Screenshot 2024 02 27 20 21 14 990 com.android.chrome edit 1

കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് ശശി തരൂർ,ആറ്റിങ്ങലിൽ അടൂർ പ്രകാശ്,മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്,പത്തനംതിട്ടയിൽ ആന്റോ ആന്റണി,ആലപ്പുഴ കെ.സി വേണുഗോപാൽ,എറണാകുളത്ത്ഹൈബി ഈഡൻ,ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്,ചാലക്കുടി ബെന്നി ബഹ്നാൻ,തൃശൂരിൽ കെ.മുരളീധരൻ,  പാലക്കാട് വി. കെ ശ്രീകണ്ഠൻ, ആലത്തൂർ രമ്യ ഹരിദാസ്,കോഴിക്കോട് എം കെ രാഘവൻ,വടകരയിൽ ഷാഫി പറമ്പിൽ,കണ്ണൂർ കെ.സുധാകരൻ,വയനാട് രാഹുൽ ഗാന്ധി,കാസർകോട് രാജ് മോഹൻ ഉണ്ണിത്താൻ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ പട്ടിക.

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. കടമെടുപ്പ് പരിധി ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാന്‍ കേന്ദ്രം തയാറായില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.13,890 കോടി മാത്രമേ അനുവദിക്കൂ, ഇത് ഉടന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുo കേന്ദ്രം അറിയിച്ചു.

എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിന്റെ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചാര്‍ജ് ഷീറ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് എന്നിവ ഉള്‍പ്പെടെ 11 രേഖകള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍നിന്ന് നഷ്ടമായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥയായെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് വളരാനുള്ള ശ്രമത്തിലാണ് ബിജെപി, കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ മിതത്വം പുലര്‍ത്തുന്നത് അതുകൊണ്ടാണ്, നേതാക്കള്‍ മറുകണ്ടം ചാടുന്നത് തടയാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ആകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്മജ വേണുഗോപാലിന് വന്‍ സ്വീകരണമൊരുക്കി ബിജെപി. കോണ്‍ഗ്രസിനെയും, കെ മുരളീധരനെയും പത്മജ വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ ദിവസവും താന്‍ അപമാനിക്കപ്പെട്ടു, മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം കോണ്‍ഗ്രസ് നേതാക്കളുണ്ടാക്കി.തന്റെ മാതാവിനെ വരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ പറഞ്ഞു.

പത്മജ വേണുഗോപാൽ കേസ് കൊടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഞാനുൾപ്പെടെയുള്ള കോൺഗ്രസുകാരാണ് പത്മജക്കെതിരെ കേസുകൊടുക്കേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. പത്മജ വേണുഗോപാലിന്‍റെ പിതൃത്വത്തെ കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും,  കെ കരുണാകരൻ്റെ ഏറ്റവും വലിയ മൂല്യമായ മതേതര പാരമ്പര്യം അവകാശപ്പെടാൻ പത്മജയ്ക്കിനി കഴിയില്ലെന്നാണ് താന്‍ പറഞ്ഞതെന്നും രാഹുൽ വ്യക്തമാക്കി.

കോണ്‍ഗ്രസിനകത്തുള്ള അതൃപ്തി നേരത്തെ ഉള്ളതാണെന്നും നരേന്ദ്ര മോദിയുടെ രീതികള്‍ ഇഷ്ടപ്പെട്ടുവെന്നും മോദിയെ കൂടുതൽ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായതെന്നും ബിജെപി അംഗത്വമെടുത്തതിന് ശേഷം തിരിച്ചെത്തിയ പത്മജ വേണുഗോപാൽ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസ്താവന തള്ളി രമേശ് ‌ചെന്നിത്തല. ബിജെപിയിൽ ചേർന്ന പത്മജയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശത്തോട് യോജിക്കുന്നില്ല എന്ന് രമേശ് ചെന്നിത്തല തുറന്നു പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന പാരമ്പര്യം കോൺഗ്രസ് പാർട്ടിക്ക് ഇല്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

