◾വെയില്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറങ്ങരുതെന്നും സ്വന്തം നിഴല്‍ കണ്ടാല്‍ പോലും അദ്ദേഹം പേടിക്കുമെന്നും അത്രക്ക് ഭീരുവാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നവകേരള സദസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്നും സതീശന്‍ വ്യക്തമാക്കി.
◾മുസ്ലിം ലീഗ് റാലിയിലെ പലസ്തീന്‍ പരാമര്‍ശം തിരുത്തില്ലെന്ന് ശശി തരൂര്‍. ഗാസ പ്രതിസന്ധിയെ കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ടെന്നും യുദ്ധം നിര്‍ത്തി ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും തരൂര്‍ വ്യക്തമാക്കി. അതേസമയം സ്വതന്ത്ര പലസ്തീനാണ് കോണ്‍ഗ്രസ് നിലപാടെന്നും തനിക്കും തരൂരിനും ആ നിലപാടാണെന്നും അതില്‍ അഭിപ്രായ ഭിന്നതയില്ലയില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാന നയത്തിന് വിരുദ്ധമായി തനിക്കും തരൂരിനും നിലപാട് എടുക്കാനാവില്ലെന്നും സതീശന്‍ വ്യക്തമാക്കി.
◾കേരളത്തില്‍ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കോവിസ് കേസുകള്‍. ഇതോടെ കേരളത്തിലെ ആകെ ആക്റ്റീവ് കേസുകള്‍ 3096 ആയി. അതോടൊപ്പം തമിഴ്നാട്ടില്‍ 4പേര്‍ക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. നവംബറില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോള്‍ വന്നതെന്നും 4 പേരും രോഗമുക്തര്‍ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ടെന്നും, എന്നാല്‍ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്നും സിപിഎം നേതാവ് ബൃന്ദ കാരാട്ട്. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. നേരത്തെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു.
◾ശബരിമലയില്‍ ഇന്നലെ ഒരു ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട്. കനത്ത തിരക്ക് കണക്കിലെടുത്ത് പമ്പയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്, അതോടൊപ്പം ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. വൈകീട്ടാണ് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന.
◾ശബരിമലയില്‍ പരിധി നിശ്ചയിക്കാതെ വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങുകള്‍ സ്വീകരിച്ച ദേവസ്വം ബോര്‍ഡിന്റെ നടപടികളില്‍ പോലീസിന് കടുത്ത അതൃപ്തി. അവസാനഘട്ടത്തില്‍ ഇത്രയധികം സ്ലോട്ടുകള്‍ നല്‍കിയ ദേവസ്വം ബോര്‍ഡിന്റെ മുന്‍ധാരണയില്ലാത്ത പ്രവര്‍ത്തിയാണ് വീണ്ടും കാര്യങ്ങള്‍ വഷളാക്കിയതെന്നാണ് പൊലീസിന്റെ ആരോപണം. വിര്‍ച്വല്‍ ക്യൂ 2022 മാര്‍ച്ച് മുതലാണ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്.
◾മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇതുവരെ പതിനെട്ട് കോടി കുറവെന്നാണ് കണക്ക്.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾ബിജെപിയില്‍ ചേര്‍ന്ന പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍. കണ്ണൂരില്‍ നിന്നുള്ള നേതാവ് സി രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കാണ് നാമനിര്‍ദേശം ചെയ്തത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇരുവരേയും നാമനിര്‍ദേശം ചെയ്തത്.
◾മന്ത്രിസഭ കേരളത്തിലുടനീളം സഞ്ചരിച്ച 36 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് ലഭിച്ചത് 6,21,167 പരാതികള്‍. ഏറ്റവും അധികം പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീര്‍പ്പാക്കി എന്ന വിവരം ലഭിച്ചിട്ടില്ല. ലഭിച്ച പരാതികള്‍ പരിഹരിക്കാന്‍ ഓരോ ജില്ലയിലും സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ട്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോള്‍ ക്രൈസ്തവ നേതാക്കളുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കള്‍ക്കും പ്രമുഖര്‍ക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്നിന് കിട്ടിയത് നല്ല പ്രതികരണമാണെന്നും ബിജെപി അറിയിച്ചു.
