എത്ര ഓടിയിട്ടും ചാടിയിട്ടും ഡയറ്റ് നിയന്ത്രിച്ചിട്ടും വണ്ണം മാത്രം കുറയുന്നില്ലെന്ന് പരാതിപ്പെടുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് പ്രയോഗിക്കാവുന്ന ഒരു ബദല്‍ മര്‍ഗത്തെ കുറിച്ചാണ് ചൈനയില്‍ നിന്നുള്ള ഗവേഷകരുടെ പഠനം. മറ്റൊന്നുമല്ല നൃത്തത്തിലൂടെ ഫലപ്രദമായി ശരീരഭാരത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ചൈനയിലെ ഹൂനാന്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്. നൃത്തം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു. ശരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നൃത്തം വലിയ പങ്കുവഹിക്കുന്നതായി പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് നൃത്തം ചെയ്യുന്നവരില്‍ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാവുകയും ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഴിയുകയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. 45 വയസിനു താഴെയുള്ളവരിലാണ് നൃത്തം കൂടുതല്‍ ഫലപ്രദമാവുകയെന്നും പഠനത്തില്‍ പറയുന്നു. നൃത്തത്തിന്റെ പലവിഭാഗങ്ങള്‍ എങ്ങനെയാണ് വണ്ണം കുറയ്ക്കുന്നതില്‍ ഗുണം ചെയ്യുകയെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. പരമ്പരാഗത നൃത്തങ്ങളെ അപേക്ഷിച്ച് സുംബ പോലുള്ളവയാണ് വണ്ണം കുറയ്ക്കാന്‍ കൂടുതല്‍ സഹായിക്കുകയെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു. എന്ത് തരം വ്യായാമം ആണെങ്കിലും സ്ഥിരത നിലനിര്‍ത്തുകയാണ് പ്രധാനം. ഇഷ്ടമുള്ളതാകുമ്പോള് ചെയ്യാനുള്ള താല്പര്യവും കൂടും. അതിനാല്‍ നൃത്തം ഇഷ്ടമുള്ളവര്‍ ഈ മാര്‍ഗം തെരഞ്ഞെടുക്കുന്നത് ഏറെഗുണം ചെയ്യുമെന്നാണ് പഠനം പറയുന്നത്.