mid day hd 13

ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാ‌ർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി ദില്ലിയിൽ ചേർന്നിരുന്നു. പുലർച്ചെ വരെ നീണ്ട യോഗത്തിൽ നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരാണ് പങ്കെടുത്തത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൽസരിച്ചേക്കും. ദക്ഷിണേന്ത്യയില്‍ കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ആണെന്ന് സച്ചിൻ പൈലറ്റ്. മറ്റ് രാഷ്ട്രീയ പാർട്ടികൾ മണ്ഡലത്തിന്റ കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ലെന്നും, എല്ലാ കാലത്തും രാഹുൽ ഗാന്ധി ബിജെപിക്ക് എതിരെ നിലപാട് സ്വീകരിക്കുന്നയാളാണ്. ബിജെപി വിരുദ്ധ പോരാട്ടമാണ് രാഹുലിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തില്‍ നിന്ന് 4,000 കോടിയോളം രൂപ ലഭിച്ചതിനാൽ സംസ്ഥാനത്ത് ശമ്പളം നൽകലും പെന്‍ഷൻ വിതരണവും മുടങ്ങില്ല. നികുതി വിഹിതമായ 2,736 കോടിക്ക് പുറമെ ഐ.ജി.എസ്.ടി വിഹിതവും കിട്ടിയതിനാൽ അടിയന്തര ചെലവുകള്‍ നടത്താമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. നികുതിവിഹിതമായി 28 സംസ്ഥാനങ്ങൾക്കായി 1,42,122 കോടി രൂപയാണ് അനുവദിച്ചത്. ഏറ്റവും ഉയർന്ന നികുതിവിഹിതമായ 25495 കോടി ലഭിച്ചത് ഉത്തർപ്രദേശിനാണ്.

വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ റാഗിംങിലുണ്ടായ ആറു വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു. 12 വിദ്യാർത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്‌പെൻഡ് ചെയ്തിരുന്നു. കൂടാതെ ഇന്നലെ പൊലീസിൽ കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയൻ പ്രസിഡൻ്റ് കെ.അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരാണ് ഇന്നലെ രാത്രി കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇന്നലെ രാത്രി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇയാളുടെ അറസ്റ്റും ഇന്നുണ്ടാകും.

കോളജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമമായി മാറിയെന്ന് കെ.സി.വേണുഗോപാല്‍. എസ്എഫ്ഐയെ ക്രിമിനല്‍ സംഘമാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, കുറ്റവാളികള്‍ക്ക് നിര്‍ദേശം കൊടുക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധസൂചകമായി വൈകിട്ട് കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.

കേരളത്തിലെ ക്യാമ്പസുകളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ പേടിക്കുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും, സിപിഎം അധ്യാപക സംഘടന പ്രതിനിധികൾ സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ കുറ്റക്കാരാണെന്നും, എസ്എഫ്ഐ ഇങ്ങനെ അഴിഞ്ഞാടുന്നത് ആരുടെ പിൻബലത്തിലാണെന്നും വിഡി സതീശൻ ചോദിച്ചു. കേരളത്തിന് മുഴുവൻ അപമാനകരമായ സംഭവം നടന്നിട്ട് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് എന്താണെന്നും പ്രതിപക്ഷം അതിശക്തമായ സമരം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിദ്ധാർഥന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം ആക്രമണങ്ങളിലൂടെ നമ്മുടെ സമൂഹം എങ്ങിനെയാണ് മുന്നോട്ട് പോകുകയെന്നും ഒരു വിഷയം ഉണ്ടാകുമ്പോൾ മാത്രമാണ് നാം സഹതപിക്കുന്നതെന്നും ഗവർണർ പറഞ്ഞു.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുമെന്നും ഡി.ജി.പിയുമായി ബന്ധപ്പെട്ടതായും സന്ദർശനത്തിന് പിന്നാലെ ഗവർണർ വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. പഞ്ചായത്തുകളിൽ കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചു. രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടർ മാരെ സമീപക്കണമെന്നും, കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രണ്ടു മാസത്തിനിടെ 152 പേർക്ക് രോഗബാധ ഉണ്ടാവുകയും 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, രണ്ടുപേർ മരണപ്പെടുകയുമുണ്ടായിട്ടുണ്ട്.

