കോണ്‍ഗ്രസ് മഹാജന സഭ നാളെ തൃശൂരില്‍. തേക്കിന്‍കാട് മൈതാനിയില്‍ ഉച്ചകഴിഞ്ഞു മൂന്നിന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 25,177 ബൂത്തുകളില്‍നിന്നു മൂന്നു പ്രതിനിധികള്‍ എന്ന തോതില്‍ ലക്ഷം പേര് പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനു കേരളത്തിലെ ബൂത്തുതല കമ്മിറ്റികളെ സജ്ജമാക്കാനുള്ള സമ്മേളനമാണിത്. ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും ബി.എല്‍.എ. മാരും പങ്കെടുക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു സമിതി യോഗം നാളെ രാവിലെ 11 ന് തൃശൂര്‍ ഡിസിസിയില്‍ ചേരും. ആദ്യ റൗണ്ട് ചര്‍ച്ചകളാണ് ഈ യോഗത്തിലുണ്ടാകുക. സിറ്റിംഗ് എംപിമാര്‍ വീണ്ടും മല്‍സരിക്കണമെന്നാണ് എഐസിസിയുടെ പൊതുവേയുള്ള നിലപാട്.
ലോക്സഭയിലേക്കു മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് തന്നില്ലെങ്കില്‍ വിമതരായി മല്‍സരിക്കുമെന്നു കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി. രാജ്യസഭാംഗമായ കെ സി വേണുഗോപാല്‍ ആലപ്പുഴ സീറ്റില്‍ മത്സരിക്കുന്നില്ലെങ്കില്‍ ഐഎന്‍ടിയുസിക്കു വേണം. പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് കഴിയുന്നില്ലെന്നും ഐഎന്‍ടിയുസി വിമര്‍ശിച്ചു.
കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാര്. 2019 ല്‍ കേരളം തമിഴ്നാടുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. വോള്‍വോ ലോ ഫ്ളോര്‍ എസി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് തുടങ്ങുക.
ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമരത്തെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്താണു പറയാനുള്ളതെന്ന് മന്ത്രിമാരായ എംബി രാജേഷും പി രാജീവും. കേരളത്തിനുവേണ്ടി ഡല്‍ഹിയില്‍ സമരം നടത്താന്‍ തീരുമാനിക്കുന്നതിനു മുന്‍പ് കേരള സര്‍ക്കാര്‍ പ്രതിപക്ഷത്തോട് ആലോചിച്ചു. പക്ഷേ അവര്‍ കേരളത്തിന്റെ വികാരത്തിനൊപ്പം നില്‍ക്കാതെ സമരം നാടകമാണെന്ന് അധിക്ഷേപിക്കുകയാണു ചെയ്തതെന്ന് മന്ത്രിമാര്‍ പറഞ്ഞു.
കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ പരാതിയില്‍ കാര്യമുണ്ടെന്നും അദ്ദേഹത്തിനുണ്ടായ വേദനയില്‍ ഖേദമുണ്ടെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാന്. ചുള്ളിക്കാടിനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചെന്നും മന്ത്ി പറഞ്ഞു.
പ്രതിഫലം വാങ്ങാതെ താന്‍ അനേകം പരിപാടിക്കു പോയിട്ടുണ്ടെന്നും പരാതിയുണ്ടെങ്കില്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്. സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തില്‍ കവി ബാലചന്ദ്രന് ചുള്ളിക്കാടിനെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ഈ പ്രതികരണം. വിവാദമായതോടെ ഫേസ്ബുക്ക് കുറിപ്പ് സച്ചിദാനന്ദന് പിന്‍വലിച്ചു.
ഭാര്യയും രണ്ടു മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചു പേരെ കാണാനില്ലെന്നു കുടുംബനാഥന്. കോഴിക്കോട് കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന മധുഷെട്ടിയാണ് പരാതിക്കാരന്. ഭാര്യ സ്വപ്ന, മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17) എന്നിവരെയാണ് കഴിഞ്ഞ മാസം 20 മുതല്‍ കാണാതായത്.
മാനന്തവാടി നഗരത്തില്‍നിന്നു മയക്കുവെടിവച്ച് പിടികൂടി കര്‍ണാടകത്തിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്ക്കൊമ്പന് ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കര്‍ണാടക വകുപ്പ്. ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചു. വാഹനത്തില്‍വച്ചു തന്നെ ആന കുഴഞ്ഞു വീണു. ആള്‍ക്കൂട്ടവും ബഹളവും കണ്ടതിന്റെ ആഘാതം ആനക്കുണ്ടായിരിക്കാമെന്നും കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
നാഥുറാം ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടിയിലെ അധ്യാപിക ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍നിന്നു പുറത്താക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മധ്യവയസ്കന് വീട്ടില്‍ മരിച്ച നിലയില്‍. കോന്നി വെള്ളപ്പാറ സ്വദേശി ജയപ്രസാദ് (52) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്. കുടുംബവുമായി അകന്നു കഴിയുകയായിരുന്നു ജയപ്രസാദ്.
പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവച്ചു. ഛണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയും രാജിവെച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ളതിനാലുമാണ് രാജിയെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു സമര്‍പ്പിച്ച രാജിക്കത്തില്‍ പറയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ പഞ്ചായത്തു തലത്തിലുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് ബിജെപി സമ്മേളനം 17, 18 തീയതികളില്‍ നടത്തും. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണു സമ്മേളനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും പ്രസംഗിക്കും.
ജാര്‍ക്കണ്ഡ് നിയമസഭയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത മുന്‍മുഖ്യമന്ത്രിയും ജാര്‍ക്കണ്ഡ് മുക്തിമോര്‍ച്ച നേതാവുമായ ഹേമന്ത് സോറനു പങ്കെടുക്കാമെന്ന് റാഞ്ചി പ്രത്യേക കോടതി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ചംപയ് സോറന് വിശ്വാസവോട്ടു നേടുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത്ര് സോറന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
പേടിഎമ്മിനു പിറകേ, ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിക്കെതിരേകൂടി നടപടിയെടുത്ത് റിസര്‍വ് ബാങ്ക്. ചില നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കാത്തതിന് ബജാജ് ഹൗസിംഗ് ഫിനാന്‍സിന് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി.
അമ്മയെ ഇരുമ്പുകമ്പികൊണ്ട് തല്ലിക്കൊന്ന പതിനേഴുകാരനായ മകനെ പൊലീസ് അറസ്റ്റു ചെയ്തു. കര്‍ണാടകയിലെ കെആര്‍ പുരം മേഖലയില്‍ നാല്പതുകാരിയായ നേത്രയാണു കൊല്ലപ്പെട്ടത്. അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്യാറില്ലെന്നാണ് ഡിപ്ലോമ വിദ്യാര്‍ത്ഥിയായ മകന്റെ ആരോപണം.
ഇസ്ലാമിക നിയമം ലംഘിച്ചു വിവാഹിതരായതിന് പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനും ഭാര്യ ബുഷ്റയ്ക്കു ഏഴു വര്‍ഷം വീതം കഠിന തടവ്. വിവാഹമോചനം നേടിയ ബുഷ്റ അടുത്ത വിവാഹത്തിനുള്ള കാലയളവു പൂര്‍ത്തിയാക്കിയില്ലെന്നാണ് കേസ്. ഔദ്യോഗിക രേഖകള്‍ പരസ്യപ്പെടുത്തിയതിന് കഴിഞ്ഞയാഴ്ച ഇമ്രാനെ പത്തു വര്‍ഷത്ത തടവിനു ശിക്ഷിച്ചിരുന്നു.