◾കേരളത്തെ ബിജെപി വല്ലാതെ സ്നേഹിക്കുന്നുണ്ടെങ്കില്‍ കേരളത്തിനു തരാനുള്ള പണം നല്‍കിയിട്ട് സ്നേഹിച്ചു തുടങ്ങുകയായിരിക്കും നല്ലതെന്ന് മന്ത്രി .കെ രാജന്‍. രക്ഷാപ്രവര്‍ത്തനം ആക്രമണത്തിന്റെ കോഡല്ലെന്നും കല്യാശേരി സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മുഖ്യമന്ത്രി പറഞ്ഞതാണെന്നും കെ.രാജന്‍ വിശദീകരിച്ചു.
◾സഭാ മേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച തെരഞ്ഞെടുപ്പ് ഗുണ്ട് മാത്രമാണെന്നും, ക്രിസ്മസ് വിരുന്നില്‍ മണിപ്പൂര്‍ ബിഷപ്പിനെ കൂടിക്കാഴ്ചക്ക് ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ക്രൈസ്തവര്‍ അകന്നു പോകുമെന്ന ഭയം കോണ്‍ഗ്രസിനില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾മൃഗസംരക്ഷണ വകുപ്പില്‍ ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടുന്നതിന് മാര്‍ക്ക് ലിസ്റ്റില്‍ തിരുത്ത് വരുത്തിയെന്ന് ആരോപണം. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ സീനിയര്‍ ഇന്‍സ്ട്രക്ടറായ രമാദേവി, ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്നത് മറ്റൊരാളുടെ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ചാണെന്നാണ് പരാതി.
◾സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നതടക്കമുള്ള പ്രത്യേക സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിലകൂട്ടാന്‍ എല്‍ഡിഎഫ് നേരത്തെ അനുമതി നല്‍കിയെങ്കിലും നവകേരള സദസ് തീരാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് സൂചന.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പാചകത്തിനുള്ള ടെന്‍ഡറില്‍ പങ്കെടുത്ത് പഴയിടം മോഹനന്‍ നമ്പൂതിരി. ജനുവരി 3 ന് കൊല്ലത്തെ കലോത്സവ കലവറയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
◾സംസ്ഥാനത്ത് നാനൂറോളം സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സഹകരിച്ചിരുന്നുവെന്നും എന്നാല്‍ 400 കോടി രൂപയിലധികം സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടാനുള്ളതിനാല്‍ നൂറ്റിയന്‍പതോളം ആശുപത്രികള്‍ ഇതിനോടകം തന്നെ പദ്ധതിയില്‍ നിന്നും പിന്‍മാറിയെന്നും റിപ്പോര്‍ട്ടുകള്‍.
◾തിരുവനന്തപുരം പൊന്‍മുടിയില്‍ ഇന്ന് രാവിലെ 8.30 ഓടെ പൊലീസ് സ്റ്റേഷന്റെ മുന്‍വശത്തായി പുള്ളിപ്പുലിയെ കണ്ടു. റോഡിലൂടെ കാടിലേക്ക് കയറി പോകുകയായിരുന്നു. സ്ഥലത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം തുടരുകയാണ്.
◾പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ റോബിന്‍ ബസ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് രാവിലെ വീണ്ടും സര്‍വീസിനിറങ്ങി. എന്നാല്‍ ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം മോട്ടോര്‍വാഹന വകുപ്പ് സര്‍വീസ് തുടരാന്‍ അനുവദിച്ചു. അതേസമയം, നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
◾കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം. ആറുമാസം മുന്‍പ് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സാപ്പിഴവുണ്ടായെന്ന് കാണിച്ച് കളക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കി തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണ് കുടുംബം.
◾തൃശൂര്‍ വെള്ളാഞ്ചിറയില്‍ കോഴി ഫാമിന്റെ മറവില്‍ വ്യാജ മദ്യ നിര്‍മാണകേന്ദ്രം കണ്ടെത്തി. 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ബിജെപി മുന്‍ പഞ്ചായത്തംഗം കെ പി എ സി ലാല്‍ അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു.
◾നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജുകുമാറിനെ ആക്രമിച്ച കേസില്‍ നെടുമങ്ങാട് കരിപ്പൂര്‍ കാരാന്തല ഈന്തിവിള വീട്ടില്‍ അഖില്‍ , കരിപ്പൂര്‍ കാരാന്തല ആലുവിള വീട്ടില്‍ വിനില്‍ എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
◾ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് സെഞ്ചൂറിയനില്‍ തുടക്കം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ മത്സരത്തില്‍ രോഹിത് ശര്‍മക്കൊപ്പം യശസ്വി ജയസ്വാളാണ് ഓപ്പണ്‍ ചെയ്യുന്നത്.
