ആർഎൽവി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവര്‍ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തി. കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് എന്നാണ് വി ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. അതോടൊപ്പം ജാതി വർണ്ണവിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാ ഹീനമായി നിലനിൽക്കുന്നുവെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദനും വ്യക്തമാക്കി. രാമകൃഷ്ണന്റെ കൂടെനിൽക്കുവാൻ കലാലോകം ബാദ്ധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും, നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സത്യഭാമ വ്യക്തമാക്കി. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം. കലോത്സവത്തില്‍ പല കുട്ടികളും മേക്കപ്പിന്റെ ബലത്തിലാണ് രക്ഷപ്പെടുന്നതെന്നും സത്യഭാമ ആരോപിച്ചു.