ഗൂഗിൾ എന്ന സെർച്ച് എൻജിൻ ഉപയോഗിക്കാത്തവർ ചുരുക്കമാണ്. എന്ത് കാര്യത്തെക്കുറിച്ച് അറിയുവാനും ഇന്ന് നമ്മുടെ വഴികാട്ടിയായി ഗൂഗിൾ മാറിയിരിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉള്ള ഉത്തരവും, മാത്രമല്ല റൂട്ട് ക്ലിയർ ആക്കി തരാൻ ഗൂഗിൾ മാപ്പ് വരെ ഇന്ന് നിലവിലുണ്ട്. ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാൻ ആവാത്ത ഘടകം ആയി ഗൂഗിൾ എന്ന സെർച്ച് എൻജിൻ മാറികഴിഞ്ഞു. ഗൂഗിളിന് ആ പേര് ലഭിച്ചത് എങ്ങനെയാണ് എന്ന് അറിയേണ്ടേ….!!
ഇൻറർനെറ്റ് ഉപയോഗിച്ച് എന്തിനെക്കുറിച്ചും അറിയാനുള്ള തിരച്ചിൽ നടത്താം, അതോടൊപ്പം തന്നെ വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ കൂടി പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയാണ് ഗൂഗിൾ. ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാനമാണ് ഗൂഗിൾ. ലോകത്തിലുള്ള എല്ലാത്തിനെയും കുറിച്ച് അറിവുകൾ ശേഖരിക്കുകയും അത് എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യുന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്.
സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥികളായിരുന്ന ലാറി പേജ്, സെർജി ബ്രിൻ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിൾ എന്ന ചിന്ത ഉണ്ടായത്. 1996 ജനുവരിയിലായിരുന്നു ഇവർ ഗവേഷണത്തിനു തുടക്കമിട്ടത്. വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയൽ ക്രമീകരിക്കാമോ എന്ന പരീക്ഷണമാണ് ഇവർ തുടങ്ങിയത്. അതുവരെ ഒരാൾ തിരയുന്ന പദം എത്ര തവണ പേജിലുണ്ട് എന്നു നോക്കുക മാത്രമായിരുന്നു വെബ്‌തിരയൽ സംവിധാനങ്ങളുടെ ശൈലി. പലപ്പോഴും പരസ്പര ബന്ധമില്ലാത്ത ഫലങ്ങൾ ഇത്തരം തിരയലുകൾ തരുമെന്നതിൽ സംശയമില്ല. തങ്ങളുടെ പുതിയ തിരച്ചിൽ സംവിധാനത്തിന് ബാക്ക് റബ് എന്ന പേരാണ് ലാറിയും സെർജിയും നൽകിയത്. ബാക് ലിങ്കുകളിൽ നിന്നും സെർച്ച് ഫലങ്ങളും കണ്ടെത്തിയിരുന്നു.
അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നും പിറവിയെടുത്തതാണ് ഗൂഗിൾ എന്ന പദം. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു അവർ ഇതിലൂടെ നൽകാൻ ഉദ്ദേശിച്ചത്. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി.
ഏതായാലും തങ്ങൾക്കു പറ്റിയ അക്ഷരപ്പിശക് മറ്റാരെയും വഴിതെറ്റിക്കരുത് എന്ന ചിന്ത ഗൂഗിൾ ഉടമകൾക്ക് ഉണ്ടെന്നുള്ളതാണു രസകരമായ വസ്തുത. ഗൂഗിൾ എന്ന് ടൈപ് ചെയ്യുമ്പോൾ വന്നുപോയേക്കാവുന്ന അക്ഷരപ്പിശകുകളുടെ ഫലങ്ങളെല്ലാം ഡൊമെയ്ൻ പദങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് gogle.com, googel.com എന്നിങ്ങനെ തെറ്റായി ടൈപ് ചെയ്താലും ചെന്നെത്തുന്നത് ഗൂഗിളിൽ തന്നെയായിരിക്കും. ഗൂഗിളിനു സദൃശമായ അക്ഷരത്തെറ്റുകളെല്ലാം ഇപ്രകാരം ശരിയായ ഡൊമെയിൻ നാമത്തിലേക്കു വഴിതിരിച്ചു വിട്ടിരിക്കുകയാണ്.