വാഹനാപകട കേസുമായി ബന്ധപ്പെട്ട് ആലത്തൂർ സ്റ്റേഷനിൽ ഹാജരായ അഡ്വ.ആക്വിബ് സുഹൈലിനോട് ആലത്തൂർ എസ്ഐ റെനീഷ് തട്ടിക്കയറിയ സംഭവത്തിൽ എസ്ഐ നിരുപാധികം മാപ്പ് പറഞ്ഞ് പുതിയ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചു. റെനീഷിനെതിരെ എടുത്ത നടപടി സംസ്ഥാന പൊലീസ് മേധാവി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജി പത്ത് ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകൾ രാഷ്ട്രപതി തടഞ്ഞതോടെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നൽകാൻ മുഴുവൻ വിസിമാരോടും വീണ്ടും ആവശ്യപ്പെട്ടേക്കും. സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രമാണ് അംഗീകാരം ലഭിച്ചിരുന്നത്. അതായത് ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി നൽകിയിട്ടില്ല. അതോടൊപ്പം രാഷ്ട്രപതിയുടെ തീരുമാനത്തിന്‍റെ നിയമവശങ്ങൾ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം.

ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ. ഹയർസെക്കൻഡറിയിൽ 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാർഥികളും, വിഎച്ച് എസ് ഇയിൽ 57, 707 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. ഇന്ന് മുതൽ 26 വരെ 9 ദിവസങ്ങളിലായാണ് പരീക്ഷ. ഏപ്രിൽ ഒന്ന് മുതലാകും മൂല്യനിർണയം ആരംഭിക്കുക. മൂല്യനിർണയം നടത്താനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്.

കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയതിനെ തുടർന്ന് കേസിൽ ഏഴ് വ‍ർഷം മുമ്പ് കാണാതായ തലശേരി സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ശരീര അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്നും യുവാവിന്‍റെ 2011 ലെടുത്ത ലൈസൻസ് കണ്ടെത്തിയിരുന്നു. ഈ വിലാസത്തിൽ കഴക്കൂട്ടം പൊലിസ് അന്വേഷണം നടത്തിയതിനെ തുടർന്ന് ചെന്നൈയിൽ താമസിക്കുന്ന മാതാപിതാക്കള്‍ തലസ്ഥാനത്തെത്തുമെന്നും ഡിഎൻഎ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.

മന്ത്രിമാരുടെ ബംഗ്ലാവുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവിറങ്ങിയത് കഴിഞ്ഞ മാസം 26 നായിരുന്നു. പണം ലഭ്യമാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള വിമര്‍ശനങ്ങള്‍ക്ക് മുന്‍കൂര്‍ പ്രതിരോധമായാണ് ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന് പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതെന്നാണ് വിലയിരുത്തൽ.

തൃശൂർ വടക്കേക്കാട് കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്‍റെ നീക്കം സുപ്രീം കോടതി തടഞ്ഞു. ക്ഷേത്രത്തിലേക്ക് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.

സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കൾക്ക് വേണമെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂറിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്. നേതാക്കളുടെ ജാഗ്രത കുറവിന് കനത്ത വിലയാണ് നൽകേണ്ടി വരുന്നതെന്നും ,എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാൻ കഴിയില്ല. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂർ കുററപ്പെടുത്തുന്നു. സമരാഗ്നി സംസ്ഥാനതല ജാഥയുടെ സമാപന സമ്മേളനത്തിൽ ദേശീയഗാനം ഡിസിസി അധ്യക്ഷന്‍ പാലോട് രവി തെറ്റിച്ച് പാടുകയും ഇതേ തുടർന്ന് ആലിപ്പറ്റ ജമീല ദേശീയഗാനം തിരുത്തിപ്പാടുകയും ചെയ്തിരുന്നു. ഇതുമായ് ബന്ധപ്പെട്ടാണ് ഹാരിസിന്റെ പോസ്റ്റ് .

വീസ നടപടികൾ പൂർത്തിയായതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അടുത്തയാഴ്ച യെമനിലേക്ക് പോകാം. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ നേരിൽക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യൻ എംബസി മുഖേനയുള്ള ശ്രമം.

കൊയിലാണ്ടിയിലെ സിപിഎം ലോക്കൽ സെക്രട്ടറി പിവി സത്യനാഥനെ കുത്തിക്കൊന്ന കേസിലെ പ്രതി അഭിലാഷുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ സ്ഥലം, ആയുധം ഉപേക്ഷിച്ച് സ്ഥലം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയതിനെ തുടർന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു.

