പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രധാനപ്രതിയായ അഖിലിനെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്നാണ് വിവരമെന്നും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും കല്‍പ്പറ്റ ഡിവൈഎസ്‍പി വ്യക്തമാക്കി. ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. മറ്റു പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും.
സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ പ്രതികള്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെങ്കിലും നടപടിയെടുക്കുമെന്നും, അക്രമത്തിന് ഒരു ന്യായീകരണവുമില്ലെന്നും മന്ത്രി പി.രാജീവ് വ്യക്തമാക്കി.
സിദ്ധാർത്ഥിനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയിരുന്നെന്നും, കോളേജ് ഹോസ്റ്റലിൽ പലപ്പോഴും അടിപിടി നടക്കാറുണ്ടെന്നും. കോളേജിൽ നടക്കുന്നത് അവിടെ തീരണമെന്നാണ് അലിഖിതനിയമമെന്ന് മർദിച്ചവർ പറഞ്ഞിട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ ആരോപണ വിധേയരായ നാലുപേരെ എസ്എഫ്ഐ പുറത്താക്കി. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ആരും ആക്രമിക്കപ്പെടരുതെന്ന നിലപാടാണ് സംഘടനയ്ക്കുള്ളതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി.
കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും കൂടി പുറത്തെടുത്തു. ഇന്നലെയാണ് ക്യാമ്പസിലെ ജീവനക്കാർ ബോട്ടണി ഡിപ്പാർട്ട്മെന്‍റിനോട് ചേർന്ന വാട്ടർ ടാങ്കിന്‍റെ മാൻഹോൾ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. അസ്ഥികൂടം പുരുഷൻ്റേതാണെന്ന് സ്ഥിരീകരിച്ചു. അസ്ഥികൂടത്തിനൊപ്പം തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടം പുരുഷന്റേതാണെന്നും തൂങ്ങി മരിച്ചതാണെന്നുമാണ് പൊലീസ് നിഗമനം.
സർക്കാർ വ്യക്തമായ ധാരണയോടെയാണ് ലോകായുക്ത വിഷയം കൈകാര്യം ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രഗവൺമെന്റ് കൊണ്ടു വന്നതിന് തുല്യമായ നിയമ ഭേദഗതിയാണ് കേരള സർക്കാരും കൊണ്ടുവന്നത്. കേരളത്തിലെ ജനങ്ങൾക്ക് അനുകൂലമാവാതിരിക്കാൻ വേണ്ടിയാണ് പ്രസിഡൻ്റിന് ഗവർണർ ബില്ല് അയച്ചത്. എന്നാൽ ബില്ല് പ്രസിഡൻ്റ് അംഗീകരിച്ചതോടെ ഗവർണർക്ക് തന്നെ തിരിച്ചടിയായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി ഭവൻ അംഗീകാരം നൽകിയ നടപടി സർക്കാരിൻ്റെ നേട്ടത്തിനപ്പുറം ഭരണഘടന സംവിധാനങ്ങളുടെ വിജയമായി കാണുന്നുവെന്ന് മന്ത്രി പി രാജീവ്. ഗവർണർ അന്ന് തന്നെ ഒപ്പ് വയ്ക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിൻ്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നു. പിന്നെ ചോദ്യങ്ങൾ ഉണ്ടായില്ലെന്നും ലോക്പാൽ ബില്ലിന് അനുസൃതമാണ് ഈ നിയമത്തിലെ വ്യവസ്ഥകളുമെന്നും മന്ത്രി വ്യക്തമാക്കി.
കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചെന്ന് സൂചന. കെപിസിസി അധ്യക്ഷനായതിനാല്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ തന്നെ സുധാകരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷന്‍. ഭരണഘടനയില്‍ ഇതിനായി പ്രത്യേക ഭാഗം എഴുതി ചേര്‍ക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഒരേ സമയം പൂർത്തിയാക്കാമെന്ന ശുപാർശ നിയമ കമ്മീഷൻ നൽകിയേക്കും. പൊതു വോട്ടര്‍ പട്ടിക തയ്യാറാക്കണം എന്നതാണ് മറ്റൊരു ശുപാർശ. സർക്കാർ കാലാവധി പൂർത്തിയാക്കാതെ വീണാൽ എല്ലാ പാർട്ടികളും ചേർന്ന ഐക്യസർക്കാരിനും നിർദ്ദേശമുണ്ട്.
വന്യജീവി ആക്രമണങ്ങളില്‍ ആളുകളുടെ ജീവൻ നഷ്ടമായിട്ടും അധികാരികള്‍ നിസംഗത കാണിക്കുകയാണെന്ന് ആരോപിച്ച് പ്രമേയം പാസാക്കി ഇടുക്കി രൂപത. കപട പരിസ്ഥിതിവാദികൾക്ക് വിധേയപ്പെട്ട് മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കൾ പൊതു സമൂഹത്തിന് അപമാനമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ആനക്കുളം പള്ളി വികാരിയെ അസഭ്യം പറഞ്ഞ മാങ്കുളം ഡി.എഫ്.ഒക്കെ തിരെയും ഇടുക്കി രൂപത പ്രതിഷേധിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ സമരമുഖത്ത് സജീവമാകുമെന്നാണ് രൂപതയുടെ മുന്നറിയിപ്പ്.
