ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികള്‍ക്കും വധശിക്ഷ. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്എന്നിവരാണു വധശിക്ഷയ്ക്കു വിധിപ്പക്കപ്പെട്ട പ്രതികള്‍. ഒറ്റ കേസില്‍ ഇത്രയധികം പ്രതികളെ വധശിക്ഷയ്ക്കു വിധിക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ ആറു ലക്ഷം രൂപ കൊല്ലപ്പെട്ട രണ്‍ജിത്തിന്റെ കുടുംബാംഗങ്ങള്‍ക്കു നല്‍കണം. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. 2021 ഡിസംബര്‍ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ചു കയറി പ്രതികള്‍ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്.
കേന്ദ്ര ബജിനു മുന്‍പ് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് ഉണ്ടാകില്ല. പകരം പത്തു വര്‍ഷത്തെ സാമ്പത്തിക അവലകോന റിപ്പോര്‍ട്ട് പുറത്തിറക്കി. ഈ സാമ്പത്തികവര്‍ഷം 7.3 ശതമാനം വളര്‍ച്ച നേടുമെന്നും അടുത്ത വര്‍ഷം ഏഴ് ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2030 ല്‍ ഏഴ് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും. ഹോങ്കോംഗിനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സ്റ്റോക്ക് മാര്‍ക്കറ്റായി. റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യും. കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു സ്പീക്കര്‍ അനുമതി നല്‍കി. ഉച്ചയ്ക്കു രണ്ട് മണിക്കൂറാണ് ചര്‍ച്ച. പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. നോട്ടീസില്‍ കേന്ദ്രത്തെ വിമര്‍ശിച്ചതിനും നന്ദിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച നിയമസഭയില്‍ ഉന്നയിച്ച ചോദ്യം പിന്‍വലിച്ച് സിപിഎം എംഎല്‍എ എച്ച് സലാം. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളും അവയുടെ രാഷ്ട്രീയ ബന്ധവും വ്യക്തമാക്കണമെന്ന ചോദ്യമാണ് പിന്‍വലിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനു സാധ്യത. സിപിഎം സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇങ്ങനെ വിലയിരുത്തിയത്. ഇടതു മുന്നണിക്ക് 2019 നെക്കാള്‍ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍.
ജനപക്ഷം നേതാവ് പി സി ജോര്‍ജ് ബിജെപിയിലേക്ക്. ബിജെപി കേന്ദ്ര നേതൃത്വവുമായി ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. മുന്നണി എന്ന നിലയില്‍ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബിജെപിയില്‍ ചേരണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജോര്‍ജ് പറഞ്ഞു.
ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നു പ്രസംഗിച്ച നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വലയില്‍ ജനങ്ങള്‍ വീഴില്ലെന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പിനു വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമമെന്നും സലാം പറഞ്ഞു.
ഇടുക്കി ശാന്തന്‍പാറ സിപിഎം പാര്‍ട്ടി ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി. പാര്‍ട്ടി തന്നെയാണ് സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റിയത്. റോഡ് പുറമ്പോക്ക് കൈയേറിയാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു.
അപൂര്‍വ രോഗം ബാധിച്ച മകനെ വളര്‍ത്താനാകാത്തതിനാല്‍ ദയാവധം ആവശ്യപ്പെട്ട കുടുംബത്തിനു സഹായവുമായി കോട്ടയം ജില്ലാ ശിശുക്ഷേമ സമിതി. കൊഴുവനാലിലെ സ്മിത ആന്റണിയുടെ മക്കളെ ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു. കുട്ടികളുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അടിയന്തര നടപടി എടുക്കുമെന്ന് ശിശുക്ഷേമ സമിതി കുടുംബത്തിന് ഉറപ്പുനല്‍കി.
രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷനും. കേരളത്തില്‍ ഒന്നാമതാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍. കേസുകള്‍ തീര്‍പ്പാക്കുന്നതിലെ മികവിനാണ് സ്റ്റേഷന് അംഗീകാരം ലഭിച്ചത്. ഫെബ്രുവരി ആറിനു പുരസ്‌കാരം ഏറ്റുവാങ്ങും.
മലപ്പുറം കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്തു വീണ് നാലു വയസുകാരന്‍ മരിച്ചു. മുള്ളമടക്കല്‍ ഷിഹാബുദ്ധീന്‍, റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്.
പാലക്കാട് കോട്ടായിയില്‍ മൂന്നു വയസുള്ള കുഞ്ഞുമായി ആത്മഹത്യക്കു ശ്രമിച്ച അമ്മ മരിച്ചു. കരിയംകോട് മേക്കോണ്‍ സുരേഷിന്റെ ഭാര്യ വിന്‍സി (37) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ മൂന്നു വയസുകാരി മകളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
തിരുവനന്തപുരം നീറമണ്‍കരയില്‍ അലമാര തലയില്‍ വീണ് വയോധിക മരിച്ചു. വിനായക നഗറില്‍ രാജലക്ഷ്മി (83) ആണ് മരിച്ചത്. തനിച്ചു താമസിക്കുന്ന ഇവരെ രണ്ടു ദിവസമായി കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് കട്ടിലിനു മുകളിലേക്ക് അലമാര വീണു കിടക്കുന്നതു കണ്ടെത്തിയത്.
കാസര്‍കോട് പള്ളത്ത് രണ്ടു പേരെ ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു പുരുഷന്മാരാണ് മരിച്ചത് ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
മഹാത്മ ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം രാജ്യമെങ്ങും ആചരിച്ചു. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് സര്‍വമത പ്രാര്‍ത്ഥനയും നടന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നു.