വലയുമായി പറക്കുക
മിത്തുകള്‍ മുത്തുകള്‍- 3
പഞ്ചതന്ത്രം കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
പഞ്ചതന്ത്രം കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
ഗ്രാമത്തില്‍ വഴിയോരത്ത് വടവൃക്ഷംപോലെ വലിയൊരു ആല്‍മര മുണ്ട്. വൃക്ഷശിഖിരങ്ങളിലെ തണലില്‍ നൂറുകണക്കിനു പക്ഷികള്‍ കൂടുകെട്ടി കഴിയുന്നു. കാക്കമുത്തപ്പനാണ് ആല്‍മരക്കിളികളുടെ നേതാവ്. ഒരു സായാഹ്നത്തില്‍ കാക്കമുത്തപ്പന്‍ ആല്‍മരച്ചില്ലയിലിരുന്ന് വിശ്രമിക്കുകയായിരുന്നു.
അപ്പോഴതാ ഒരു വേടന്‍ ആല്‍മരത്തണലിലേക്കു വരുന്നു. മരച്ചുവട്ടില്‍ അയാള്‍ കുറേ അരിമണിവിതറി. പിന്നെ അതിനു മുകളില്‍ ഒരു വലവിരിച്ചു. അരിമണി തിന്നാന്‍ വരുന്ന പക്ഷികളെ വലയില്‍ കുരുക്കി പിടിക്കാനുള്ള തന്ത്രമാണ്. കാക്കമുത്തപ്പനു കാര്യം പിടികിട്ടി.
ആല്‍മരത്തിലെ കിളികളുടെ ചിലചിലാരവങ്ങള്‍ക്കിടയില്‍ കാക്കമുത്തപ്പന്‍ ഉച്ചത്തില്‍ വിലപിച്ചു. ‘മരത്തണലിലെ വേടന്റെ വലയില്‍ വീഴരുതേ.’ കേട്ടവര്‍ കേട്ടവര്‍ മറ്റു ശിഖിരങ്ങളിലെ പക്ഷികളോടു വിവരം പറഞ്ഞു. എല്ലാ പക്ഷികളും കാര്യം അറിഞ്ഞപ്പോള്‍ അവ ചിലചിലയ്ക്കല്‍ നിര്‍ത്തി താഴോട്ടു സാകൂതം നോക്കിയിരുന്നു. ആരെങ്കിലും വലയില്‍ കുരുങ്ങുമോ യെന്ന ആശങ്കയോടെ.
അങ്ങനെയിരിക്കേയാണ് വലിയൊരു സംഘം പ്രാവുകള്‍ പറന്നുവന്നത്. ആല്‍മരച്ചുവട്ടിലെ അരിമണികള്‍ കണ്ട് അടങ്ങാത്ത ആര്‍ത്തിയുമായാണ് പ്രാവുകളുടെ വരവ്. പ്രാവുകള്‍ വലയില്‍ കുരുങ്ങരുതല്ലോയെന്നു കരുതി കാക്കമുത്തപ്പന്‍ അല്പം മുന്നോട്ടു പറന്നുചെന്ന് പ്രാവുകളോടു കാര്യം വിവരിച്ചു. പക്ഷേ, അവ അതു കേട്ടതായിപോലും നടിച്ചില്ല. അരിമണി കൊത്തിത്തിന്നാന്‍ നേരെ ആല്‍മരച്ചുവട്ടിലിറങ്ങി. അരിമണിക്കുമീതെ വിരിച്ചിരുന്ന വലയില്‍ അവയുടെ കാലു കള്‍ കുരുങ്ങി. അനങ്ങാനാകുന്നില്ല. പ്രാവുകളെല്ലാം കരയാന്‍ തുടങ്ങി. എന്നാല്‍ പ്രാവുസംഘത്തലവനായ ചിത്രഗ്രീവന്‍ അവരെ ആശ്വസിപ്പിച്ചു.
‘വലയെടുക്കാന്‍ അതാ, വേടന്‍ വരുന്നു. നമ്മള്‍ ഒന്നിച്ച് ഒരേ ദിശയിലേക്കു പറന്നുയര്‍ന്നാല്‍ വലയുമൊത്തു നമുക്കു രക്ഷപ്പെടാനാവും. ങാ! പറന്നോളൂ.’-ചിത്രഗ്രീവന്‍ പറഞ്ഞു.
വലയില്‍ കുരുങ്ങിയ പ്രാവുകളെല്ലാം ഒന്നിച്ചു പറന്നുയര്‍ന്നു, വലയുമായിത്തന്നെ. ചിത്രഗ്രീവന്റെ നിര്‍ദേശപ്രകാരം പ്രാവുകളെല്ലാം ഒരേ ദിശയിലേക്കുതന്നെ പറന്നു. ദിശമാറി പറന്നാല്‍ വലയുമായി എല്ലാവരും താഴെ വീഴുമെന്നും ചിത്രഗ്രീവന്‍ ഓര്‍മിപ്പിച്ചു.
വലയുമായി പ്രാവുകള്‍ പറന്നുപോയതു കണ്ട് വേടന്‍ പകച്ചു. അയാള്‍ താഴെ നിന്നു കുറേ ആക്രോശിച്ചു. കുറേ മണ്ണുവാരിയെറിഞ്ഞു. ഒരു ഫലവുമുണ്ടായില്ല.
കുറേയകലെ ഒരിടത്തെത്തിയപ്പോള്‍ ചിത്രഗ്രീവന്റെ നിര്‍ദേശപ്രകാരം പ്രാവുകളെല്ലാം താഴെയിറങ്ങി.
കുറേയകലെ ഒരിടത്തെത്തിയപ്പോള്‍ ചിത്രഗ്രീവന്റെ നിര്‍ദേശപ്രകാരം പ്രാവുകളെല്ലാം താഴെയിറങ്ങി.
പ്രാവുസംഘത്തലവന്റെ ചങ്ങാതിയായ ഹിരണ്യകന്‍ എലിയുടെ മാളത്തിനരികിലാണ് അവരിറങ്ങിയത്. അവര്‍ ഉച്ചത്തില്‍ ഹിരണ്യകനെ വിളിച്ചു. എലി മാളത്തില്‍നിന്നു പുറത്തുവന്നു.
ചിത്രഗ്രീവന്റേയും സംഘത്തിന്റേയും അവസ്ഥ കണ്ട് എലിക്കു സങ്കടമായി. സമയം പാഴാക്കാതെ എലി ചിത്രഗീവന്റെ കാലില്‍ കുരുങ്ങിയ വലക്കണ്ണികള്‍ മുറിക്കാന്‍ തുടങ്ങി.
‘ഹിരണ്യകാ, ആദ്യം എന്നെയല്ല; എന്നോടൊപ്പമുള്ള എന്റെ കൂട്ടുകാരെയാണ് മോചിപ്പിക്കേണ്ടത്.’ ചിത്രഗ്രീവന്‍ നിര്‍ദേശിച്ചു. ഹിരണ്യകന്‍ എല്ലാ പ്രാവുകളുടേയും കാലിലെ വലക്കുരുക്കുകള്‍ മുറിച്ചുമാറ്റി. ഒടുവില്‍ ചിത്രഗ്രീവന്റേയും. ഹിരണ്യകനു നന്ദി പറഞ്ഞ് അവ പറന്നുപോയി. എലി മാളത്തിലേക്കും.