ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ സുധാകരൻ മത്സരിച്ചേക്കും. ഇത് സംബന്ധിച്ച് എഐസിസി കെ.സുധാകരന് നിര്‍ദേശം നല്‍കി. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ സിപിഎം എംവി ജയരാജനെ തീരുമാനിച്ച സാഹഹചര്യത്തിൽ അതിനെ നേരിടാൻ സുധാകരൻ തന്നെ വേണമെന്ന നിലപാടാണ് നേതൃത്വത്തിന്. തുടർച്ചയായി ഇത് നാലാം തവണയാണ് സുധാകരൻ കണ്ണൂരിൽ നിന്നും മൽസരിക്കുന്നത്.
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായി പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ച് വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. നിരപരാധിയാണെന്നും, ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും, വധശിക്ഷയ്ക്ക് വിധിക്കരുതെന്നും വീട്ടിൽ മറ്റാരും ഇല്ലെന്നും മിക്ക പ്രതികളും ആവശ്യപ്പെട്ടു. കേസിൽ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയിൽ ഹാജരാകാതിരുന്നത്.
ഭിന്നശേഷിക്കാരുടെ സമഗ്രവികസനം പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമെന്ന് മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സൃഷ്ടിയിൽ ഭിന്നശേഷി ഉള്ളവരെ കൂടി ഉൾപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിക്കവെ മാസപ്പടിക്കേസിലെ കേന്ദ്ര അന്വേഷണത്തെ എതിർക്കുന്നതെന്തിനാണെന്ന് പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡിസിയോട് ഹൈക്കോടതി ചോദിച്ചു. പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലെ കെഎസ്ഐഡിസിയെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സി.എം.ആര്‍.എല്ലിനായി മുഖ്യമന്ത്രി കൂടുതല്‍ ഇടപെടല്‍ നടത്തിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഭൂപരിധി ചട്ടത്തില്‍ ഇളവുതേടിയ കമ്പനിക്കായി റവന്യൂ വകുപ്പിനെ മറികടന്ന് ഇടപെട്ടുവെന്നും, റവന്യൂ വകുപ്പ് തീര്‍പ്പാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. ഭൂപരിഷ്ക്കരണ നിയമം മറികടക്കാന്‍ കുറിപ്പ് മന്ത്രിസഭയില്‍ കൊണ്ടുവന്നുവെന്നും കുഴൽ നാടൻ പറഞ്ഞു.
കെപിസിസി നടത്തുന്ന സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡിസിസി വ്യക്തമാക്കിയിരുന്നത് എന്നാൽ ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകുമെന്നും അതിനാൽ സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കിയതായും ഡിസിസി നേതൃത്വം അറിയിച്ചു.
ആര്‍ജെഡിയുടെ പ്രശ്നം എൽഡിഎഫ് ആദ്യം പരിഹരിക്കട്ടെയെന്നും മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ കണ്ണീരൊഴുക്കേണ്ടെന്നും കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. 53 വര്‍ഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണെന്നും, മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് തന്റെ അറിവ്, മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
മൂന്നാർ നയമക്കാട് എസ്റ്റേറ്റ് വഴിയിൽ സിമൻറ് കയറ്റി വന്ന ലോറി പടയപ്പ എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാന തടഞ്ഞു. ഇതേ തുടര്‍ന്ന് ഒരു മണിക്കൂർ നേരം ഈ റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. തല കൊണ്ട് ലോറിയിൽ ഇടിച്ച കാട്ടാന പിന്നീട് ലോറിക്ക് മുന്നിൽ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾ ബഹളം വച്ചതോടെയാണ് പടയപ്പ ജനവാസ മേഖലയിൽ നിന്നും മാറിയത്.
വയനാട് ജില്ലയിലെ മുള്ളൻകൊല്ലിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി. വടാനകവലയ്ക്ക് സമീപം വനമൂലികയിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്താകെ നാല് കൂടുകൾ സ്ഥാപിച്ചിരുന്നു. മൂന്നാമത് സ്ഥാപിച്ച കൂടിനോട് ചേര്‍ന്ന കെണിയിലാണ് കടുവ കുടുങ്ങിയത്. കടുവയെ ആദ്യം കുപ്പാടിയിലേക്ക് മാറ്റാനാണ് തീരുമാനം.
ഹൗസിങ് ബോർഡ് അഴിമതി കേസിൽ തമിഴ്നാട് ഗ്രാമ വികസന വകുപ്പ് മന്ത്രി ഐ.പെരിയസാമിയെ കുറ്റ വിമുക്തനാക്കിയ പ്രത്യേക കോടതിവിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വിചാരണ നടത്തി ജൂലൈയ്ക്ക് മുമ്പ് പൂർത്തിയാക്കാൻ ജനപ്രതിനിധികളുടെ പ്രത്യേക കോടതിക്ക് നിർദ്ദേശം നൽകി.
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ തിരുവനന്തപുരത്തെത്തും. ഐഎസ്ആര്‍ഒയിലെ ഔദ്യോഗിക പരിപാടിക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മോദി ഉദ്ഘാടനം ചെയ്യും.
ആലപ്പുഴയിലെ കാട്ടൂരുള്ള ഏഴാം ക്ലാസുകാരൻ പ്രജിത്ത് ആത്മഹത്യ ചെയ്തതിനെ തുടർന്ന് സ്കൂളിലെ കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെ മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അധ്യാപകരുടെ ശിക്ഷാനടപടിയിൽ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴി.
