S5 yt cover

ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി ദില്ലിയില്‍ ചേര്‍ന്നിരുന്നു. പുലര്‍ച്ചെ വരെ നീണ്ട യോഗത്തില്‍ നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരാണ് പങ്കെടുത്തത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിച്ചേക്കും. ദക്ഷിണേന്ത്യയില്‍ കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും സച്ചിന്‍ പൈലറ്റ്. എല്ലാ കാലത്തും രാഹുല്‍ ഗാന്ധി ബിജെപിക്ക് എതിരെ നിലപാട് സ്വീകരിക്കുന്നയാളാണ്. ബിജെപി വിരുദ്ധ പോരാട്ടമാണ് രാഹുലിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കേന്ദ്രത്തില്‍ നിന്ന് 4,000 കോടിയോളം രൂപ ലഭിച്ചതിനാല്‍ സംസ്ഥാനത്ത് ശമ്പളം നല്‍കലും പെന്‍ഷന്‍ വിതരണവും മുടങ്ങില്ല. നികുതി വിഹിതമായ 2,736 കോടി രൂപക്ക് പുറമെ ഐ.ജി.എസ്.ടി വിഹിതവും കിട്ടിയതിനാല്‍ അടിയന്തര ചെലവുകള്‍ നടത്താമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നല്‍കാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു.

വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ റാഗിംങിലുണ്ടായ ആറു വിദ്യാര്‍ത്ഥികളെ കൂടി സസ്‌പെന്‍ഡ് ചെയ്തു. 12 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ പൊലീസില്‍ കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍ എന്നിവരാണ് ഇന്നലെ രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇന്നലെ രാത്രി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇയാളുടെ അറസ്റ്റും ഇന്നുണ്ടാകും.

കോളജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമമായി മാറിയെന്ന് കെ.സി.വേണുഗോപാല്‍. എസ്എഫ്ഐയെ ക്രിമിനല്‍ സംഘമാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, കുറ്റവാളികള്‍ക്ക് നിര്‍ദേശം കൊടുക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധസൂചകമായി വൈകിട്ട് കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.

കേരളത്തിലെ ക്യാമ്പസുകളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ പേടിക്കുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും, സിപിഎം അധ്യാപക സംഘടന പ്രതിനിധികള്‍ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കുറ്റക്കാരാണെന്നും, എസ്എഫ്ഐ ഇങ്ങനെ അഴിഞ്ഞാടുന്നത് ആരുടെ പിന്‍ബലത്തിലാണെന്നും വിഡി സതീശന്‍ ചോദിച്ചു. കേരളത്തിന് മുഴുവന്‍ അപമാനകരമായ സംഭവം നടന്നിട്ട് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് എന്താണെന്നും പ്രതിപക്ഷം അതിശക്തമായ സമരം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*

class="selectable-text copyable-text nbipi2bn">മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തരം ആക്രമണങ്ങളിലൂടെ നമ്മുടെ സമൂഹം എങ്ങിനെയാണ് മുന്നോട്ട് പോകുകയെന്നും ഒരു വിഷയം ഉണ്ടാകുമ്പോള്‍ മാത്രമാണ് നാം സഹതപിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുമെന്നും ഡി.ജി.പിയുമായി ബന്ധപ്പെട്ടെന്നും സന്ദര്‍ശനത്തിന് പിന്നാലെ ഗവര്‍ണര്‍ വ്യക്തമാക്കി.

സിദ്ധാര്‍ഥന്റെ വീടിന് മുന്നില്‍ നീതിക്കായി എന്നും കുടുംബത്തോടൊപ്പം എന്നെഴുതിയ ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ച് ഡി.വൈ.എഫ്.ഐ. സിദ്ധാര്‍ഥന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലെക്സ്. അതേസമയം മരണം പോലും മുതലെടുക്കുന്നവരാണ് ഡി.വൈ.എഫ്.ഐ.യെന്നും പലതവണ ഫ്ലെക്സ് ബോര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്നും സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ് പ്രതികരിച്ചു.

