എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്കു ചോദ്യ പേപ്പര്‍ അച്ചടിക്കാന്‍ വിദ്യാര്‍ത്ഥികളില്‍നിന്നു പത്തു രൂപവീതം പിരിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിദ്യാര്‍ത്ഥികളില്‍നിന്ന് ചോദ്യപേപ്പറിന് പണം ഈടാക്കുന്നത് ഇതാദ്യമായാണ്. എസ്സി – എസ്ടി, ഒഇസി വിദ്യാര്‍ഥികള്‍ പണം അടക്കേണ്ടതില്ല.
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പകളും തദ്ദേശതെരഞ്ഞെടുപ്പും ഒന്നിച്ചാക്കാനാവില്ലെന്ന് നിയമ കമ്മീഷന്‍. പകരം ഒരേ വര്‍ഷം എല്ലാ വോട്ടെടുപ്പും പൂര്‍ത്തിയാക്കണമെന്ന ശുപാര്‍ശ കമ്മീഷന്‍ നല്കിയേക്കും. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പിന് പൊതുവോട്ടര്‍പട്ടിക എന്ന ശുപാര്‍ശയും നല്‍കും. ഒറ്റ ഘട്ടമായി ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളും അതേ വര്‍ഷം മറ്റൊരു ഘട്ടമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നടത്താമെന്നാണു ശുപാര്‍ശ.
ആത്മഹത്യ ചെയ്ത കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തി. വീട്ടുകാര്‍ പോലീസിനു കൈമാറിയ അമ്പതു പേജുള്ള ഡയറിക്കുറിപ്പിലാണ് ഈ വിവരങ്ങള്‍. മറ്റൊരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിവരാവകാശം നല്‍കിയതിനാണ് അനീഷ്യയെ ഭീഷണിപ്പെടുത്തിയത്. ‘ഞങ്ങടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്. വിവരാവകാശം പിന്‍വലിക്കണം’ എന്നായിരുന്നു ഭീഷണി. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥന്‍ അപമാനിച്ചെന്നു പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജ് അജിത്ത്കുമാറിന്റെ ഭാര്യയാണ് അനീഷ്യ.
ലോക്‌സഭ തെരഞ്ഞെടുപ്പിനു കേരളത്തിലെ അന്തിമ വോട്ടര്‍പട്ടികയില്‍ 2,70,99,326 വോട്ടര്‍മാര്‍. 5,74,175 പേരാണ് പുതിയ വോട്ടര്‍മാര്‍. 3,75,000 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അവസരമുണ്ട്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
നിയമസഭ സമ്മേളനം വ്യാഴാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. മാര്‍ച്ച് 27 വരെ 32 ദിവസമാണു സഭ സമ്മേളിക്കുക. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയാണ്. ഫെബ്രുവരി അഞ്ചിനു ബജറ്റ് അവതരിപ്പിക്കും
ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നും ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്നുമുള്ള മന്ത്രിയുടെ പ്രഖ്യാപനം വിവാദമാവുകയും ഇലക്ട്രിക് ബസുകള്‍ ലാഭകരമാണെന്ന കണക്കുകള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍, ഇനി താനൊരു തീരുമാനവും എടുക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. താന്‍ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം. ഉദ്യോഗസ്ഥര്‍ എല്ലാം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കെഎംഎംഎലിന് ഇതിനായി അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഖനനം അല്ല പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മണ്ണു നീക്കത്തിന്റെ മറവില്‍ ഖനനം നടക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയത്.
കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളജിലെ വ്യാജരേഖ കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ. വിദ്യക്കെതിരേ നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
മുത്തങ്ങ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ പ്രസീത അഴീക്കോട് ഫണ്ട് പിരിച്ചു തട്ടിപ്പു നടത്തിയെന്ന ആരോപണവുമായി സി.കെ ജാനുവും ഗീതാനന്ദനും. മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നടക്കം പ്രസീത പണം വാങ്ങിയെന്ന് ഇരുവരും ആരോപിച്ചു. എന്നാല്‍ ഒരു ട്രസ്റ്റിനു കീഴിലാണ് സ്മാരക നിര്‍മാണമെന്നും ജാനുവിനും ഗീതാനന്ദനും പിന്നില്‍ ബിജെപിയാണെന്നും പ്രസീത പ്രതികരിച്ചു.
അതിരപ്പള്ളി മലക്കപാറയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മലക്കപ്പാറ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും കൊല്ലം സ്വദേശിയുമായ വൈ. വില്‍സന്‍ (40) ആണ് മരിച്ചത്.
ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരം എഴുന്നള്ളിപ്പില്‍ ശബ്ദ മലിനീകരണമുണ്ടാക്കുന്ന ഡി.ജെ., നാസിക് ഡോള്‍ തുടങ്ങിയവ പോലീസ് നിരോധിച്ചു. അടുത്തമാസം 24, 25 തിയതികളിലാണ് ചിനക്കത്തൂര്‍ പൂരം.
കോയമ്പത്തൂരില്‍ നാലു മാസം പ്രായമുള്ള കുട്ടിയെ ബസില്‍ ഉപേക്ഷിച്ച് അമ്മ. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ മറ്റൊരാളെ ഏല്‍പിച്ച് ഇറങ്ങിപ്പോയത്. ആശുപത്രിയിലേക്കു മാറ്റിയ കുഞ്ഞിനെ തേടി തൃശൂര്‍ സ്വദേശിയായ അച്ഛന്‍ എത്തിയാണ് കുഞ്ഞിനെ ഏറ്റുവാങ്ങി.
ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ആസാം തലസ്ഥാനമായ ഗോഹട്ടിയില്‍. കാല്‍നടയായിട്ടാണ് യാത്ര. രാഹുലിന്റെ യാത്രയെ ഗോഹട്ടില്‍ പ്രവേശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷ സാഹചര്യത്തില്‍ രാഹുലിന്റെ യാത്രയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അയോധ്യ യാത്രയുമായി ബിജെപിയുടെ സംസ്ഥാന കമ്മിറ്റികള്‍. രാമക്ഷേത്ര ദര്‍ശനത്തിനായി യാത്രാസംഘങ്ങളെ രംഗത്തിറക്കുകയാണ് വിവിധ സംസ്ഥാനങ്ങളിലെ ബിജെപി കമ്മിറ്റികള്‍. ഈ മാസം 25 മുതല്‍ മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് പരിപാടി.
യൂട്യൂബ് ലൈവ് സ്ട്രീമിംഗില്‍ ആഗോള റെക്കോര്‍ഡുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാനല്‍. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ലൈവ് ഏകദേശം ഒരു കോടി 90 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ അപ്പീലുമായി ഡല്‍ഹി ഹൈക്കോടതിയില്‍. പ്രതികളുടെ ഹര്‍ജി പരിഗണിച്ച കോടതി ഡല്‍ഹി പൊലീസിന് നോട്ടീസയച്ചു. ജീവപര്യന്തം തടവുശിക്ഷയും പിഴയുമാണു പ്രതികള്‍ക്കു വിധിച്ചത്. താന്‍ പതിനാല് വര്‍ഷവും ഒമ്പതു മാസവുമായി ജയിലിലാണെന്ന് ഒന്നാം പ്രതി രവി കപൂര്‍ കോടതിയില്‍ പറഞ്ഞു.
ധനുഷ്ടകോടിയില്‍നിന്ന് ഇന്ത്യയെയും ശ്രീലങ്കയേയും ബന്ധിപ്പിക്കുന്ന 23 കിലോമീറ്റര്‍ നീളമുള്ള കടല്‍പാലം നിര്‍മിക്കാനുള്ള സാധ്യതാ പഠനവുമായി കേന്ദ്ര സര്‍ക്കാര്‍. ശ്രീലങ്കയിലെ തലൈമന്നാറുമായി ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണു പുരോഗമിക്കുന്നത്. ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകള്‍ മൂന്നിലൊന്നാക്കി വെട്ടിക്കുറയ്ക്കുമെന്നു കാനഡ. ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന് കാനഡയിലെ കുടിയേറ്റ മന്ത്രി പ്രഖ്യാപിച്ചു.
പറന്നുയരാന്‍ തയ്യാറായ വിമാനത്തിന്റെ ചിറകുകളില്‍ ഏതാനും ബോള്‍ട്ടുകള്‍ ഇളകിപ്പോയിട്ടുണ്ടെന്ന് വിമാനത്തിലെ യാത്രക്കാരന്‍ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വിമാന സര്‍വീസ് റദ്ദാക്കി. ന്യുയോര്‍ക്കിലേക്ക് പറക്കേണ്ടിയിരുന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍ലൈന്‍സിന്റെ എന്ന വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്.