പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സിയുടെ ‘ആടുജീവിതം’ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. ‘ഒനിന്നെ കിനാവ് കാണും കണ്ണിലാകെ….’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ടൈറ്റില്‍ ഓമനേ… എന്നാണ്. ചിന്മയിയും വിജയ് യേശുദാസും രക്ഷിത സുരേഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എആര്‍ റഹ്മാനാണ്. മാര്‍ച്ച് 28-നാണ് ‘ആടുജീവിതം’ തീയറ്ററുകളിലെത്തുന്നത്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജാണ് കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ‘ആടുജീവിതം’. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ് , കെ ആര്‍ ഗോകുല്‍, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.