കോൺഗ്രസിൽ നിന്നും നേതാക്കൾ പാർട്ടി വിട്ടു പോകുന്നത് അഴിമതിയും തൊഴുത്തിൽകുത്തും മടുത്തിട്ടാണെന്ന് വി മുരളീധരൻ. കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്ന പത്മജാ വേണുഗോപാലിന്  തിരുവനന്തപുരം വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. ഇന്നത്തെ കോൺഗ്രസ് പാർട്ടിയുടെ അവസ്ഥയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുടരാനുള്ള മടിയും കൊണ്ടാണ് കോൺഗ്രസിൽ ഇത്രയും കൊഴിഞ്ഞുപോക്കെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് സ്റ്റേ ചെയ്യണമെന്ന ആവശ്യം  ആദായ നികുതി ട്രൈബ്യൂണൽ തള്ളി. 10 ദിവസത്തേക്ക് ഹൈക്കോടതിയിൽ പോകുവാൻ വേണ്ടി സ്റ്റേ ആവശ്യപ്പെട്ടെങ്കിലും, സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സ്റ്റേ തള്ളുകയായിരുന്നു. അഞ്ചുവർഷം മുൻപ് ആദായനികുതി അടയ്ക്കാൻ വൈകിയെന്ന് കാണിച്ചാണ് ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നത്.

ക്ഷേമപെൻഷൻ കുടിശിക തെരഞ്ഞെടുപ്പിന് മുൻപ് കൊടുത്ത് തീർക്കുമെന്ന് ഇ.പി.ജയരാജൻ. വന്യ ജീവി ആക്രമണത്തെ ചെറുക്കാൻ കഴിയാത്തതിന് കാരണം കേന്ദ്ര നിയമമാണെന്നും അതുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച എകെ നസീര്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എകെജി സെന്ററില്‍ വച്ച് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്നു എകെ നസീര്‍.പി രാജീവ്, മുഹമ്മദ് റിയാസ്, എം സ്വരാജ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.

ഞായറാഴ്ച വരെ അഞ്ചു ജില്ലകളിൽ താപനില ഉയരാൻ സാധ്യത. രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പാലക്കാട് , കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.പാലക്കാട് ഉയർന്ന താപനില 39°C , കൊല്ലം 38°C, പത്തനംതിട്ട 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 36°C വരെയും താപനില വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മലപ്പുറം നിലമ്പൂരിൽ പത്മജയ്ക്കും മോദിക്കും ഒപ്പം, മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ ചിത്രമുള്ള ഫ്ലക്സ് വെച്ച് ബിജെപി. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്. ബോർഡിൽ നിന്നും കെ കരുണാകരന്റെ ചിത്രം മാറ്റണമെന്ന് കാണിച്ച് യൂത്ത്കോ ൺഗ്രസ് നിലമ്പൂർ പോലീസിൽ പരാതി നൽകി.

കട്ടപ്പനയിൽ നടന്നത്ഇരട്ട കൊലപാതകമെന്ന് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് സൂചന. മോഷണക്കേസുമായി ബന്ധപെട്ട അന്വേഷണമാണ് വഴിത്തിരാവായത്.കഴിഞ്ഞ ദിവസമാണ് മോഷണശ്രമത്തിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കൽ നിതീഷ്(31) എന്നിവർ പിടിയിലായത്.കട്ടപ്പന കക്കാട്ടുകടയിലെ വീട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം ചൊവ്വരയിൽ 4 കിലോ കഞ്ചാവുമായി 5 പേർ പിടിയിൽ. നെയ്യാറ്റിൻകര എക്സൈസും മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റും സംയുക്തമായാണ് ഇവരെ പിടികൂടിയത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തമിഴ്നാട്ടിൽ നിന്ന് കോവളത്തേക്ക് കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

രവി നദിയിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് തടയാൻ ഒരുങ്ങി ഇന്ത്യ. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിൻ ഘട്കരിയാണ് ഇക്കാര്യം അറിയിച്ചത്.സിന്ധു നദീജല കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് അവകാശപ്പെട്ട രവി നദിയില്‍നിന്ന് പാകിസ്താനിലേക്ക് വെള്ളമൊഴുകുന്നത് അവസാനിപ്പിക്കണമെന്ന പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പാണ് ഇവിടെ അവസാനിക്കുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ജോലി വാഗ്ദാനത്തിലൂടെ കബളിപ്പിക്കപ്പെട്ട എത്തിച്ചേർന്നതാണ് ഇവർ. റഷ്യയുമായി ചർച്ച പുരോഗമിക്കുകയാണെന്നും എത്രയും പെട്ടെന്ന് ഇവരെ തിരികെ കൊണ്ടുവരുമെന്നും സർക്കാർ വ്യക്തമാക്കി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *