വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനുള്ള ആര്‍ബിഐ നിര്‍ദേശത്തിന് പിന്നാലെ പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചു. നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍നിന്നാണ് വിജയ് ശര്‍മ പടിയിറങ്ങിയത്. എല്ലാ ഇടപാടുകളും മാര്‍ച്ച് 15നകം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ആര്‍ബിഐ പേടിഎമ്മിന് നല്‍കിയ നിര്‍ദേശം. ഇതിന് പിന്നാലെയാണ് വിജയ് ശേഖറിന്റെ രാജി. മാര്‍ച്ച് 15നു ശേഷം പേ്ടിഎം ബാങ്കിന്റെ സേവിങ്സ് / കറന്റ് അക്കൗണ്ടുകള്‍, വോലറ്റ്, ഫാസ്ടാഗ്, നാഷനല്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതാണ് ആര്‍ബിഐ വിലക്കിയിരിക്കുന്നത്. മുന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശ്രീനിവാസന്‍ ശ്രീധര്‍, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ ഗാര്‍ഗ്, മുന്‍ ഐഎഎസ് ഓഫീസര്‍ രജനി സെഖ്രി സിബല്‍, എന്നിവരെ ഉള്‍പ്പെടുത്തി പിപിബിഎല്‍ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. പുതിയ ചെയര്‍മാനെ നിയമിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് അറിയിച്ചു. പേയ്ടിഎം പേയ്മെന്റ്സ് ബാങ്കില്‍ വിജയ് ശേഖര്‍ ശര്‍മയ്ക്ക് 51 ശതമാനവും വണ്‍ 97 കമ്മ്യൂണിക്കേഷന് 49 ശതമാനവും ഓഹരിയാണുള്ളത്.