മലപ്പുറം ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. പഞ്ചായത്തുകളില്‍ കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചു. രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടര്‍മാരെ സമീപക്കണമെന്നും, കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രണ്ടു മാസത്തിനിടെ 152 പേര്‍ക്ക് രോഗബാധ ഉണ്ടാവുകയും 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, രണ്ടുപേര്‍ മരണപ്പെടുകയുമുണ്ടായിട്ടുണ്ട്.

വാഹനാപകട കേസുമായി ബന്ധപ്പെട്ട് ആലത്തൂര്‍ സ്റ്റേഷനില്‍ ഹാജരായ അഡ്വ.ആക്വിബ് സുഹൈലിനോട് തട്ടിക്കയറിയ സംഭവത്തില്‍ ആലത്തൂര്‍ എസ്ഐ റെനീഷ് നിരുപാധികം മാപ്പ് പറഞ്ഞ് പുതിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. റെനീഷിനെതിരെ എടുത്ത നടപടി സംസ്ഥാന പൊലീസ് മേധാവി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജി പത്ത് ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞതോടെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നല്‍കാന്‍ മുഴുവന്‍ വിസിമാരോടും വീണ്ടും ആവശ്യപ്പെട്ടേക്കും. സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ ലോകായുക്ത ബില്ലിന് മാത്രമാണ് അംഗീകാരം ലഭിച്ചിരുന്നത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി നല്‍കിയിട്ടില്ല. അതോടൊപ്പം രാഷ്ട്രപതിയുടെ തീരുമാനത്തിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍. ഹയര്‍സെക്കന്‍ഡറിയില്‍ 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാര്‍ഥികളും, വിഎച്ച് എസ് ഇയില്‍ 57,707 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. ഇന്ന് മുതല്‍ 26 വരെ 9 ദിവസങ്ങളിലായാണ് പരീക്ഷ. ഏപ്രില്‍ ഒന്ന് മുതലാകും മൂല്യനിര്‍ണയം ആരംഭിക്കുക. മൂല്യനിര്‍ണയം നടത്താനായി 52 സിംഗിള്‍ വാല്വേഷന്‍ ക്യാമ്പും 25 ഡബിള്‍ വാല്വേഷന്‍ ക്യാമ്പും ഉള്‍പ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിര്‍ണയ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്.

കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടര്‍ ടാങ്കിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയതിനെ തുടര്‍ന്ന് കേസില്‍ ഏഴ് വര്‍ഷം മുമ്പ് കാണാതായ തലശേരി സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ശരീര അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും യുവാവിന്റെ 2011 ലെടുത്ത ലൈസന്‍സ് കണ്ടെത്തിയിരുന്നു. ഈ വിലാസത്തില്‍ കഴക്കൂട്ടം പൊലിസ് അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ താമസിക്കുന്ന മാതാപിതാക്കള്‍ തലസ്ഥാനത്തെത്തുമെന്നും ഡിഎന്‍എ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.

മന്ത്രിമാരുടെ ബംഗ്ലാവുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവിറങ്ങിയത് ഫെബ്രുവരി 26ന്. പണം ലഭ്യമാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള വിമര്‍ശനങ്ങള്‍ക്ക് മുന്‍കൂര്‍ പ്രതിരോധമായാണ് ക്ലിഫ് ഹൗസ് ഉള്‍പ്പെടെയുള്ള മന്ത്രിമന്ദിരങ്ങളില്‍ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന് പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതെന്നാണ് വിലയിരുത്തല്‍.

തൃശൂര്‍ വടക്കേക്കാട് കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. ക്ഷേത്രത്തിലേക്ക് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു.

വാണിജ്യാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. കേരളത്തില്‍ 26 രൂപ കൂട്ടിയതോടെ വില 1806 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.

സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേതാക്കളുടെ ജാഗ്രത കുറവിന് കനത്ത വിലയാണ് നല്‍കേണ്ടി വരുന്നു. എന്റെ തല എന്റെ ഫിഗര്‍ കാലമൊക്കെ കാറ്റില്‍ പറന്നു പോയി. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാന്‍ കഴിയില്ല. അല്ലാത്തവര്‍ സ്റ്റേജില്‍ താമസമാക്കിയും മൈക്കിന് മുന്നില്‍ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂര്‍ കുറ്റപ്പെടുത്തുന്നു. സമരാഗ്നി സംസ്ഥാനതല ജാഥയുടെ സമാപന സമ്മേളനത്തില്‍ ഡിസിസി അധ്യക്ഷന്‍ പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടുകയും ഇതേ തുടര്‍ന്ന് ആലിപ്പറ്റ ജമീല ദേശീയഗാനം തിരുത്തിപ്പാടുകയും ചെയ്തിരുന്നു. ഇതുമായ് ബന്ധപ്പെട്ടാണ് ഹാരിസിന്റെ പോസ്റ്റ് .

വീസ നടപടികള്‍ പൂര്‍ത്തിയായതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അടുത്തയാഴ്ച യെമനിലേക്ക് പോകാം. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യന്‍ എംബസി മുഖേനയുള്ള ശ്രമം.

കൊയിലാണ്ടിയിലെ സിപിഎം പ്രാദേശിക നേതാവ് പിവി സത്യനാഥനെ കുത്തിക്കൊന്ന കേസിലെ പ്രതി അഭിലാഷുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ സ്ഥലം, ആയുധം ഉപേക്ഷിച്ച് സ്ഥലം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.

ദില്ലിയിലെ ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ ഇന്നലെ രാത്രി ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ സംഘര്‍ഷം. സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇടതുസംഘടന പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കര്‍ണാടകയില്‍ സമഗ്ര ജാതി സെന്‍സസ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കര്‍ണാടക പിന്നാക്ക വികസന കമ്മിഷന്‍ ചെയര്‍മാന്‍ ജയപ്രകാശ് ഹെഗ്ഡെയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറിയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് ജാതി സെന്‍സസ് നടപ്പാക്കും എന്നതായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സ്വീകരിച്ചാല്‍ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ലിംഗായത്ത് സഭാ നേതൃത്വം വ്യക്തമാക്കി.

ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ മകനും എംപിയുമായ നകുല്‍നാഥ്. താനും പിതാവും ബിജെപിയിലേക്ക് പോകുന്നുവെന്ന് ബിജെപിക്കാര്‍ തന്നെ കിംവദന്തി പരത്തുകയാണെന്ന് നകുല്‍നാഥ് ആരോപിച്ചു.

കടുവകളടക്കമുള്ള വലിയ ജീവികളുടെ വംശനാശഭീഷണിയെ നേരിടുന്നതിന്റെ ഭാഗമായി ഇവയുടെ പരസ്പര കൈമാറ്റത്തിനായി ഇന്ത്യയുടെ നേതൃത്വത്തില്‍ 96 രാജ്യങ്ങളുടെ ഒരു സഖ്യരൂപീകരണത്തിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. 2023-24 മുതല്‍ 2027-28 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് 150 കോടി രൂപ നീക്കിവച്ച് ഇന്ത്യ ആസ്ഥാനമായി ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ് അലയന്‍സ് സ്ഥാപിക്കുന്നതിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

തമിഴ്നാട് തൂത്തുക്കുടിയിലെ വേദാന്തയുടെ ചെമ്പ് സംസ്‌ക്കരണ യൂണിറ്റ് തുറക്കാന്‍ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഫാക്ടറി അടച്ചൂപൂട്ടാനുള്ള മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള വേദാന്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ അറ്റകുറ്റ പണികളുടെ ഭാഗമായി 2018 മാര്‍ച്ചില്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

പേ ടിഎം പേയ്‌മെന്റ്സ് ബാങ്കുമായുള്ള കരാറുകള്‍ പേടിഎം അവസാനിപ്പിച്ചതായി കമ്പനിയുടെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് വ്യക്തമാക്കി. ഈ മാസം 15 ന് ശേഷം പേടിഎം വാലറ്റിലേക്കും ബാങ്കിലേക്കുമുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് റിസര്‍വ് ബാങ്ക് വിലക്കിയിട്ടുണ്ട്.

