ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍. ലോകയുക്തയുടെ അധികാരം വെട്ടിക്കുറച്ച ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ മാറ്റിവച്ചിരിക്കുന്നത്. ഈ ഓര്‍ഡിനന്‍സുകളുടെ കാലാവധി നാളെ തീരും. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഇനി 12 നേ തിരിച്ചെത്തൂ. ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഒരിക്കല്‍ ഗവര്‍ണര്‍ ഒപ്പിട്ടതാണ്. നിയമസഭാ സമ്മേളനം തുടങ്ങി 42 ദിവസത്തിനകം ഓര്‍ഡിനന്‍സ് നിയമസഭയില്‍ പാസാക്കാത്തതിനാലാണ് വീണ്ടും ഓര്‍ഡിനന്‍സാക്കേണ്ടി വരുന്നത്.
തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി നിലച്ചു. ഇന്ധന പ്രതിസന്ധിയാണു കാരണം. മഴക്കെടുതികള്‍മൂലം യാത്രക്കാരും കുറവാണ്. വരുമാനം കുറവുള്ള സര്‍വീസുകള്‍ നിര്‍ത്തിയിടാനാണു തീരുമാനം.
മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍കൂടി ഉടനേ തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. നിലവില്‍ 10 ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റീമീറ്റര്‍ ഉയര്‍ത്തി. അന്‍പത് ഘനമീറ്റര്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നുണ്ട്. പത്തനംതിട്ടയിലെ കക്കി ആനത്തോട് അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ 123 കോടി രൂപ വേണമെന്ന് കെഎസ്ആര്‍ടിസി. കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാനാണ് കൂടുതല്‍ തുക സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
പന്തിരിക്കരയില്‍ ഇര്‍ഷാദിനെ ബന്ദിയാക്കി മര്‍ദിച്ച സ്വര്‍ണ്ണക്കടത്തു സംഘം ദുബായിയില്‍ ഇടനിലക്കാരനെ തട്ടിക്കൊണ്ടുപോയി. കണ്ണൂര്‍ സ്വദേശിയായ ജസീലിനെയാണ് സ്വര്‍ണ്ണക്കടത്തു സംഘം കസ്റ്റഡിയിലെടുത്തത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതിനു പോലീസ് തെരയുന്ന നാസര്‍ എന്ന സ്വാലിഹിന്റെ സംഘമാണ് ജസീലിനെ ബന്ദിയാക്കിയതെന്നാണ് സൂചന.
പത്തനംതിട്ട ശബരിഗിരി വൈദ്യുതി പദ്ധതിയിലെ ഒരു ജനറേറ്റര്‍ കൂടി തകരാറിലായി. ജനറേറ്ററിന്റെ കോയില്‍ കത്തി നശിച്ചതോടെ വൈദ്യുതോപാദ്‌നം 340 മെഗാവാട്ടില്‍ നിന്നും 225 ആയി കുറഞ്ഞു.
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലന്‍ പ്രസിഡന്റായ ഹരിപ്പാട് കുമാരപുരം സര്‍വീസ് സഹകരണ ബാങ്കിലെ വെട്ടിപ്പിനെക്കുറിച്ച് പാര്‍ട്ടിയുടെ അന്വേഷണം. പണയ പണ്ടങ്ങളില്ലാതെ 32 പേര്‍ക്ക് ഒരു കോടിയോളം രൂപ വായപ നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ പണമിടപാടുകളും നടത്തിയിട്ടുണ്ട്.
പ്രശസ്ത കഥകളി ഗായകന്‍ മുദാക്കല്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. 87 വയസായിരുന്നു.
