കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്ക് വിമാനക്കൂലി കുറയ്ക്കാൻ തീരുമാനമായതായി മന്ത്രി വി അബ്ദുറഹ്മാൻ. വിമാന കൂലിയുടെ കാര്യത്തിൽ കേന്ദ്ര ഗവൺമെന്റ് ഉറപ്പുനൽകി എന്നാണ് മന്ത്രി പറഞ്ഞത്. ഹജ്ജ് യാത്രക്കാരുടെ വിമാന ടിക്കറ്റ് ചാർജിൽ ഇളവ് നൽകുമെന്ന് കേന്ദ്രo ഉറപ്പു നൽകിയിരുന്നതായി മുസ്ലിം ലീഗ് എം പിമാർ അറിയിച്ചിരുന്നു. ഹജ്ജ് യാത്രക്കാരുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇ ടി മുഹമ്മദ് ബഷീർ, ഡോ. എം പി അബ്ദുസ്സമദ് സമദാനി, പി വി അബ്ദുൾ വഹാബ് എന്നിവർ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നൽകിയിരുന്നു.കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് ഉള്ള വിവേചനവും വിമാന ടിക്കറ്റ് ചാർജ്ജിലുള്ള ഭീമമായ അന്തരവും വിശദമായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും മുസ്ലിം ലീഗ് എം പിമാർ വിവരിച്ചു. എത്രയും പെട്ടെന്ന് ഇടപെട്ട് അത് പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.