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആള്‍ ദൈവം ഗുര്‍മീദ് റാം റഹീം സിങ്ങിന് പരോള്‍ നല്‍കുന്നതിനെ വിലക്കി പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഗുര്‍മീദിന് കോടതിയുടെ അനുമതിയില്ലാതെ ഇനി പരോള്‍ നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീദിനെ അടുത്തിടെയും 50 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു.

ഗാസയില്‍ ഭക്ഷണം വാങ്ങാന്‍ കാത്തുനിന്നവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ വെടിവയ്പ്പിനെ അപലപിച്ച് രാജ്യങ്ങള്‍. വെടിവയ്പ് ഒരു വിധത്തിലും നീതീകരിക്കാനാവില്ലെന്ന് ഫ്രാന്‍സും, താല്‍ക്കാലിക വെടിനിര്‍ത്തലിനായെങ്കിലും നടക്കുന്ന സമാധാന ചര്‍ച്ചകളെ ശ്രമം സാരമായി ബാധിക്കുമെന്ന ആശങ്ക അമേരിക്കയും പങ്കുവച്ചു.

പ്രശസ്ത ഗായിക ക്യാറ്റ് ജാനിസ് ക്യാന്‍സര്‍ ബാധിച്ച് അന്തരിച്ചു. 31 വയസായിരുന്നു. എല്ലുകളിലും മൃദുവായ ടിഷ്യൂകളിലും കാന്‍സര്‍ വികസിക്കുന്ന സാര്‍ക്കോമ എന്ന അസുഖമായിരുന്നു ജാനിസിന്.

റഷ്യക്കെതിരായ യു.എസിന്റെ പുതിയ ഉപരോധം ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചേക്കും. നിലവില്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ രണ്ടാം വാര്‍ഷികം എത്തിനില്‍ക്കുമ്പോഴാണ് പുതിയ ഉപരോധവുമായി യു.എസ് എത്തിയത്. പ്രമുഖ റഷ്യന്‍ ടാങ്കര്‍ ഗ്രൂപ്പായ സോവ്കോംഫ്‌ലോട്ടിനെ ലക്ഷ്യമിട്ടാണ് ഉപരോധം. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ സോവ്കോംഫ്‌ലോട്ട് ജി7ന്റെ വിലപരിധി ലംഘിച്ചതായി ആരോപിച്ചാണ് ഉപരോധം. സോവ്കോംഫ്‌ലോട്ടുമായി ബന്ധിപ്പിച്ച 14 ക്രൂഡ് ഓയില്‍ ടാങ്കറുകളും വിലപരിധി ലംഘിച്ചതായി യു.എസ് പറയുന്നു. പുതിയ ഉപരോധം റഷ്യന്‍ എണ്ണയുടെ ലഭ്യത കുറയ്ക്കുമെന്നും വിപണിയില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും ചരക്ക് നിരക്ക് വര്‍ധിപ്പിക്കുമെന്നുമുള്ള ആശങ്കയിലാണ് ഇന്ത്യന്‍ റിഫൈനര്‍ കമ്പനികള്‍. ഇത് റഷ്യന്‍ എണ്ണയുടെ വില കിഴിവ് കുറയുന്നതിനുമിടയാക്കും. ഉയര്‍ന്ന ചരക്ക് ചെലവ് മൂലം 2022ന് മുമ്പ് അപൂര്‍വ്വമായി മാത്രമാണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയിരുന്നത്. എന്നാല്‍ യൂറോപ്പ് റഷ്യന്‍ എണ്ണ ഇറക്കുമതി നിരോധിച്ചതിന് ശേഷം റഷ്യന്‍ എണ്ണ വന്‍ വിലക്കിഴിവില്‍ ഇന്ത്യ വാങ്ങിവരികയായിരുന്നു. 2023ല്‍ റഷ്യ ഇന്ത്യയുടെ ഏറ്റവും മികച്ച എണ്ണ വിതരണക്കാരായി ഉയര്‍ന്നു. ഈ കാലയളവില്‍ പ്രതിദിനം 1.66 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തു. ഇത്തരത്തില്‍ തുടരുന്നതിനിടെയാണ് പുതിയ ഉപരോധം. അടുത്ത സാമ്പത്തിക വര്‍ഷം പ്രതിദിനം 4 ലക്ഷം ബാരല്‍ വരെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനായി നിലവില്‍ റഷ്യയുടെ റോസ്‌നെഫ്റ്റുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ ചര്‍ച്ച നടത്തുന്നുണ്ട്.

ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ ഏതാണെന്ന് ചോദിച്ചാല്‍, ഒന്നുകില്‍ ഏറ്റവും ലേറ്റസ്റ്റ് ഐഫോണ്‍ അല്ലെങ്കില്‍ സാംസങ്ങിന്റെ ഗ്യാലക്സി എസ് സീരീസിലുള്ള ഏതെങ്കിലും ഫോണ്‍ -ഇതൊക്കെയായിരിക്കും മിക്ക ആളുകളുടെയും ഉത്തരം. എന്നാല്‍, ഏറ്റവും മികച്ച ഫോണ്‍ അവയൊന്നുമല്ല, സാക്ഷാല്‍ ഗൂഗിളിന്റെ ‘പിക്സല്‍ 8 സീരീസ്’ ഫോണുകളാണ്. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മികച്ച സ്മാര്‍ട്‌ഫോണിനുള്ള ഗ്ലോബല്‍ മൊബൈല്‍ അവാര്‍ഡ്‌സ് (ഗ്ലോമോ) ലഭിച്ചിരിക്കുന്നത് പിക്‌സല്‍ 8 സീരീസിനാണ്. ഐഫോണ്‍ 15 പ്രോ സീരീസ്, സാംസങിന്റെ എസ് 23 സീരീസ്, ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 5, വണ്‍ പ്ലസ് ഓപ്പണ്‍ തുടങ്ങിയ ഫോണുകളെയാണ് ഗൂഗിളിന്റെ പിക്സല്‍ 8 സീരീസ് തോല്‍പ്പിച്ചിരിക്കുന്നത്. 2016-ലാണ് ഗൂഗിള്‍ ആദ്യത്തെ പിക്സല്‍ ഫോണ്‍ വിപണിയിലെത്തിക്കുന്നത്. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ആരെയും അസൂയപ്പെടുത്തുന്ന നേട്ടമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ഗൂഗിള്‍ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണിനുള്ള പുരസ്‌കാരം നേടുന്നത്. ഇതിന് മുമ്പ് ആപ്പിളും സാംസങ്ങും മാത്രമായിരുന്നു ഈ പുരസ്‌കാരത്തിന് അര്‍ഹരായിരുന്നത്. മികച്ച പെര്‍ഫോമന്‍സ്, അതി നൂതനത്വം ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് പിക്‌സല്‍ ഫോണുകള്‍ക്ക് പുരസ്‌കാരം നല്‍കിയിരിക്കുന്നതെന്നാണ് ഗ്ലോമോ പുരസ്‌കാരം നല്‍കുന്ന ജിഎസ്എംഎ എന്ന സംഘടന പറയുന്നത്. അപ്‌ഡേറ്റ് ചെയ്ത ക്യാമറയും ജനറേറ്റീവ് എഐ എഡിറ്റിങ് ഫീച്ചറുകളുമൊക്കെയായാണ് പിക്‌സല്‍ 8 സീരീസ് എത്തിയത്.

പാ രഞ്ജിത്തിന്റെ നിര്‍മ്മാണത്തില്‍ ഉര്‍വശി, ദിനേശ്, മാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജെ ബേബി മാര്‍ച്ച് 8ന് വനിതാ ദിനത്തില്‍ തിയറ്ററുകളിലേക്കെത്തും. ഉര്‍വശിയുടെ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ടീസറും ഗാനങ്ങളും. പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് ഇതുവരെ നിര്‍മിച്ച സിനിമകള്‍ ഒക്കെയും സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളായിരുന്നു. എന്നാല്‍ കുടുംബ ബന്ധങ്ങള്‍ക്കും ഹാസ്യത്തിനും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമാണ് ജെ ബേബി. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ചെന്നൈയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കായി നടത്തിയിരുന്നു. സിനിമ കണ്ടവരെല്ലാം അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരേയും നിര്‍മ്മാതാക്കളെയും അഭിനന്ദിച്ചിരുന്നു. പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ജെ ബേബി. സിനിമ കാണാന്‍ തിയറ്ററില്‍ വരുന്നവര്‍ നിര്‍ബന്ധമായും അമ്മമാരെയും കൂടെ കൂട്ടണം. അതുപോലെ എല്ലാത്തരം പ്രേക്ഷകര്‍ക്കും വേണ്ടി ഞങ്ങള്‍ ഒരുക്കിയ സിനിമയാണിതെന്ന് സംവിധായകന്‍ സുരേഷ് മാരി പറയുന്നു. ശക്തി ഫിലിം ഫാക്ടറിയാണ് ജെ ബേബി റിലീസ് ചെയ്യുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 9 ന് ആയിരുന്നു. ആനന്ദ് നാരായണന്‍ എന്ന എസ്ഐ കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുക. മാര്‍ച്ച് 8 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാവും. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. സിനിമയില്‍ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യ സുവി എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്നു.

മൂന്നു ഡോര്‍ ഥാറിന്റെ സ്പെഷല്‍ എഡിഷന്‍ എര്‍ത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര. മരുഭൂമിയുടെ മനോഹരമായ നിറമാണ് എര്‍ത്ത് എഡിഷന് നല്‍കിയിരിക്കുന്നത്. ഓഫ് റോഡിങ്ങിന് യോജിച്ച കുടുംബ വാഹനമായാണ് വരവ്. ഫീച്ചറുകളുടേയും പ്രകടനത്തിന്റേയും മൂല്യമെടുത്താല്‍ വിലയും ഥാര്‍ എര്‍ത്തിനെ ആകര്‍ഷകമാക്കുന്നു. ഡെസേര്‍ട്ട് ഫ്യൂറി എന്നാണ് മനോഹരമായ മരുഭൂമിയുടെ നിറത്തിന് ഥാര്‍ നല്‍കിയിരിക്കുന്ന പേര്. എല്‍എക്‌സ് ഹാര്‍ഡ് ടോപ്പ് 4ഃ4 മോഡല്‍ അടിസ്ഥാനമാക്കിയാണ് ഥാര്‍ എര്‍ത്ത് പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ ഓട്ടമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ എര്‍ത്ത് ലഭ്യമാണ്. പെട്രോള്‍ മാനുവല്‍ ട്രാന്‍സ്മിഷന് 15.40 ലക്ഷവും പെട്രോള്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന് 16.99 ലക്ഷവുമാണ് വില. എര്‍ത്ത് എഡിഷന്റെ ഡീസല്‍ മാനുവല്‍ ട്രാന്‍സ്മിഷന് 16.15 ലക്ഷവും ഒട്ടമാറ്റിക് ട്രാന്‍സ്മിഷന് 17.60 ലക്ഷവും വിലയിട്ടിരിക്കുന്നു. ഥാര്‍ എര്‍ത്ത് എഡിഷനില്‍ 2.0 ലീറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. 150 ബിഎച്ച്പി കരുത്തും പരമാവധി 320 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നതാണ് 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍. 130 ബിഎച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നതാണ് 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് മഹീന്ദ്ര ഥാര്‍ എര്‍ത്ത് എഡിഷനിലുള്ളത്.

പ്രമുഖ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരി ഫുതി ഷിങ്ഗിലയുടെ അവര്‍ നിങ്ങളെയും പിടികൂടി വര്‍ണ്ണവെറിയുടെ കാലത്തെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് അനാവരണം ചെയ്യുന്നത്. കറുത്തവരെ നിഷ്‌കരുണം പീഡിപ്പിച്ചിരുന്ന വെള്ളക്കാരനായ പോലീസുകാരന്റെ ഏറ്റുപറച്ചിലുകളിലൂടെ അക്കാലത്തെ