രാത്രിയും പകലും ഒന്നിച്ചിരുന്നു മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം, കത്തിക്കുത്ത്. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം കുടിലങ്ങ ബസാറില്‍ കരനാട്ട് വേലായുധന്റെ മകന്‍ ശക്തിധരനാണ് (48) കുത്തേറ്റത്. സുഹൃത്ത് പവനനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്‌കൂട്ടറപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്‌സിംഗ് കോളജ് അസി. പ്രഫസര്‍ മരിച്ചത് ചികിത്സാ പിഴവു മൂലമെന്ന് ആരോപിച്ച് പരാതി. നന്ദാവനം എ.ആര്‍.ക്യാമ്പിലെ എ.എസ്.ഐ കെ. റെജിയുടെ ഭാര്യ വിഴിഞ്ഞം മുല്ലൂര്‍ കടയ്ക്കുളം കപ്പവിള നന്ദനം നിവാസില്‍ വി.ആര്‍. രാഖി (41) ആണ് മരിച്ചത്.
കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനെതിരെ ഭാര്യ നല്‍കിയ പരാതിയിലാണു് കേസെടുത്തത്.
അഞ്ഞൂറു കിലോഗ്രാംവരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള എസ്എസ്എല്‍വി ഇന്ത്യ വിക്ഷേപിച്ചു. വിക്ഷേപിച്ച ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായില്ലെന്ന് ഐഎസ്ആര്‍ഒ. രണ്ട് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ഐഎസ്ആര്‍ഒയുടെ അഭിമാന വാഹനമായ പിഎസ്എല്‍വിയുടെ ഒരു ചെറു പതിപ്പാണ് ഈ റോക്കറ്റ്.
ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ഏര്‍പ്പെടുത്തിയതുമൂലം കഴിഞ്ഞ വര്‍ഷം 35 കോടി ലിറ്റര്‍ പെട്രോളും ഡീസലും ലാഭിച്ചെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ടോള്‍ പ്ലാസകളില്‍ ഏറെ സമയം വാഹനം നിര്‍ത്തിയിടേണ്ടി വരാത്തതിനാല്‍ 2,800 കോടി രൂപയുടെ നേട്ടമുണ്ടായെന്ന് ശശി തരൂരിനു ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫാസ്ടാഗിലൂടെ 33,274 കോടി രൂപ ടോള്‍ പിരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഓഫീസുകളിലും വീടുകളിലും ആദായനികുതി റെയ്ഡ്. ചെന്നൈ, മധുര, കോയമ്പത്തൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളിലെ 40 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. 26 കോടി രൂപയുടെ പണവും മൂന്നു കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ 200 കോടിയിലധികം വരുന്ന വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തിയെന്നാണ് വിവരം.
അവധി നല്‍കാത്ത മേലുദ്യോഗസ്ഥനെ കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഇന്ത്യന്‍ മ്യൂസിയത്തിലെ സിഐഎസ്എഫ് ജവാന്‍ വെടിവച്ചുകൊന്നു. രണ്ടു ജവാന്മാര്‍ക്കു പരിക്ക്. അസിസ്റ്റന്റ് കമാന്‍ഡന്റ് രഞ്ജിത് സാരംഗിയാണു കൊല്ലപ്പെട്ടത്. വെടിവച്ച ഹെഡ് കോണ്‍സ്റ്റബിള്‍ അക്ഷയ് മിശ്രയെ അറസ്റ്റു ചെയ്തു.
ഇന്ത്യന്‍ വംശജയായ അഭിഭാഷക രൂപാലി എച്ച് ദേശായിയെ അമേരിക്കയില്‍ ജഡ്ജിയായി നിയമിച്ചു. ഒമ്പതാം സര്‍ക്കീറ്റ് കോടതിയിലെ ജഡ്ജിയായാണ് ഈ നാല്‍പത്തിനാലുകാരിയെ നിയമിച്ചത്.
ഗാസയില്‍ ഇസ്രേലി വ്യോമാക്രമണം. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള 12 പേര്‍ കൊല്ലപ്പെട്ടു. റഫയിലും ജബലിയയിലുമാണ് പ്രധാനമായി ആക്രമണം നടന്നത്.