◾ഇന്ത്യയിലെ മൂന്ന് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞ വാരം 70,300 കോടി രൂപയുടെ വര്‍ദ്ധന ദൃശ്യമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ ഓഹരികളുടെ വിലയിലുണ്ടായ വന്‍ മുന്നേറ്റമാണ് ഇവയുടെ വിപണി മൂല്യത്തില്‍ ചരിത്ര വര്‍ദ്ധന സൃഷ്ടിച്ചത്. കഴിഞ്ഞ വാരം മുന്‍നിര സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും അര ശതമാനത്തിനടുത്ത് ഇടിവ് നേരിട്ടെങ്കിലും ഈ മൂന്ന് കമ്പനികളുടെ ഓഹരികള്‍ മികച്ച വളര്‍ച്ച നേടി. ഡിസംബര്‍ മൂന്നാം വാരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 47,023 കോടി രൂപ ഉയര്‍ന്ന് 17.35 ലക്ഷം കോടി രൂപയിലെത്തി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യം ഇക്കാലയളവില്‍ 12,242 കോടി രൂപ വര്‍ദ്ധിച്ച് 6.05 ലക്ഷം കോടി രൂപയിലെത്തി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിപണി മൂല്യം ഈ കാലയളവില്‍ 11,048 കോടി രൂപ ഉയര്‍ന്ന് 12.68 ലക്ഷം കോടി രൂപയിലെത്തി. അതേസമയം ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഇന്‍ഫോസിസ്, ഐ.ടി.സി, ഭാരതി എയര്‍ടെല്‍, ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ ഇക്കാലയളവില്‍ കനത്ത ഇടിവുണ്ടായി. ടി.സി.എസിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞ മാസം 12,715 കോടി രൂപയുടെ ഇടിവാണുള്ളത്.
◾മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് സംഗീതാസ്വാദകര്‍ക്കായി കിടിലനൊരു ഫീച്ചറുമായി എത്താന്‍ പോവുകയാണ്. ഗ്രൂപ്പ് വിഡിയോ കോള്‍ ചെയ്യുമ്പോള്‍ അതിനൊപ്പം ഇനി മ്യൂസിക്കും ആസ്വദിക്കാം. അതിനായി ആപ്പിളിന്റെ ‘ഷെയര്‍ പ്ലേ’ക്ക് സമാനമായ ‘മ്യൂസിക് ഷെയറിങ്’ ഫീച്ചറാണ് വിഡിയോ കോളുകളില്‍ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഫേസ്‌ടൈം കോളുകള്‍ക്കിടയില്‍ പാട്ടുകള്‍ ഒന്നിച്ചിരുന്ന് കേള്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചറാണ് ആപ്പിളിന്റെ ഷെയര്‍ പ്ലേ. അതുപോലെ വാട്സ്ആപ്പ് വിഡിയോ കോളുകള്‍ക്കിടയില്‍ മ്യൂസിക് ഓഡിയോ പങ്കിടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ സവിശേഷത. വിഡിയോ കോളുകളിലെ സ്‌ക്രീന്‍ ഷെയറിങ് ഫീച്ചര്‍ ഉപയോഗിച്ചുള്ള ഓഡിയോ പങ്കിടലാണത്. നിലവില്‍ ബീറ്റ സ്റ്റേജിലുള്ള ഈ ഫീച്ചര്‍ വിഡിയോ കോളുകളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ, ഓഡിയോ കോളുകളില്‍ ലഭ്യമാകില്ല, മാത്രമല്ല, വിഡിയോ കോളില്‍ വിഡിയോ ഓഫാക്കിയാലും അത് പ്രവര്‍ത്തിക്കില്ല. സംഗീതം മാത്രമല്ല, എന്ത് തരത്തിലുള്ള ഓഡിയോകളും ഇത്തരത്തില്‍ ആസ്വദിക്കാം. ഉദാഹരണത്തിന്, വിഡിയോ കോളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോഡ്കാസ്റ്റ് പ്ലേ ചെയ്ത്, അതുമായി ബന്ധപ്പെട്ട് ചങ്ങാതിമാരുമായി ചര്‍ച്ച നടത്താം. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ 2.23.26.18 വേര്‍ഷനിലാണ് ഈ സംവിധാനമുള്ളത്. എന്നാല്‍ ഇത് ബീറ്റാ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കിത്തുടങ്ങിയിട്ടില്ല. വൈകാതെ ബീറ്റ യൂസര്‍മാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ നല്‍കിയേക്കും. പിന്നാലെ എല്ലാവര്‍ക്കും മ്യൂസിക് ഷെയറിങ് ആസ്വദിക്കാം.