ദില്ലിയിലെ ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ ഇന്നലെ രാത്രി ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ സംഘര്‍ഷം. സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇടതുസംഘടന പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കർണാടകയിൽ സമഗ്ര ജാതി സെൻസസ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് കോൺഗ്രസ് സര്‍ക്കാര്‍. കർണാടക പിന്നാക്ക വികസന കമ്മിഷൻ ചെയർമാൻ ജയപ്രകാശ് ഹെഗ്ഡെയാണ് റിപ്പോർട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറിയത്. കർണാടകയിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് ജാതി സെൻസസ് നടപ്പാക്കും എന്നതായിരുന്നു. എന്നാൽ റിപ്പോർട്ട് സ്വീകരിച്ചാൽ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ലിംഗായത്ത് സഭ നേതൃത്വം വ്യക്തമാക്കി.

മധ്യപ്രദേശിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് കമൽനാഥും, മകൻ നകുൽനാഥ് എംപിയും ബിജെപിയിൽ ചേരാൻ പോകുന്നിലെന്ന് നകുൽനാഥ് വ്യക്തമാക്കി. അടുത്ത ഒന്നര മാസത്തിനകം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്, താനും പിതാവും ബിജെപിയിലേക്ക് പോകുന്നുവെന്ന് ബിജെപിക്കാർ തന്നെ കിംവദന്തി പരത്തുകയാണെന്ന് നകുൽ നാഥ് പറഞ്ഞു.

കടുവകളടക്കമുള്ള വലിയ ജീവികളുടെ വംശനാശഭീഷണിയെ നേരിടുന്നതിന്‍റെ ഭാഗമായി ഇവയുടെ പരസ്പര കൈമാറ്റത്തിനായി ഇന്ത്യയുടെ നേതൃത്വത്തില്‍ 96 രാജ്യങ്ങളുടെ ഒരു സഖ്യരൂപീകരണത്തിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. 2023-24 മുതൽ 2027-28 വരെയുള്ള അഞ്ച് വർഷത്തേക്ക് 150 കോടി രൂപ നീക്കിവച്ച് ഇന്ത്യ ആസ്ഥാനമായി ഇന്‍റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് സ്ഥാപിക്കുന്നതിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.

തമിഴ്നാട് തൂത്തുക്കുടിയിലെ വേദാന്തയുടെ ചെമ്പ് സംസ്ക്കരണ യൂണിറ്റ് തുറക്കാന്‍ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഫാക്ടറി അടച്ചൂപൂട്ടാനുള്ള മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള വേദാന്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ അറ്റകുറ്റ പണികളുടെ ഭാഗമായി 2018 മാർച്ചിൽ കമ്പനി പ്രവർത്തനം നിർത്തിയിരുന്നു.

പേ ടിഎം പേയ്‌മെന്റ്സ് ബാങ്കുമായുള്ള കരാറുകൾ പേടിഎം അവസാനിപ്പിച്ചതായി കമ്പനിയുടെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് വ്യക്തമാക്കി. കമ്പനിയുടെ ഡയറക്ടർ ബോർഡ് തീരുമാനത്തിന് അംഗീകാരം നൽകി. ഈ മാസം 15 ന് ശേഷം പേ ടിഎം വാലറ്റിലേക്കും ബാങ്കിലേക്കുമുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിട്ടുണ്ട്.

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആള്‍ ദൈവം ഗുര്‍മീദ് റാം റഹീം സിങ്ങിന് പരോള്‍ നല്‍കുന്നതിനെ വിലക്കി പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഗുര്‍മീദിന് കോടതിയുടെ അനുമതിയില്ലാതെ ഇനി പരോള്‍ നല്‍കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ബലാത്സംഗക്കേസിൽ 20 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീദിനെ അടുത്തിടെയും 50 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു.

ഗാസയിൽ ഭക്ഷണം വാങ്ങാൻ കാത്തുനിന്നവർക്ക് നേരെയുണ്ടായ ഇസ്രയേൽ വെടിവയ്പ്പിനെ അപലപിച്ച് രാജ്യങ്ങൾ. വെടിവയ്പ് ഒരു വിധത്തിലും നീതീകരിക്കാനാവില്ലെന്ന് ഫ്രാൻസും, താൽക്കാലിക വെടിനിർത്തലിനായെങ്കിലും നടക്കുന്ന സമാധാന ചർച്ചകളെ ശ്രമം സാരമായി ബാധിക്കുമെന്ന ആശങ്ക അമേരിക്കയും പങ്കുവച്ചു.

പ്രശസ്ത ഗായിക ക്യാറ്റ് ജാനിസ് സാർക്കോമ ക്യാൻസർ ബാധിച്ച് അന്തരിച്ചു. 31 വയസായിരുന്നു. എല്ലുകളിലും മൃദുവായ ടിഷ്യൂകളിലും കാൻസർ വികസിക്കുന്ന സാർക്കോമ എന്ന അസുഖമായിരുന്നു ജാനിസിന്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *