140 ഭാഷകളില്‍ പാടി ലോക റിക്കാര്‍ഡ്
140 ഭാഷകളില്‍ പാട്ടുപാടി ലോക റിക്കാര്‍ഡിട്ടിരിക്കുകയാണ് മലയാളിയും കണ്ണൂര്‍ സ്വദേശിനിയുമായ സുചേത സതീഷ്. കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള കച്ചേരിക്കൊപ്പം ഒമ്പതു മണിക്കൂര്‍ കൊണ്ടാണ് സുചേത 140 ഭാഷകളില്‍ പാടി റിക്കാര്‍ഡ് സ്ഥാപിച്ചത്. യുഎഇയില്‍ കഴിഞ്ഞ നവംബര്‍ 24 ന് നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇന്ത്യന്‍ കോണ്‍സുലേറ്റിലാണ് പരിപാടി നടന്നത്. 2018 ല്‍ സുചേതതന്നെ ഏഴു മണിക്കൂറു കൊണ്ട് 120 ഭാഷകളില്‍ പാട്ടു പാടി നേരത്തെ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ പാടിത്തകര്‍ത്തുകൊണ്ടു തിരുത്തിയത്. കാലാവസ്ഥാ ഉച്ചകോടിക്ക് ക്ഷണിക്കപ്പെട്ട 140 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാരെ പ്രതിനിധീകരിച്ചായിരുന്നു സുചേത 140 ഭാഷകളിലുള്ള പാട്ടുകള്‍ പാടിയത്. അക്ഷരമാല ക്രമത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങിയ പരിപാടി രാത്രി ഒമ്പതോടെയാണ് അവസാനിച്ചത്. ഹിന്ദിയില്‍ ദേശഭക്തി ഗാനം പാടിയാണ് സുചേത തന്റെ ഗിന്നസ് റെക്കോര്‍ഡ് പരിപാടി അവസാനിപ്പിച്ചത്. 16 മത്തെ വയസ് മുതലാണ് സുചേത ബഹുഭാഷ ഗാനങ്ങള്‍ ആലപിച്ച് തുടങ്ങിയത്.