മനുഷ്യവിരുദ്ധമായ ഭരണക്രമത്തിന്റെ നേര്‍ചിത്രം വ്യക്തമാവുന്നു. വര്‍ണ്ണവെറിയന്മാര്‍ക്കൊപ്പം സ്വന്തം പക്ഷത്തുള്ള ഒറ്റുകാരെയും, ലൈംഗികാതിക്രമങ്ങള്‍ക്കു മുതിരുന്ന സഹപ്രവര്‍ത്തകരെയും ജാഗ്രതയോടെ നിരീക്ഷിക്കേണ്ടിവരുന്ന സ്ത്രീ ഒളിപ്പോരാളികള്‍, പോരാട്ടങ്ങളുടെ ചരിത്രം എത്രയോ സങ്കീര്‍ണ്ണവും സ്ത്രീവിരുദ്ധവുമാണെന്നുകൂടി രേഖപ്പെടുത്തുകയാണ് ഈ നോവലില്‍. പ്രശസ്ത പരിഭാഷക രമാ മേനോന്റെ മികച്ച മൊഴിമാറ്റം. ‘അവര്‍ നിങ്ങളെയും പിടികൂടി’. മാതൃഭൂമി. വില 246 രൂപ.

കടുത്ത വേനല്‍ കാരണം വീടിനകത്തും പുറത്തും കഴിയാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. മുറിയില്‍ എസി പിടിപ്പിച്ചും ദിവസത്തില്‍ നാല് നേരം കുളിച്ചുമൊക്കെ ശരീരം തണുപ്പിക്കാന്‍ പ്രയാസപ്പെടുകയാണ് ആളുകള്‍. എന്നാല്‍ മനസിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇവയെല്ലാം ഒരു പരിധിക്ക് അപ്പുറത്തേക്ക് പ്രയോജനപ്പെടില്ല എന്നു മാത്രമല്ല ആരോഗ്യത്തിന് അത്ര ഗുണകരവുമല്ല. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക മാത്രമാണ് ചൂടില്‍ നിന്നും രക്ഷപെടാനുള്ള ഏക മാര്‍ഗം. അതിനായി ധാരാളം വെള്ളം കുടിക്കണം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ദഹനം എളുപ്പമാക്കുന്ന ഭക്ഷണങ്ങള്‍ ചൂടുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. വേനല്‍ കാലത്ത് പാലിക്കേണ്ട ചില ഭക്ഷണ നിയമങ്ങളുണ്ട്. വേനല്‍ എന്ന് കേട്ടാല്‍ തന്നെ ആദ്യം പട്ടികയില്‍ ഇടംപിടിക്കുക ഐസ്‌ക്രീം പോലുള്ള തണുത്ത ഭക്ഷണങ്ങളായിരിക്കും. എന്നാല്‍ ഫ്രോസണ്‍ രൂപത്തിലുള്ള ഭക്ഷണവും പാനീയങ്ങളും കുടിക്കുമ്പോള്‍ അതിനെ നിങ്ങളുടെ ശരീരം ചൂടാക്കും. അതുകൊണ്ട് തന്നെ അത് നിങ്ങളുടെ ശരീരത്തിന് കൂളിങ് ഇഫക്ട് തരില്ല. വേനല്‍ക്കാല പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉല്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളരിക്ക, പുതിന, നാരങ്ങ, പാവക്ക പോലുള്ളവ നിങ്ങളുടെ ശരീരത്തിലെ ചൂടു കുറയ്ക്കും. അതിനൊപ്പം തണ്ണിമത്തന്‍, ലിച്ചി തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ പഴങ്ങളും കഴിക്കണം. വേനല്‍ക്കാലത്ത് ഭക്ഷ്യവിഷബാധ സാധ്യത കൂടുതലായതിനാല്‍ ഭക്ഷണം ഫ്രഷ് ആയി കഴിക്കാന്‍ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് വിപണി പിടിക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍ ആരോഗ്യത്തിന് ദോഷമാണ്. പകരം കരിക്ക്, സംഭാരം, ബാര്‍ലി വെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങള്‍ കുടിക്കാം. വേനല്‍ക്കാലത്ത് എരിവും ഉപ്പും കൂടിയ ഭക്ഷണം ഒഴിവാക്കണം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.88, പൗണ്ട് – 104.73, യൂറോ – 89.65, സ്വിസ് ഫ്രാങ്ക് – 93.51, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.85, ബഹറിന്‍ ദിനാര്‍ – 219.93, കുവൈത്ത് ദിനാര്‍ -269.27, ഒമാനി റിയാല്‍ – 215.32, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 60.99.