കൊയിലാണ്ടിയിൽ മാരാമുറ്റം തെരുവിന് സമീപത്തുവെച്ച് ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർത്ഥിനിയായ ദിയ ഫാത്തിമയാണ് മരിച്ചത്. റെയിൽവേ ഇൻസ്പെഷൻ കോച്ച് തട്ടിയാണ് അപകടം.
വാരണാസി ഗ്യാന്‍വാപി മസ്ജിദിന്‍റെ ഒരു ഭാഗത്തെ നിലവറകളില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാം. പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. 30 വര്‍ഷത്തിന് ശേഷമാണ് നിലവറകളില്‍ പൂജ നടത്താന്‍ വാരണാസി കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഓഖ മെയിൻലാൻ്റിനെയും ബെയ്റ്റ് ദ്വാരകയെയും ബന്ധിപ്പിക്കുന്ന ഏകദേശം 2.32 കിലോമീറ്റർ നീളമുള്ള ഏറ്റവും നീളം കൂടിയ കേബിൾ പാലമായ സുദർശൻ സേതു ഞായറാഴ്ച പുലർച്ചെ ഉദ്ഘാടനം ചെയ്തു. ഏകദേശം 980 കോടി രൂപയാണ് ഈ പാലത്തിന്‍റെ നിർമാണത്തിനായി ചെലവായത്.
കർണാടക സർക്കാർ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംവാദ വേദിയിൽ പങ്കെടുക്കാനെത്തിയ പ്രൊഫ. നിതാഷ കൗളിനെ ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷൻ അധികൃതര്‍ തിരിച്ചയച്ചു. യുകെയിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ പ്രൊഫസറായ നിതാഷയ്ക്ക് കർണാടക സർക്കാരിന്‍റെ ക്ഷണമുണ്ടായിട്ടും, എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും തിരിച്ചയച്ചെന്നാണ് നിതാഷ കൗൾ പറയുന്നത്. ആർഎസ്എസിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനാണ് തന്നെ തടഞ്ഞതെന്നും, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് പേനയെ ഭയമാണോ എന്നും നിതാഷ കൗൾ ചോദിച്ചു.
സിലിഗുരി സഫാരി പാർക്കിലെ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന വിഎച്ച് പിയുടെ ഹർജിയെ തുടർന്ന് വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്തു. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്ന് സിംഹങ്ങളെ പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിലേക്ക് എത്തിച്ചത്. ആരാധനമൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു വിഎച്ച്പി യുടെ ഹർജിയിലെ വാദം.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകള്‍ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ ഏകദേശം 10 കിലോഗ്രാം സ്വര്‍ണം 25 കിലോഗ്രാം വെള്ളി ഇതിന് പുറമെ പണമായും ചെക്കായും ഡ്രാഫ്റ്റായും 25 കോടി രൂപയും ലഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി. അതോടൊപ്പം ട്രസ്റ്റിന്റെ ബാക്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് ലഭിക്കുന്ന തുകയുടെ കണക്ക് സമാഹരിച്ചിട്ടില്ലാത്തതിനാൽ ഇതു വഴിയുള്ള തുക ഇതിൽ ഉള്‍പ്പെട്ടിട്ടില്ലെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻ ചാർജ് വ്യക്തമാക്കി. ക്ഷേത്രത്തിൽ ലഭിച്ച സ്വർണവും വെള്ളിയും മറ്റ് അമൂല്യ ലോഹങ്ങളും ഉരുക്കി സൂക്ഷിക്കുന്നതിനുള്ള ചുമതല കേന്ദ്ര സർക്കാറിന്റെ നാണയ നിർമാണ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.
ഒമാനിലെ വിവിധ പ്രദേശങ്ങളിൽ പുലര്‍ച്ചെ മൂന്നു മണിക്ക് ആരംഭിച്ച് വൈകുന്നേരം മൂന്നു മണി വരെ പൊടിക്കാറ്റ് തുടരുമെന്ന് രാജ്യത്തെ സിവിൽ എവിയേഷൻ സമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മസ്കറ്റ്, തെക്കൻ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ, അൽ ദാഹിറ, അൽ ബുറേമി എന്നി ഗവർണറേറ്റുകളിൽ 15 മുതൽ 35 നോട്സ് വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്നാണ് അറിയിപ്പ്.
ഇന്ത്യൻ നാഷണൽ ലോക്ദൾ ഹരിയാന യൂണിറ്റ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ നഫേ സിങ് റാഠിയെ കാറിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് കാറിൽ യാത്ര ചെയ്യുകയായിരുന്ന നഫേ സിങിനെ മറ്റൊരു വാഹനത്തിലെത്തിയ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർ കൂടി കൊല്ലപ്പെട്ടു.
വനിതാ പ്രീമിയർ ലീഗിൽ ഇന്ന് യുപി വാരിയേഴ്സ് ഡെൽഹി ക്യാപിറ്റൽസ് വുമണിനെ നേരിടും. ബെംഗളൂരുവിൽ രാത്രി 7.30 നാണ് മൽസരം.
ഐ എസ് എൽ ഫുട്ട്ബോളിൽ ഇന്നു നടക്കുന്ന മൽസരത്തിൽ ഈസ്ററ് ബംഗാൾ ചെന്നൈയിൻ എഫ് സിയെ നേരിടും. ഇന്നലെ നടന്ന മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. ഇന്ത്യയ്ക്കായി രോഹിത് ശർമ്മ അർദ്ധസെഞ്ചുറി നേടി. ഇന്നത്തെ മൽസരം ജയിച്ചാൽ ആതിഥേയർ 3-1ന് പരമ്പരയിൽ മുന്നിലെത്തും.