◾ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ നായകനായി നിവിന്‍ പോളി. ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. നിവിനെ ട്രോളി കൊണ്ട് പുതിയ ചിത്രത്തിന്റെ കഥ പറയുന്ന ഡിജോയാണ് പ്രമോയിലുള്ളത്. നിവിന്റെയും ഡിജോയുടെയും നര്‍മ്മം കലര്‍ന്ന സംഭാഷണവും സിനിമയില്‍ നിന്നുള്ള കുറച്ച് ഭാഗങ്ങളുമാണ് പ്രമോയിലുള്ളത്. മഞ്ജു പിള്ള നിവിന്റെ അമ്മയായും ധ്യാന്‍ ശ്രീനിവാസന്‍ സുഹൃത്ത് ആയും ചിത്രത്തില്‍ വേഷമിടും. അനശ്വര രാജന്‍ ആണ് ചിത്രത്തില്‍ നായിക. അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്ന സൂചനയാണ് വിഡിയോ നല്‍കുന്നത്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്.
◾യശ്ശ:ശരീരനായ സംവിധായകന്‍ സിദ്ദിഖിന്റെ നിര്‍മാണ മേല്‍നോട്ടത്തില്‍ എമിറേറ്റ്സ് പ്രൊഡക്ഷന്‍സും മീഡിയ യൂണിവേഴ്സും നിര്‍മ്മിക്കുന്ന ‘പൊറാട്ട് നാടകം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൈജു കുറുപ്പും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് പോസ്റ്ററില്‍ ഉള്ളത് കൂടെ കൂട്ടിന് ഒരു പശുവും. പശുവുമായി ബന്ധപ്പെട്ടുള്ള എന്തോ ഒരു കാര്യം ഇവര്‍ക്കിടയില്‍ ഉണ്ട് എന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളില്‍ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ സൈജു കുറുപ്പ് നായകനായി എത്തുന്നു. ചിത്രം നിര്‍മ്മിക്കുന്നത് വിജയന്‍ പള്ളിക്കരയാണ്. സിദ്ദിഖിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്ന നൗഷാദ് സാഫ്രോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, രാഹുല്‍ മാധവ്, നിര്‍മ്മല്‍ പാലാഴി, സൂരജ് തേലക്കാട്ട്, ഷുക്കൂര്‍ വക്കീല്‍, ബാബു അന്നൂര്‍, ചിത്ര ഷേണായി, ഐശ്വര്യ മിഥുന്‍, ചിത്ര നായര്‍, ജിജിന രാധാകൃഷ്ണന്‍, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തിലുണ്ട്. കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങള്‍ പശ്ചാത്തലമായി വരുന്നു. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം വടക്കന്‍ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തില്‍ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.
◾യൂറോപ്പിനായുള്ള റെനോയുടെ സഹോദര ബ്രാന്‍ഡായ ഡാസിയ പുതിയ തലമുറ ഡസ്റ്റര്‍ എസ്യുവി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അത് അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കും. ഫ്രഞ്ച് വാഹന നിര്‍മ്മാതാവ് ഒരു പുതിയ 3-വരി എസ്യുവിയും അവതരിപ്പിക്കും. അത് ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കും. ഡാസിയ ബിഗ്സ്റ്റര്‍ ആശയത്തെ അടിസ്ഥാനമാക്കി, പുതിയ റെനോ 7-സീറ്റര്‍ എസ്യുവി 2024-ല്‍ ഡാസിയ നെയിംപ്ലേറ്റിന് കീഴില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡാസിയ ബിഗ്സ്റ്റര്‍ കണ്‍സെപ്റ്റ് ആദ്യമായി അനാവരണം ചെയ്തത് 2021 ജനുവരിയിലാണ്. സി-എസ്യുവി വിഭാഗത്തിലെ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ മോഡലായിരിക്കും ഈ എസ്യുവി. പുതിയ ഡാസിയ ഡസ്റ്ററിന് അടിവരയിടുന്ന സിഎംഎഫ്-ബി മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് ഡാസിയ ബിഗ്സ്റ്റര്‍ 7-സീറ്റര്‍ എസ്യുവി നിര്‍മ്മിച്ചിരിക്കുന്നത്. 2024 അവസാനത്തോടെ പുതിയ ബിഗ്സ്റ്റര്‍ എസ്യുവി അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ്സ്റ്റര്‍ എസ്യുവി അഞ്ച്, ഏഴ് സീറ്റ് പതിപ്പുകളില്‍ ലഭ്യമാകും എന്നതാണ് രസകരമായ കാര്യം. പിന്നീട് മൂന്നാം നിരയില്‍ ബെഞ്ച്-തരം സീറ്റുകള്‍ അവതരിപ്പിക്കുന്നു.