പരീക്ഷണങ്ങൾ ഫലപ്രാപ്തിയിലെത്തിയതോടെ 1997 സെപ്റ്റംബർ 15ന് ഗൂഗിൾ എന്ന ഡൊമെയിൻ നാമം രജിസ്റ്റർ ചെയ്യപ്പെട്ടു. ഒരുവർഷത്തിനു ശേഷം കാലിഫോർണിയയിൽ ഒരു സുഹൃത്തിന്റെ ഗാരേജിൽ ലാറിയും സെർജിയും തങ്ങളുടെ കമ്പനിയുടെ പ്രവർത്തനമാരംഭിച്ചു. 1999 സെപ്റ്റംബർ 21 വരെ ഗൂഗിൾ സെർച്ച് ബീറ്റാ വെർഷനിലായിരുന്നു പ്രവർത്തിച്ചത്. ലളിതമായ രുപകൽപനയായിരുന്നു ഗൂഗിൾ സെർച്ച് എൻജിന്റെ പ്രധാന ആകർഷണം. ചിത്രങ്ങൾ അധികമൊന്നും നൽകാതെയുള്ള ഈ ലാളിത്യ മുഖം ഗൂഗിൾ പേജുകൾ ലോഡ് ചെയ്യുന്നത് എളുപ്പമാക്കി. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഇടയിൽ ഗൂഗിൾ പെട്ടെന്നു പ്രശസ്തമായി. 2000-ൽ സെർച്ച് കീ വേർഡിനനുസരിച്ച് ഗൂഗിളിൽ പരസ്യങ്ങൾ നൽകാൻ തുടങ്ങി. ഗൂഗിളിന്റെ വരുമാനവും ഇതോടെ കുതിച്ചുയർന്നു. സമകാലീനരായ ഒട്ടേറെ ഡോട്ട്കോം സംരംഭങ്ങൾ പരാജയപ്പെട്ടപ്പോഴും കാർഷെഡിൽ പ്രവർത്തനമാരംഭിച്ച ഗൂഗിൾ വിജയ ഗാഥകൾ രചിച്ചു.ഇൻറർനെറ്റിൽ തിരയുക എന്നതിനു പകരമായി റ്റു ഗൂഗിൾ എന്ന പ്രയോഗശൈലി തന്നെ ഇംഗ്ലീഷിൽ രൂപപ്പെട്ടു. ഏതായാലും ഗൂഗിൾ ഉടമകൾ ഈ ശൈലിക്ക് അത്ര പ്രോത്സാഹനം നൽകിയില്ല. തങ്ങളുടെ ഡൊമെയിൻ നാമം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയായിരുന്നു ഇതിനുപിന്നിൽ.
വെബ് സെർച്ച് എൻജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും എല്ലാത്തിനെയും കുറിച്ച് അറിയുവാനുള്ള അനുബന്ധ സംവിധാനങ്ങളുണ്ട്. 2005 ന്റെ തുടക്കമായപ്പോഴേക്കും 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിൾ തിരച്ചിലുകൾക്കായി ക്രമപ്പെടുത്തിയിരുന്നു.
2015 ഓഗസ്റ്റ് 10 -ന് ഗൂഗിൾ പല കമ്പനികളായി വിഭജിച്ചു. അങ്ങനെ ആൽഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായി മാറി ഗൂഗിൾ. സുന്ദർ പിച്ചൈ ഗൂഗിളിന്റെ പുതിയ സിഇഒ ആയി നിയമിതനായി. മുൻ സിഇഒ ലാറി പേജ് ആണ് മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന് നേതൃത്വം നൽകിയിരുന്നത്.ഇപ്പോൾ സുന്ദർ രണ്ടിന്റെയും CEO സ്ഥാനം വഹിക്കുന്നു.
കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനാണ് ഗൂഗിൾ. ഗൂഗിൾ മാപ്പ് നോക്കി സ്ഥലങ്ങൾ കണ്ടു പിടിക്കുവാനും , എന്ത് സംശയങ്ങൾക്കും ഗൂഗിൾ ചെയ്തു നോക്കുവാനുമുള്ള യുവതലമുറയുടെ ആവേശം വളരെ വലുതാണ്. ഇന്ന് ഏവരും ഗൂഗിളിനെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞു.
തയ്യാറാക്കിയത്
നീതു ഷൈല