കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്നലെ ഒരു സ്വര്‍ണവും ഒരു വെള്ളിയും. ഏഴാം ദിവസമായ ഇന്നലെ പാരാ പവര്‍ലിഫ്റ്റിംഗ് വിഭാഗത്തില്‍ ഇരുപത്തിയേഴുകാരനായ സുധീറാണ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയത്. അതേസമയം ചരിത്ര നേട്ടവുമായാണ് മലയാളി താരം എം.ശ്രീശങ്കര്‍ ലോങ്ജംപില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡല്‍ ലഭിക്കുന്നത്. ഇതോടെ ഇന്ത്യ ആറ് സ്വര്‍ണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവുമുള്‍പ്പെടെ 20 മെഡലുകള്‍ സ്വന്തമാക്കി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സെമിയില്‍ കടന്ന് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ വെയ്ല്‍സിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ ടീമിന്റെ സെമി പ്രവേശനം. ഇന്നലെ ബോക്‌സിങ് റിങ്ങിലും ഇന്ത്യ രണ്ട് മെഡലുകള്‍ ഉറപ്പാക്കി. ബോക്‌സര്‍മാരായ അമിത് പംഗലും ജാസ്മിന്‍ ലംബോറിയയും സെമിയില്‍ കടന്നു. വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധുവും പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും പ്രീ ക്വാര്‍ട്ടറില്‍ കടന്നതും മറ്റൊരു മെഡല്‍ പ്രതീക്ഷയാണ്.