മലപ്പുറം ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു. ലീഗ് മുന്‍ എംഎല്‍എ യുടെയും പ്രാഥമിക ബാങ്കുകളുടെയും ഹര്‍ജികളും, റിസര്‍വ് ബാങ്ക് നിലപാടും കോടതി തള്ളി. ലയനത്തിന് അനുമതി നല്‍കിയിട്ട് എതിര്‍ത്തതെന്തിനെന്ന് കോടതി ചോദിച്ചു. സഹകരണ നിയമത്തിലെ ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആര്‍ബിഐ യുടെ വാദം.
അടുത്ത മാസം രണ്ടിന് ആലപ്പുഴയിൽ നടക്കുന്ന കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. പച്ചക്കറി വിറ്റ വകയിൽ ഹോർട്ടികോർപ്പിന് കോടികള്‍ നൽകാനുണ്ട്, കൂടാതെ പമ്പിംഗ് സബ്സിഡി, വിള നാശ നഷ്ടപരിഹാരം എന്നീ ഇനങ്ങളിലും കോടികളുടെ കുടിശ്ശിക നൽകാനുണ്ട്. ഇതിനിടെയാണ് കാർഷിക മേഖലയിലെ മുഖാമുഖത്തിനുള്ള 33 ലക്ഷം അനുവദിച്ച തീരുമാനം വരുന്നത്. ഇതിൽ 20 ലക്ഷം കൃഷിവകുപ്പിൻ്റെ പദ്ധതി ചെലവിനായി വകയിരുത്തിയ തുകയിൽ നിന്നാണ് നൽകുന്നത്. ബാക്കി വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും പൊതുമേഖലാ ബാങ്കുകളിൽ നിന്നും സ്പോൺസർഷിപ്പായി കണ്ടെത്താനാണ് ഉത്തരവ് നൽകിയിട്ടുള്ളത്.
വിവാദ പരാമര്‍ശത്തെ തുടർന്ന് വയനാട് ബിജെപി ജില്ലാ പ്രസിഡന്‍റ് കെപി മധുവിനെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനാണ് പകരം ചുമതല. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്നായിരുന്നു കെപി മധുവിന്‍റെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടവും രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് മധുവിനെ തൽസ്ഥാനത്തു നിന്നും നീക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മീനു സജീവന്റെ പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി. സംഭവത്തെ തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് മീനു പരാതി നൽകി. വിദേശ നമ്പറിൽ നിന്ന് മീനുവിന്റെ സുഹൃത്തുക്കൾക്ക് വീഡിയോ അയച്ചതായി പരാതിയിൽ പറയുന്നു. ആലപ്പുഴ വള്ളികുന്നം സ്വദേശിയുടെ പേരിലുള്ള വിദേശ നമ്പറാണിത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഭാര്യ വർക്കല ചാവർകോട് സ്വദേശി ലീല മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകൻ റിമാൻഡിലാണ്. ഫെബ്രുവരി 26 ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സിയിലായിരുന്നു.
ക്വാട്ടേഴ്സിനുള്ളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനായ എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
താനൂരിൽ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നുവെന്നും, മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും അമ്മ ജുമൈലത്ത് പൊലീസിന് മൊഴി നൽകി.
ഹിമാചല്‍പ്രദേശില്‍ ബിജെപിക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ മാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കി. ബാക്കിയുള്ള എംഎൽഎമാരെ കൂടെ നിര്‍ത്താൻ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു ഷിംലയില്‍ യോഗം വിളിച്ച് ചേർത്തു. അതോടൊപ്പം എഐസിസി നിരീക്ഷകർ കോണ്‍ഗ്രസ് അധ്യക്ഷന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി നാളെ പുറത്തിറക്കുമെന്ന് സൂചന. 400 സീറ്റ് എന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ബിജെപി ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ മുതല്‍ പ്രദേശിക താരങ്ങളെവരെ പരിഗണിക്കുന്നു എന്നാണ് വിവരം.
മുൻ എംപിയും ചലച്ചിത്ര താരവുമായ ജയപ്രദയെ മാര്‍ച്ച് ആറിനകം അറസ്റ്റ് ചെയ്‍ത് ഹാജരാക്കാൻ യുപി കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഏഴ് പ്രാവശ്യം സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ജയപ്രദയെ അറസ്റ്റ് ചെയ്‍ത് ഹാജരാക്കാൻ ഉത്തര്‍പ്രദേശിലെ രാംപുരിലെ കോടതി ഉത്തരവിട്ടിരിക്കുന്നത്.
മദ്ധ്യപ്രദേശിലെ ദിണ്ടോരിയിൽ പിക്കപ്പ് വാഹനം തലകീഴായി മറിഞ്ഞ് പതിനാല് പേര്‍ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. പ്രദേശത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഗ്രാമീണർ പിക്കപ്പിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം.ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ വാഹനം തലകീഴായി മറിയുകയായിരുന്നു എന്നാണ് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്‌ച അല്‍ നസ്ര്- അല്‍ ഷബാബ് മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സസ്‌പെന്‍ഷന്‍. ഒരു കളിയിലാണ് സൗദി ഫുട്ബോള്‍ പ്രോ ലീഗില്‍ അല്‍ നസ്‌ര്‍ ക്ലബിന്‍റെ താരമായ റൊണാള്‍ഡോയ്‌ക്ക് വിലക്ക്, ഇതിനൊപ്പം 30,000 സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. നടപടിയിന്‍മേല്‍ ക്രിസ്റ്റ്യാനോയ്‌ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തില്‍ അല്‍ നസ്ര്, അല്‍ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.