണ്. ഇന്നുമാത്രം 15 ഡോളര്‍ ഉയര്‍ന്നു. ഇതിന് ആനുപാതികമായാണ് കേരളത്തിലെ വിലയും കൂടിയത്. കഴിഞ്ഞവാരാന്ത്യത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതുമൂലം ഇറക്കുമതിച്ചെലവിലുണ്ടായ വര്‍ധനയും ആഭ്യന്തരവില കൂടാനിടയാക്കി. ഇന്നൊരു പവന്‍ ആഭരണം വാങ്ങാന്‍ 55,082 രൂപയെങ്കിലും കൊടുക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. 50,880 രൂപയാണ് ഒരു പവന്‍ വില. ഇതിനൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേരുമ്പോഴാണ് ഒരു പവന്‍ ആഭരണത്തിന് വില 55,000 രൂപ കടക്കുന്നത്. അതേസമയം, മനസ്സിനിഷ്ടപ്പെട്ട മികച്ച ഡിസൈനുകളുള്ള സ്വര്‍ണാഭരണങ്ങളാണ് വാങ്ങാന്‍ ശ്രമിക്കുന്നതെങ്കില്‍, ഡിസൈന് അനുസരിച്ച് പണിക്കൂലിയും കൂടൂം. അത്തരം ആഭരണങ്ങള്‍ക്ക് 20-30 ശതമാനം വരെ പണിക്കൂലിയും ഉണ്ടാകും. അത്തരം ആഭരണങ്ങള്‍ക്ക് വില 60,000 രൂപയ്ക്കും മേലെയായിരിക്കും.

https://dailynewslive.in/ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഇതിനോടകം തന്നെ നിരവധി ഫീച്ചറുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചറുകള്‍. ഇതില്‍ ഒന്നാണ് ലോക്ക്ഡ് ചാറ്റ് ഫീച്ചര്‍. നിലവില്‍ പ്രൈമറി ഡിവൈസില്‍ മാത്രമാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുക. പ്രൈമറി ഡിവൈസുമായി (മൊബൈല്‍ ഫോണ്‍) ബന്ധിപ്പിച്ചിരിക്കുന്ന ലിങ്ക്ഡ് ഡിവൈസുകളിലും കൂടി ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചറായി ഉടന്‍ തന്നെ ഈ അപ്‌ഡേഷന്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രഹസ്യ കോഡ് ഉപയോഗിച്ച് ചാറ്റുകള്‍ സംരക്ഷിക്കുന്നതാണ് ലോക്ക്ഡ് ചാറ്റ് ഫീച്ചര്‍. ചാറ്റ് ലിസ്റ്റില്‍ നിന്ന് മറച്ചുപിടിക്കുന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് ഇത് ആക്‌സസ് ചെയ്യാന്‍ സാധിക്കില്ല. പ്രൈമറി ഫോണില്‍ രഹസ്യ കോഡ് ഉണ്ടാക്കി, ഇത് ഉപയോഗിച്ച് ലിങ്ക്ഡ് ഡിവൈസിലെ ലോക്ക്ഡ് ചാറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്നവിധമാണ് പുതിയ ഫീച്ചര്‍ വരുന്നത്.

https://dailynewslive.in/ സുന്ദര്‍ സിയുടെ സംവിധാനത്തില്‍ ‘അരണ്‍മനൈ’യുടെ നാലാം ഭാഗം വരുന്നു. തമിഴ് ഹൊറര്‍ കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തുന്നത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സുന്ദര്‍ സി തന്നെയാണ് ആരണ്‍മനൈ 4ന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ തമിഴകത്ത് വന്‍ ട്രോളുകളാണ് വരുന്നത്. മൂന്ന് ഭാഗത്തും വന്ന കഥയുടെ അതേ രീതിയില്‍ തന്നെയാണ് നാലാം ഭാഗത്തും കഥയെന്നാണ് വിമര്‍ശനം. ഒരു ഭൂതകാല വഞ്ചന നേരിട്ട പ്രേതം, അത് കയറുന്ന ഒരു വ്യക്തി അവര്‍ താമസിക്കുന്ന വീട്. അത് ഒഴിപ്പിക്കാന്‍ വരുന്ന സുന്ദര്‍ സി ഇങ്ങനെ സ്ഥിരം ഫോര്‍മുലയിലാണ് ഈ ചിത്രങ്ങള്‍ വരുന്നത് എന്നാണ് പൊതുവില്‍ വിമര്‍ശനം. അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ പോലെ സുന്ദറിന്റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രം ഏപ്രില്‍ 11ന് റിലീസ് ചെയ്യും. അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ല്‍ ആയിരുന്നു പുറത്തിറങ്ങിയത്. 2016ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹന്‍സികയും അഭിനയിച്ചിരുന്നു.

https://dailynewslive.in/ തന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടിയും മലയാളി മോഡലുമായ ആരാധ്യ ദേവി. പുതിയ ചിത്രമായ ‘സെക്രട്ടറി’യില്‍ നിന്നുള്ള ചിത്രങ്ങളാണ് ആരാധ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ആരാധ്യ നായികയായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയത്. ആര്‍ജിവി ആയിരുന്നു ഇക്കാര്യം പങ്കുവച്ചത്. ആരാധ്യ ദേവി എന്നാകും ഇനി മുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലും തന്റെ പേര് ആരാധ്യ എന്നാക്കി മാറ്റിയിട്ടുണ്ട്. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സാരിയുടുത്തുള്ള ശ്രീലക്ഷ്മിയുടെ റീല്‍ കണ്ടാണ് ആര്‍ജിവി നടിയെ തന്റെ സിനിമയില്‍ നായികയാക്കിയത്. ഈ പെണ്‍കുട്ടി ആരെന്ന് അറിയാമോ എന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചിരുന്നു. പിന്നീടാണ് ഈ പെണ്‍കുട്ടി മലയാളി മോഡലാണെന്ന് ആര്‍ജിവി അറിയുന്നത്. പിന്നാലെ തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

https://dailynewslive.in/ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പ്രീമിയം പ്ലാറ്റ്‌ഫോം ഇലക്ട്രിക്ക് അടിസ്ഥാനമാക്കിയുള്ള ആദ്യ കാര്‍ ക്യു6 ഇ ട്രോണ്‍ ഔഡി പുറത്തിറക്കി. ഫീച്ചറുകള്‍ കൊണ്ടും പ്രകടനം കൊണ്ടും സമ്പന്നമായ ക്യു6 ട്രോണില്‍ മറ്റൊരു സവിശേഷതകൂടിയുണ്ട്. ഒഎല്‍ഇഡി ലൈറ്റിങ് സാങ്കേതികവിദ്യയുമായി എത്തുന്ന ലോകത്തെ ആദ്യത്തെ വാഹനമാണ് ഔഡി 6. ചുറ്റുമുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കുന്നവയായിരിക്കും ഔഡി ക്യു6 ഇ ട്രോണിന്റെ പിന്നിലെ ഒഎല്‍ഇഡി ലൈറ്റുകള്‍. എട്ട് വ്യത്യസ്ത സിഗ്നേച്ചര്‍ ഡിസൈനുകളില്‍ ഏതു വേണമെങ്കിലും ക്യു6 ഇ ട്രോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാനാവും. 100കിലോവാട്ട്അവര്‍ ലിഥിയം അയേണ്‍ ബാറ്ററിയാണ് ക്യു6 ഇ ട്രോണിലുള്ളത്. 390 ബിഎച്ച്പി കരുത്തുള്ള ഈ വാഹനം ലോഞ്ച് കണ്‍ട്രോള്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ 517 ബിഎച്ച്പി കരുത്തില്‍ കുതിക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.9 സെക്കന്‍ഡ് മതിയെങ്കില്‍ ലോഞ്ച് കണ്‍ട്രോള്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ ഇത് വെറും 4.3 സെക്കന്‍ഡായി മാറും. ഒറ്റ ചാര്‍ജില്‍ ലഭിക്കുന്ന റേഞ്ച് 613 കിമീ. വെറും പത്തു മിനുറ്റില്‍ 250 കിമി യാത്ര ചെയ്യാന്‍ വേണ്ട ചാര്‍ജു ചെയ്യാനാകുമെന്നും പത്തു ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് 21 മിനുറ്റുകൊണ്ടെത്തുമെന്നും ഔഡി വാഗ്ദാനം ചെയ്യുന്നു.

https://dailynewslive.in/ ഈ ഭൂമിയിലെ സകലതും തങ്ങള്‍ക്കുകൂടി ആസ്വദിക്കാനുള്ള താണെന്ന തിരിച്ചറിവ് സ്ത്രീകള്‍ ക്കുണ്ടാകണമെന്നും ഒന്നിനു വേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ നോവല്‍. ആകാശത്തോളമുള്ള സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ കഥ. ‘മധുരവേട്ട’. ബിനീഷ് പുതുപ്പണം. ഡിസി ബുക്സ്. വില 162 രൂപ.

https://dailynewslive.in/ കടകളില്‍ നിന്നും മിനറല്‍ വാട്ടര്‍ വാങ്ങുമ്പോള്‍ ആ കുപ്പിക്ക് പുറത്ത് എക്സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കുപ്പിയുള്ള വെള്ളത്തിന് വേണ്ടിയുള്ളതാണ് ആ ഡേറ്റ് എന്ന് ആരും തെറ്റിദ്ധരിക്കരുതേ… കാരണം അത് വെള്ളത്തിനുള്ളതല്ല വെള്ളം ഒഴിച്ചു സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചരിക്കുന്ന കുപ്പിക്ക് വേണ്ടിയുള്ളതാണ്. കുപ്പിവെള്ളം വാങ്ങിയ പ്ലസ്റ്റിക് കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളമൊഴിച്ച് ഉപയോഗിക്കുന്ന ശീലക്കാരാണ് നമ്മള്‍ എല്ലാവരും. ഒറ്റതവണ മാത്രം ഉപയോഗിക്കേണ്ട പ്ലാസ്റ്റിക് കുപ്പികള്‍ നിരവധി തവണ ഉപയോഗിക്കുന്നതിലുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരാണെങ്കിലും ഈ ശീലം ഉപേക്ഷിക്കാന്‍ ആരും തയ്യാറാകില്ല. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായി അടുത്തിടെ ഒരു പഠനറിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. മനുഷ്യനുള്‍പ്പടെ എല്ലാ ജീവജാലങ്ങള്‍ക്കും നാനോ പ്ലാസ്റ്റിക് വളരെ അപകടകരമാണ്. പ്രതിരോധ ശേഷിയെ ഇവ വലിയതോതില്‍ ബാധിക്കാം. കൂടാതെ ശരീരത്തില്‍ ഇന്‍സുലിന്‍ മരുന്നുകളുടെ പ്രവര്‍ത്തനത്തെയും ഇവ ബാധിക്കാം. വന്ധ്യത മുതല്‍ കാന്‍സറിന് വരെ നാനോ പ്ലാസ്റ്റിക് കാരണമാകാം. മനുഷ്യന്റെ മുടിയുടെ ഏഴില്‍ ഒരു ഭാഗം മാത്രമാണ് നാനോ പ്ലാസ്റ്റികിന്റെ വലിപ്പം. മനുഷ്യന്റെ രക്തത്തിലും മുലപ്പാലിലും വരെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. മൈക്രോ പ്ലാസ്റ്റിക്കിനെ തടയുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രധാനമായും വായുവിലൂടെയും വെള്ളത്തിലൂടെയുമാണ് മൈക്രോപ്ലാസ്റ്റിക്ക് ശരീരത്തിലെത്തുന്നത്. വെള്ളം തിളപ്പിക്കുന്നത് മൈക്രോ പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്നില്ല. വളരേയധികം തവണ ഫില്‍ടര്‍ ചെയ്ത വെള്ളം കുടിക്കുകയാണ് മൈക്രോപ്ലാസ്റ്റിക്കിനെ ഒരു പരിധി വരേയെങ്കിലും തടയാനുള്ള വഴി. മിനറല്‍ വാട്ടര്‍ കുപ്പികള്‍ ഒഴിവാക്കി കട്ടി കൂടുതലുള്ള ഗ്ലാസ് ബോട്ടിലുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ടാപ്പുകളില്‍ നിന്നും മറ്റും നേരിട്ട് വെള്ളം കുടിക്കുന്നത് നല്ലതല്ല.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.40, പൗണ്ട് – 105.26, യൂറോ – 89.95, സ്വിസ് ഫ്രാങ്ക് – 92.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.42, ബഹറിന്‍ ദിനാര്‍ – 221.53, കുവൈത്ത് ദിനാര്‍ -271.09, ഒമാനി റിയാല്‍ – 216.68, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.91, കനേഡിയന്‍ ഡോളര്‍ – 61.64.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *