പോലീസിന്റെ സംരക്ഷണം ആവശ്യമില്ലെന്ന് ഡിജിപിയോട് ആവശ്യപ്പെട്ട ഗവര്‍ണര്‍ കാലിക്കട്ട് സര്‍വകലാശാലയിലെ എസ്എഫ്ഐയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഇഎംഎസ് പഠനകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. അവിടെ ജീവനക്കാരോട് ഒരു നിമിഷം സംസാരിച്ചശേഷം ഗവര്‍ണര്‍ കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറ മൈതാനത്തിലിറങ്ങി. സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചെങ്കിലും വന്‍ പോലീസ് സന്നാഹം ഒപ്പമുണ്ട്. കേരള പോലീസ് മികച്ച സേനയാണെന്നും എസ്എഫ്ഐക്കാരെക്കൊണ്ട് അക്രമങ്ങള്‍ ചെയ്യിക്കുന്നതു മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
മാസപ്പടി കേസില്‍ കോര്‍പ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്ജ് നല്കിയ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. കേസില്‍ സിഎംആര്‍എല്‍ കന്പനിയ്ക്ക് കോടതി പ്രത്യേക ദൂതന് വഴി നോട്ടീസ് അയച്ചു. മറ്റ് എതിര് കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ വിജയന് എന്നിവര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും.
എസ്എഫ്ഐയുടെ ഭീഷണിക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നു കാലിക്കറ്റ് സര്‍വകലാശാലയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ക്യാമ്പസുകളിലെല്ലാം ഗവര്‍ണര്‍ക്കെതിരേ ബാനറുകള്‍ ഉയര്‍ത്തി. ഇതു കേരളമാണ് എന്ന് ഗവര്‍ണറെ ഓര്‍മ്മിപ്പിക്കുന്ന വാചകങ്ങളാണ് ബാനറുകളില്‍.
ഒരുമാസത്തെ ക്ഷേമ പെന്ഷന് ക്രിസ്മസിനു മുമ്പു വിതരണം ചെയ്യും. ഈ മാസം അടക്കം അഞ്ചു മാസത്തെ കുടിശികയുള്ളപ്പോഴാണ് ഒരു മാസത്തെ പെന്ഷന് നല്‍കുന്നത്. ഇതിനായി 2000 കോടിയുടെ വായ്പയെടുക്കും. ഓഗസ്റ്റ് മാസത്തെ പെന്‍ഷനാണ് ഇപ്പോള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്.
സംസ്ഥാനത്ത് ഇന്നലെ 111 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. രാജ്യത്തെ 1828 കോവിഡി രോഗികളില്‍ 1634 പേര് കേരളത്തിലാണ്.
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് സൗജന്യ വൈഫൈ ലഭ്യമാക്കും. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് ഒരാള്‍ക്ക് പരമാവധി അരമണിക്കൂറാണ് സൗജന്യ വൈഫൈ ലഭിക്കുകയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ഗവര്‍ണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരാണെന്നും ഇപ്പോള്‍ എസ്എഫ്ഐയും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് വെറും നാടകമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഗവര്‍ണറുടെ സ്റ്റാഫില്‍ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് നാടകം ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഈ നാടകം കാണാറുണ്ടെന്നും സതീശന് പറഞ്ഞു.
ഗവര്‍ണറുടേത് ജല്പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലം കൊട്ടാരക്കരയില്‍ നവ കേരള സദസിന് എത്തിയ മാധ്യമപ്രവര്‍ത്തകരോടു മുഖ്യമന്ത്രി ചോദിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്തു വേറെ ഉണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ഗവര്‍ണറുടെ നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. അവൈലബിള്‍ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിച്ച എ.കെ ബാലന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിശിതമായ വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരേ സമരം നയിക്കുന്ന എസ്എഫ്ഐയെ പ്രശംസിക്കുകയും ചെയ്തു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബിജെപിക്കും ആര്‍എസ്എസിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തനം. ഇരിക്കുന്ന പദവിയുടെ വലുപ്പം മനസിലാക്കാതെ വായില്‍ തോന്നിയത് വിളിച്ച് പറയുകയാണ്. ഗോവിന്ദന് കുറ്റപ്പെടുത്തി.
മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന് ഡോ. ഷഹീന് അലി ശിഹാബ് തങ്ങള്‍ വിവാഹിതനായി. ചേവായൂര്‍ ഇസ്ഹാഖ് മഷ്ഹൂര്‍ തങ്ങളുടെ മകള്‍ ഫാത്തിമ ഫഹ്മിദയാണ് വധു. കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള, കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബ്രിട്ടീഷ് സേനയുടെ പിടിയിലായ തമിഴ്നാട് സ്വദേശി ഉള്‍പ്പെടെയുള്ള പത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഇന്ത്യന്‍ തീര സംരക്ഷണ സേനക്ക് കൈമാറിയ ഇന്ത്യക്കാരെ ഇന്നലെയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചത്.
നവകേരള സദസിന് കൊല്ലത്ത് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീര്‍ത്ത് കലാകാരന് ഡാവിഞ്ചി സുരേഷ്. കൊല്ലം ബീച്ചില്‍ 30 അടി വിസ്തീര്‍ണത്തില്‍ രണ്ടു ലക്ഷം രൂപ വിലവരുന്ന കശുവണ്ടി പരിപ്പ് ഉപയോഗിച്ചാണ് കലാരൂപം സൃഷ്ടിച്ചത്.
മുഖ്യമന്ത്രിയേയും പോലീസിനേയും പരിഹസിച്ച് കൊല്ലം തലവൂര്‍ പഞ്ചായത്ത് ബിജെപി അംഗം രഞ്ജിത്ത്. ശരീരം മുഴുവന്‍ വെള്ള പെയിന്റ് അടിച്ചാണ് പ്രതിഷേധം. പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുമ്പോള്‍ തന്റെ കറുപ്പുനിറം കണ്ട് മുഖ്യമന്ത്രിയും പോലീസും വിഷമിക്കാതിരിക്കാനാണ് ഇതു ചെയ്തതെന്ന് രഞ്ജിത്ത് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തില്‍ ഗണപതി ഹോമം. കൊല്ലം ചക്കുവളളി ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിക്കായി ഗണപതി ഹോമം നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പരബ്രഹ്മ ക്ഷേത്രത്തില്‍ 60 രൂപാ അടച്ചാണ് ഹോമം നടത്തിയത്.
അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസ്സന് ഖാനു മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമോദനം. സെക്രട്ടേറിയറ്റില്‍ ധനകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ നേട്ടം കേരളത്തിന്റെ യശസ് വാനോളമുയര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ബിസിനസില്‍ തന്നെ വഞ്ചിച്ച് 27 കോടി രൂപയുടെ ബാധ്യതയുണ്ടാക്കി മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ എരമകവീട്ടില്‍ പുതിയകത്ത് ഷമീല്‍ (53) എന്നയാള്‍ മുങ്ങിയെന്ന് സൗദി വ്യവസായി. വാര്‍ത്താ സമ്മേളനത്തില്‍ ജിദ്ദ സ്വദേശിയായ ഇബ്രാഹീം മുഹമ്മദ് മുഹൈസ അല്‍ഉതൈബിയാണ് ആരോപണം ഉന്നയിച്ചത്.
ആറന്മുള ഉതൃട്ടാതി ജലമേളയില്‍ ഒന്നാം സ്ഥാനം നേടിയ ഇടശ്ശേരിമല പള്ളിയോടത്തിന്റെ ട്രോഫി തിരിച്ചു വാങ്ങും. പള്ളിയോടത്തിന്റെ ഗ്രാന്റും റദ്ദാക്കും. അടുത്തവര്‍ഷം ജലമേളയില്‍ പങ്കെടുക്കുന്നതില്‍നിന്ന് പള്ളിയോടത്തെ വിലക്കും. . മത്സര വള്ളംകളിയില്‍ കൂലിത്തുഴച്ചിലുകാരെ ഉപയോഗിച്ചതിനാണ് പള്ളിയോട സേവാ സംഘത്തിന്റെ നടപടി. വള്ളംകളിക്കു തടസമുണ്ടാക്കിയ ചെറുകോല്‍, പുതുക്കുളങ്ങര, പ്രയാര്‍, അയിരൂര്‍ ,മേലുകര പള്ളിയോടങ്ങള്‍ക്കെതിരെയും നടപടിയെടുക്കും.
പൊതുമേഖല കാലിത്തീറ്റ കമ്പനിയായ കേരള ഫീഡ്സിന്റെ തിരുവങ്ങൂരിലെ പ്ലാന്റില്‍ ഉല്പാദിപ്പിച്ച അന്‍പത് ടണ്ണിലേറെ കാലിത്തീറ്റ ഉപയോഗ ശൂന്യമായി. അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്ത കാലിത്തീറ്റ നിലവാരമില്ലാത്തതിനാല്‍ കമ്പനിയിലേക്കു തിരിച്ചയച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ വലയിലാക്കി പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍. കൊല്ലം പത്തനാപുരം സ്വദേശിയായ എം.എസ് ഷായാണ് പിടിയിലായത്.
തെക്കന്‍ തമിഴ്നാട്ടില്‍ അതിതീവ്ര മഴ. താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിലായി. തിരുനെല്‍വേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ റെക്കോര്‍ഡ് മഴയാണ്. നാലു തെക്കന്‍ ജില്ലകളിലും ബാങ്കുകള്‍ക്കടക്കം പൊതുഅവധിയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ധനശേഖരണവുമായിി കോണ്‍ഗ്രസ്. ക്രൗഡ് ഫണ്ടിംഗ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 1.38 ലക്ഷം രൂപ സംഭാവന നല്കി ഉദ്ഘാടനം ചെയ്തു. രാജ്യത്തിനായി സംഭാവന ചെയ്യുക എന്ന പേരിലാണ് പരിപാടി. പാര്‍ട്ടിയുടെ 138 വര്‍ഷത്തെ ചരിത്രം കണക്കിലെടുത്ത് 138 രൂപയുടെ ഗുണിതങ്ങളായാണ് സംഭാവന സ്വീകരിക്കുക.
81 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി സംഭവത്തിത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് പ്രതികള്‍ ഡല്‍ഹി പൊലീസിനോട് പറഞ്ഞു. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വിവരങ്ങളും പ്രതികള്‍ ചോര്‍ത്തിയിട്ടുണ്ട്.
പാര്‍ലമെന്റിലെ അതിക്രമവുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളില്‍ അന്വേഷണ സംഘത്തിന്റെ പരിശോധന. കേസിലെ പ്രതികളായ സാഗര്‍ ശര്‍മ്മ, നീലം എന്നിവരുടെ ലക്നോ, ജിന്‍ഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തിയത്.
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധയേറ്റ് പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ്.