യുഎഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ രൂപയില്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഇറക്കുമതിക്ക് പുറമേ, ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന രത്‌നങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും യുഎഇ ഇടപാട് നടത്തുന്നതും ഇന്ത്യന്‍ രൂപയില്‍ തന്നെയാണ്. 2023 ജൂലൈയില്‍ നടന്ന ഉഭയകക്ഷി കരാറിലൂടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ രൂപയിലും ദിര്‍ഹത്തിലും ഇടപാടുകള്‍ നടത്താന്‍ ധാരണയായത്. ഇതിന്റെ ഭാഗമായാണ് സ്വര്‍ണത്തിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ രൂപയില്‍ നടത്തുന്നത്. ഇതോടെ, ഡോളറിനെ ആശ്രയിക്കുന്ന പതിവ് രീതി പരമാവധി ഇല്ലാതാക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. 2022 ജൂലൈയില്‍ ആരംഭിച്ച പ്രത്യേക റുപ്പി വോസ്‌ട്രോ അക്കൗണ്ട് സംവിധാനം വഴിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചില ഉല്‍പ്പന്നങ്ങളുടെ ഇടപാടുകള്‍ ഇന്ത്യന്‍ രൂപയില്‍ നടത്തുന്നത്. അതേസമയം, ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രകാരം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1,000 കോടി ഡോളര്‍ കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. 2023 ഡിസംബറില്‍ മാത്രം ഇന്ത്യ 303 കോടി ഡോളറിന്റെ സ്വര്‍ണം ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.