◾ജനാധിപത്യം മറ്റൊരു ഭരണക്രമം മാത്രമല്ല. ഒന്നിച്ചുള്ള ജീവിതാനുഭവങ്ങളുടെ അനുഭവജ്ഞാനം പകരുന്ന പ്രാഥമികമായ ഒരു ജീവിതരീതികൂടിയാണ്. ഇത് തീര്‍ച്ചയായും സഹജീവികളോടുള്ള ആദരവും ബഹുമാനവും കലര്‍ന്ന മനോഭാവമാണ്. -ഡോ. ബി.ആര്‍. അംബേദ്കര്‍. ഇന്ത്യയിലെ ഓരോ മനുഷ്യനും വായിച്ചിരിക്കേണ്ട അടിസ്ഥാനഗ്രന്ഥമാണ് ഭരണഘടന. സഹവര്‍ത്തിത്വം, സഹിഷ്ണുത തുടങ്ങിയ ജനാധിപത്യമൂല്യങ്ങള്‍ കൈവരിക്കാന്‍ ഭരണഘടന നാം അറിയേണ്ടതുണ്ട്. ചെറുപ്പം മുതല്‍ ഭരണഘടനയെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ പൗരബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാം. ഈ പുസ്തകം ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെ ലളിതമായി പറഞ്ഞുതരുന്നു. ഭരണഘടനയെ അറിയാന്‍ കുട്ടികള്‍ക്കായി ഒരു കൈപ്പുസ്തകം. ‘കുട്ടികളറിയാന്‍ ഇന്ത്യയുടെ ഭരണഘടന’. വിജയന്‍ കോതമ്പത്ത്. മാതൃഭൂമി. വില 170 രൂപ.
◾കറിവേപ്പില രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. രാവിലെ എണീറ്റാലുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അതിന് ശേഷം ഏതാനും മിനിറ്റ് കഴിഞ്ഞ് ഫ്രഷ് ആയ കറിവേപ്പില ചവച്ചു തിന്നുക. അര മണിക്കൂറിനു ശേഷം പ്രഭാത ഭക്ഷണം കഴിക്കാം. വൈറ്റമിന്‍ സി, ഫോസ്ഫറസ്, അയണ്‍, കാല്‍സ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയില്‍ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയുന്നു. വെറും വയറ്റില്‍ കറിവേപ്പില തിന്നുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനത്തിനു സഹായകമായ എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും ബവല്‍ മൂവ്മെന്റിന് സപ്പോര്‍ട്ട് ചെയ്യുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. മോണിങ് സിക്ക്നെസ്, ഓക്കാനം, ഛര്‍ദ്ദി ഇവ അകറ്റുന്നു. ദഹനം മെച്ചപ്പെടുത്തുക വഴിയാണ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്. കറിവേപ്പില ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു. കൊളസ്ട്രോള്‍ നില മെച്ചപ്പെടുത്തുന്നു. ഇങ്ങനെ ശരീരഭാരം കുറയാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങളെ പിന്തുണയ്ക്കാന്‍ കറിവേപ്പില സഹായിക്കും. ഭക്ഷണത്തില്‍ കറിവേപ്പില ചേര്‍ക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താനും ശരീരഭാരം വേഗം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.19, പൗണ്ട് – 105.64, യൂറോ – 91.72, സ്വിസ് ഫ്രാങ്ക് – 97.13, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.59, ബഹറിന്‍ ദിനാര്‍ – 220.90, കുവൈത്ത് ദിനാര്‍ -270.78, ഒമാനി റിയാല്‍ – 216.30, സൗദി റിയാല്‍ – 22.18, യു.എ.ഇ ദിര്‍ഹം – 22.65, ഖത്തര്‍ റിയാല്‍ – 22.85, കനേഡിയന്‍ ഡോളര്‍ – 62.74.