കേന്ദ്ര സര്‍ക്കാരിനെതിരേ കേരള സര്‍ക്കാര്‍ വ്യാഴാഴ്ച ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടത്താനിരിക്കുന്ന പ്രതിഷേധ സമരത്തില്‍ കേരള മുഖ്യമന്ത്രി അടക്കം നാലു മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരാണു പങ്കെടുക്കുക. ജന്തര്‍ മന്ദറിലെ സമരത്തിനു ഡല്‍ഹി പോലീസ് അനുമതി നല്കി. കേന്ദ്ര സര്‍ക്കാരിനെതിരേ നാളെ കര്‍ണാടക സര്‍ക്കാരും ജന്തര്‍മന്ദറില്‍ പ്രതിഷേധ സമരം നടത്തുന്നുണ്ട്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. എസ്എന്‍ഡിപിയുടെ ശക്തമായ പിന്തുണ മോദി തേടി. വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ ഡല്‍ഹിയില്‍ നടത്തിയ വിവാഹ വിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നു.
വ്യക്തിപരമായ ഈഗോ പോലീസുകാര്‍ക്കു നല്ലതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയാന്‍ രൂപീകരിച്ച സൈബര്‍ ഡിവിഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ വര്‍ഷം മാത്രം 201 കോടി രൂപയാണ് സൈബര്‍ തട്ടിലൂടെ കേരളത്തില്‍നിന്നും കടത്തിയത്. അമിത ലാഭം പ്രതീക്ഷവരാണ് തട്ടിപ്പിന് ഇരയായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.വി. അന്‍വറിന്റെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷയിലെ പിഴവുമൂലവും രേഖകള്‍ ഹാജരാക്കാത്തതുമൂലവും ലൈസന്‍സ് നല്‍കിയിട്ടില്ല. ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു. നാളെ മറുപടി നല്‍കണമെന്നു സര്‍ക്കാറിനു കോടതി നിര്‍ദേശം നല്കി.
സ്വകാര്യ മേഖല പാടില്ലെന്നു പറഞ്ഞ് പണ്ടും സിപിഎം സമരം നടത്തിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇഎംഎസിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിര്‍ക്കുന്നത്. ഇവിടെ സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിര്‍ത്തിട്ടില്ല. ഇനി എതിര്ക്കുകയുമില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
തന്റെ സ്വത്ത് മരവിപ്പിച്ച എന്‍ഫോഴ്സ്മെന്റിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസി മൊയ്തീന് എംഎല്‍എ. സ്വത്ത് കണ്ട് കെട്ടിയിട്ടില്ലെന്നും 28 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതാണെന്നും മൊയ്തീന് പറഞ്ഞു. തന്റെ സമ്പാദ്യം നിയമവിധേയമാണ്. ജനപ്രതിനിധി എന്ന നിലയില്‍ തനിക്കും സര്‍ക്കാര്‍ ജീവനക്കാരി എന്ന നിലയില്‍ ഭാര്യക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യമെന്നും മൊയ്തീന് കൂട്ടിച്ചേര്‍ത്തു.
കഞ്ചാവു ലഹരിയില്‍ കാര്‍ ഓടിച്ച് അപകട പരമ്പരയുണ്ടാക്കിയ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എംസി റോഡില്‍ കോട്ടയം മറിയപള്ളി മുതല്‍ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയില്‍ ഇവര്‍ കാറോടിച്ചത്. നിരവധി വാഹനങ്ങളില്‍ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ പിന്തുടര്ന്ന് ക്രെയിന്‍ കുറുകെ നിര്‍ത്തിയിട്ടാണ് ദമ്പതികളെ പിടികൂടിയത്.
കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ച സ്വവര്‍ഗപങ്കാളി മനുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മുണ്ടക്കയം സ്വദേശിയായ പങ്കാളി ജെബിന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെയും സ്വകാര്യ ആശുപത്രിയുടെയും വിശദീകരണം തേടി. നാളെ മറുപടി നല്‍കണമെന്നാണു സിംഗിള്‍ ബഞ്ചിന്റെ നിര്‍ദ്ദേശം. മനുവുമായി അകന്നു നില്ക്കുന്ന ബന്ധുക്കള്‍ ആശുപത്രിയിലെ ചികിത്സാ ചെലവ് നല്‍കിയെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല.
പെണ്മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 123 വര്‍ഷം തടവുശിക്ഷ. പതിനൊന്നും പന്ത്രണ്ടും വയസ്സ് പ്രായമുള്ള മക്കളെ പീഡിപ്പിച്ച ഇയാള്‍ 8.85 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതി വിധിച്ചു. 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നത്.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയിലായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി സാം തിമോത്തിയോസിനെയാണ് 3.18 കിലോഗ്രാം കഞ്ചാവുമായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് എക്സൈസ് സംഘം പിടികൂടിയത്.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പറപ്പൂര് സ്വദേശി ഹാരിസാണ് അറസ്റ്റിലായത്. ഊട്ടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസിലായിരുന്നു അതിക്രമം.
വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയിലെ പൂജയുമായി ബന്ധപ്പെട്ട് തുടരെത്തുടരെ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതു പ്രശസ്തിക്കുവേണ്ടിയാണെന്ന് അലഹബാദ് ഹൈക്കോടതി. എല്ലാ ഹര്‍ജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി നിര്‍ദേശിച്ചു. അതേസമയം, പള്ളി കമ്മറ്റിയുടെ ഹര്‍ജിയിലെ ഭേദഗതി കോടതി അനുവദിച്ചു. നാളെ ഹര്‍ജി വീണ്ടും പരിഗണിക്കും.
ദേശീയപുരസ്കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന സിനിമയില്‍ അഭിനയിച്ച കാസമ്മാള്‍ (71) മകന്റെ അടിയേറ്റു കൊല്ലപ്പെട്ടു. മദ്യപിക്കാന്‍ പണംചോദിച്ച് വഴക്കിട്ട് കൊലപാതകം നടത്തിയ മകന് നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിലെ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം.