പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിൽ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ്ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകി. പ്രതിപക്ഷത്ത് നിന്ന് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ രജിസ്റ്റര്‍ ചെയ്യാത്ത കേസുകൾ സംബന്ധിച്ച് ആരോപണവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരിന്റെ അടിയന്തരം നടപടി.
സിപിഎം ഒറ്റുകാരായി മതേതര ജനാധിപത്യ മുന്നേറ്റത്തെ തളര്‍ത്താന്‍ ശ്രമിച്ചെന്ന് എം എം ഹസന്. മുംബൈയില്‍ ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയില്‍ സിപിഎം പങ്കെടുത്തിരുന്നില്ല. ആണവക്കരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചിട്ടുള്ള സിപിഎമ്മിന് വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയോടൊപ്പം ചേര്‍ന്ന് താങ്ങിനിര്‍ത്തിയ ചരിത്രവുമുണ്ടെന്ന് ഹസന് കുറ്റപ്പെടുത്തി.
സരസ്വതി സമ്മാൻ പുരസ്കാരം പ്രഭാവർമ്മക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്ക്കാരം. പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്ക്കാരം ലഭിക്കുന്നത്. മുൻ സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി അധ്യക്ഷനായ സമിതിയുടേതാണ് പ്രഖ്യാപനം.
തിരുവനന്തപുരo രാജാജി നഗറിൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർഥിച്ചു എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. വോട്ടർമാരുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു. സ്ഥാനാർഥിയോട് നാട്ടുകാർ നിരവധി പരാതികൾ ഉന്നയിച്ചു. ഈ തെരഞ്ഞെടുപ്പോടെ തിരുവനന്തപുരത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നും പരാതികളെല്ലാം പരിഹരിക്കപ്പെടുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി.
‘ശക്തി’ പരാമർശത്തെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി നൽകി രാഹുൽ ഗാന്ധി. താൻ പറയുന്നത് ആഴത്തിലുള്ള സത്യമാണ്, അതുകൊണ്ടാണ് തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത്. അനീതിയുടെയും കള്ളപ്രചാരണങ്ങളുടെയും അഴിമതിയുടെയും ശക്തിയെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പഴയ ചാക്കിനേക്കാൾ വില കുറഞ്ഞ ഒന്നായി പ്രധാനമന്ത്രിയുടെ വാക്ക് എന്ന് പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളമെത്തിക്കാതെയാണ് മോദി സർക്കാർ കക്കൂസ് നിർമ്മിച്ചതെന്നും, മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവയിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുഹമ്മദ് റിയാസ്, അൻവർ എന്നിവരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ വാഹനം സംഘടിപ്പിച്ചത് ഇരുവരുടെയും നേതൃത്വത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഗൂഢാലോചനയിലും ഇരുവർക്കു പങ്കെന്ന് പൊലീസ് പറയുന്നു.
തമിഴ്നാട്ടിൽ പിഎംകെ എന്ന പട്ടാളി മക്കൾ കക്ഷി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കും. 10 ലോക്സഭാ സീറ്റുകളിൽ ബിജെപി സഖ്യത്തിന്റെ ഭാഗമായി പിഎംകെ മത്സരിക്കും. പിന്നോക്ക വിഭാഗമായ വാണിയര് സമുദായ അംഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള പിഎംകെ എന്ന കക്ഷിക്ക് ആറ് ശതമാനത്തോളം വോട്ടും ഉണ്ട്. ഇത് ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിഎം കെയര്‍ ഫണ്ടിനെതിരെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. തെരഞ്ഞെടുപ്പ് കടപ്പത്രം പോലെ തന്നെ പിഎം കെയര്‍ ഫണ്ടും അഴിമതിയാണെന്നാണ് ആരോപണം.കടപ്പത്രം പോലെ തന്നെ അന്വേഷണം ഒഴിവാക്കുന്നതിനോ കരാര്‍ നേടുന്നതിനോ ഉള്ള ശ്രമം പിഎം കെയര്‍ സംഭാവനകളിലും നടന്നെന്ന് സംശയിക്കേണ്ട സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചലിലെ കോൺഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടു ചെയ്യാനോ സഭാ നടപടികളില്‍ പങ്കെടുക്കാനോ ഉള്ള അനുമതിയും സുപ്രീംകോടതി നൽകിയില്ല. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയില്‍ സുപ്രീം കോടതി ഹിമാചൽ സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.