ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രകോപനമുണ്ടാക്കാന്‍ എന്തൊക്കെയോ വിളിച്ചു പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസ് നിര്‍ദേശമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നത്. അതിനെതിരേയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. സ്ഥാനത്തിരിക്കുന്നവര്‍ പ്രകോപനമുണ്ടാക്കുന്നതു നല്ലന്നതല്ല. പത്തനംതിട്ടയിലല് നവകേരള സദസിനിടെ വാര്‍ത്താസമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്. ഗണ്മാന് അനില്‍ നടത്തിയ അതിക്രമത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
കായംകുളത്ത് നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച രണ്ടു കാലുകളുമില്ലാത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന് കണ്ടല്ലൂരിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ ബസിനുനേരെ കരിങ്കൊടി കാണിച്ച തന്നെ സമീപത്തെ പൊലീസുകാര്‍ എടുത്തു മാറ്റിയപ്പോഴാണ് ഓടിയെത്തിയ ഡിവൈഎഫ്ഐക്കാര്‍ പിറകില്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്ന് അജിമോന് പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ് അജിമോന്.
ഗവര്‍ണര്‍ ഗവണ്മെന്റിന്റെ സംരക്ഷണത്തിലാണെന്നു മറക്കേണ്ടെന്ന് മന്ത്രി പി. രാജീവ്. സര്‍ക്കാര്‍ ഒരുക്കിയ ബെന്‍സ് കാറടക്കം അത്യാധുനിക സൗകര്യങ്ങളാണ് ഗവര്‍ണര്‍ക്കുള്ളത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹത്തിന്റെ കടമ നിര്‍വഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പേരക്കുട്ടികളോട് ഏറ്റുമുട്ടുന്നതുപോലെ എസ്എഫ്ഐക്കാരോട് ഏറ്റുമുട്ടുന്ന ഗവര്‍ണറുടേത് ഒരു നിലവാരവുമില്ലാത്ത പേക്കൂത്താണെന്ന് മന്ത്രി എം.ബി. രാജേഷ്. ബിജെപി അധ്യക്ഷന്റെ കാര്യസ്ഥനാണ് ഗവര്‍ണറെന്നും അദ്ദേഹം ആരോപിച്ചു.
വണ്ടിപ്പെരിയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ച കേസാണിത്. വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുധാകരന്.
വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്നലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോണ്‍ഗ്രസ് പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ബാബു ജോര്‍ജും ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സജി ചാക്കോയും നവ കേരള സദസില്‍ പങ്കെടുത്തു. നവകേരള സദസില്‍ പങ്കെടുക്കുന്നത് അഭിമാനമെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. കോണ്‍ഗ്രസില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് ഇരുവരും സസ്പെന്‍ഷനിലാണ്.
ശബരിമല സോപാനത്ത് ക്യു സംവിധാനം തുടങ്ങി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തി. പതിനെട്ടാം പടി കയറി വരുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിനു പ്രത്യേക സൗകര്യവും ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം നെടുമങ്ങാട് വ്യാജവാറ്റ് കേന്ദ്രത്തില്‍ 25 ലിറ്റര്‍ ചാരായവുമായി വിതുര കളിയിക്കല്‍ കിഴക്കുംകര റോഡരികത്തു വീട്ടില്‍ ശിവജി(53)യെ നെടുമങ്ങാട് എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
പാലക്കാട് ഒരു വീട്ടിലെ നാലുപേര്‍ അബോധാവസ്ഥയില്‍. പാലക്കാട് സിവില്‍ സ്റ്റേഷന് സമീപമുള്ള വീട്ടിലെ സന്ധ്യ, ശ്രുതി, സുന്ദരന്‍, സുനന്ദ എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സൗത്ത് പൊലീസ് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
പാര്‍ലമെന്റലെ പുകയാക്രമണം ദൗര്‍ഭാഗ്യകരവും ആശങ്കാ ജനകവുമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ആഴത്തിലുള്ള അന്വേഷണം വേണം. ഗൗരവം ഒട്ടും കുറച്ചു കാണരുതെന്നും സംഭവം നടന്നു മൂന്നു ദിവസം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു.
തന്റെ വാഹനത്തിനുവേണ്ടി മറ്റു വാഹനങ്ങള്‍ തടയരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പൊലീസിനു നിര്‍ദേശം നല്കി. അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും അദ്ദേഹം നിര്‍ദേശം നല്കി.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവാഹത്തട്ടിപ്പ് നടത്തിയ വിരുതനെ ഒഡീഷയില്‍ അറസ്റ്റു ചെയ്തു. മുപ്പത്തേഴുകാരനായ ഇഷാന് ബുഖാരി എന്ന സയാദ് ഇഷാന് ബുഖാരിയാണു പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൊനാണെന്നു വരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയിരുന്നത്. ഇയാള്‍ക്ക് കേരളത്തിലെ ചില സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. ആറു സ്ത്രീകളെ ഇയാള്‍ വിവാഹ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.
ചെന്നൈ പുഴലിലെ തുറന്ന ജയിലില്‍നിന്ന് കടന്നുകളഞ്ഞ വനിതാ തടവുകാരി ബെംഗളൂരുവില്‍ പിടിയില്‍. മൂന്നു ദിവസം മുന്‍പ് ജയില്‍ ചാടിയ ജയന്തി മൂന്ന് മോഷണ കേസുകളിലെ പ്രതിയാണ്.
ഇറ്റാലിയന്‍ പുരോഹിതനും മാര്‍പാപ്പായുടെ മുന്‍ ഉപദേഷ്ടാവുമായിരുന്ന കര്‍ദിനാള്‍ ഏഞ്ചലോ ബെച്ചുവിനെ അഞ്ചര വര്‍ഷം തടവിനു വത്തിക്കാന്‍ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ലണ്ടനിലെ സ്ഥലം വിറ്റ ഇടപാടില്‍ സാമ്പത്തിക ക്രമക്കേടു നടത്തിയെന്ന കേസിലാണു ശിക്ഷ.