കേരളത്തിന്റെ കടമെടുപ്പു പരിധിയില്‍ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വായ്പയെടുത്തതു പരിഗണിച്ചായിരുന്നു രൂപ കടമെടുപ്പു പരിധിയില്‍ 3,240 കോടി രൂപ വെട്ടിക്കുറച്ചത്. ഇത്രയും തുകകൂടി വായ്പയെടുക്കാന്‍ കഴിയുന്നതോടെ ക്രിസ്മസിനു മുന്‍പ് ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാനാകും. അടിയന്തരമായി 2000 കോടി രൂപ കടമെടുക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേയാണ് കേന്ദ്രം കടമെടുപ്പു പരിധി വര്‍ധിപ്പിച്ചത്. യുഡിഎഫ് എംപിമാര്‍ ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ച് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.പി. വിശ്വനാഥന്‍ തൃശൂരില്‍ അന്തരിച്ചു. 83 വയസായിരുന്നു. ആറു തവണ നിയമസഭാംഗമായിരുന്നു. 1991 മുതല്‍ 1994 വരെ കെ. കരുണകരന്റെയും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടിയുടേയും സര്‍ക്കാരുകളില്‍ വനം മന്ത്രിയായിരുന്നു. ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് രാജിവച്ചു. കോടതി പരാമര്‍ശം പിന്നീട് റദ്ദാക്കിയെങ്കിലും വീണ്ടും മന്ത്രിസ്ഥാനത്തു തിരിച്ചെത്തിയില്ല. മന്ത്രിയായിരിക്കേ ലോനപ്പന്‍ നമ്പാടനോടു വെല്ലുവിളിച്ച് കഞ്ചാവു വേട്ടയ്ക്കായി കാടുകയറിയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു.
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭയിലും നോട്ടീസ് നല്‍കി. പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റിന്റെ കവാടത്തില്‍ സത്യഗ്രഹ സമരവും നടത്തി. മുഖ്യസൂത്രധാരന്‍ ലളിത് ഝാക്ക് തൃണമൂല്‍ എംഎല്‍എയുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. തൃണമൂല്‍ എംഎല്‍എ തപസ് റോയിക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു.
വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വിധി പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കും. സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കഴിഞ്ഞ തവണ മത്സരിച്ച ബിഡിജെഎസില്‍നിന്ന് വയനാട് സീറ്റ് ഏറ്റെടുക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനര്‍. ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറേ എന്നാണ് എസ്എഫ്ഐ ബാനര്‍ കെട്ടിയിരിക്കുന്നത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവകേരള സദസിനിടെ നെഞ്ചുവേദനയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് പാമ്പാടിയിലെ നവകേരള സദസിലെ പ്രസ്താവനയ്ക്ക് മന്ത്രി സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്നും കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നല്‍കിയ പരാതിയില്‍ ആരോപിച്ചു.
നവകേരള സദസിനെതിരായ പ്രതിഷേധം ശക്തമായി തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബു. ആലപ്പുഴ ജില്ലയില്‍ സമാനതകളില്ലാത്ത പ്രതിഷേധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ ഉണ്ടാകും. നേരിടാന്‍ ഒരുങ്ങിയിരുന്നോ ഡിവൈഎഫ്ഐക്കാരേയെന്ന് അരിതാ ബാബു പറഞ്ഞു.
കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്നു തിരുവനന്തപുരത്തു നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗം കൂടുതല്‍ സമര പരിപാടികള്‍ക്കു രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ്. കഴിഞ്ഞ 28 ദിവസം 1,34,44,90,495 കോടി രൂപയാണ് നടവരവുണ്ടായത്. കഴിഞ്ഞ വര്‍ഷം 1,54,77,97,005 കോടി രൂപയായിരുന്നു വരവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒന്നര ലക്ഷം തീര്‍ത്ഥാടകര്‍ കുറവാണ് ഇത്തവണ എത്തിയത്.
കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ഭര്‍ത്താവ് ഹബീബിന്റെയും സഹോദരിയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റിലുള്ള ഭര്‍തൃ മാതാവ് നബീസയുടേയും അമ്മാവന്‍ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളി.
ഡോ. ഹാദിയയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ലെന്ന് ബോധ്യപ്പെട്ടു. ഹാദിയ പുനര്‍വിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. താന്‍ തടങ്കലിലല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയില്‍ ഹാജരാക്കി.
വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനനെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം. ഈ ആവശ്യം ഉന്നയിച്ചു അപ്പീല്‍ നല്‍കും. അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസ് ഓഫീസര്‍മാര്‍ പ്രതിക്കൊപ്പം നിന്നുവെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടിഡി സുനില്‍ കുമാര്‍. ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൊല്ലം തേവലക്കരയില്‍ 80 കാരിയായ ഭര്‍തൃമാതാവിനെ സ്‌കൂള്‍ അധ്യാപികയായ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
ബാലുശ്ശേരി നന്മണ്ടയില്‍ യുവാവ് ജീവനൊടുക്കിയത് വനിതാ സുഹൃത്തിന്റെ ഭീഷണിമൂലമാണെന്ന് ഭാര്യയുടെ പരാതി. ടിപ്പര്‍ ലോറി ഡ്രൈവറായ നന്മണ്ട കരിക്കീരിക്കണ്ടി ജയേഷ് (36) ജീവനൊടുക്കിയതു സംബന്ധിച്ചാണ് ഭാര്യ ദീപ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്.
തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറു വയസുകാരി മരിച്ചു. മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ലാ കുന്നില്‍ ഹയാ ഫാത്തിമയാണ് ആണ് മരിച്ചത്.
മലപ്പുറം മഞ്ചേരി പുല്ലാരയില്‍ ഭാര്യാപിതാവിനെ കുത്തിക്കൊന്ന പ്രതി പിടിയില്‍. പുല്ലാര സ്വദേശി അയ്യപ്പന്‍ (65) ആണ് കൊല്ലപ്പെട്ടത്. മകളുടെ ഭര്‍ത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാര്‍ലമെന്റ് അതിക്രമ കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാവത്ത്, കൈലാഷ് എന്നിവരാണ് കസ്റ്റഡിയിലായത്. മുഖ്യസൂത്രധാരന്‍ ലളിത് ഝായുമായി ബന്ധമുള്ളവരാണ് ഇവര്‍. ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ലളിത് ഝാ പോലീസില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാളാണ് മഹേഷ് കുമാവത്ത്.
തന്റെ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞെന്ന് പാര്‍ലമെന്റ് അതിക്രമ കേസിലെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ. സാങ്കേതിക തെളിവു ശേഖരണത്തില്‍ ഇത് പൊലീസിന് വെല്ലുവിളിയാകും. രാജസ്ഥാനില്‍ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചെന്നാണ് ഇയാളുടെ മൊഴി.
ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍. ‘മക്കളുടന്‍ മുതല്‍വര്‍ ‘എന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ ജനസമ്പര്‍ക്ക പരിപാടി കോയമ്പത്തൂരില്‍ തിങ്കളാഴ്ച ആരംഭിം. 13 വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയില്‍ പങ്കെടുക്കും. ജനുവരി ആറു വരെയാണ് യോഗങ്ങള്‍ നടത്തുക.
ജില്ലാ ജഡ്ജി ലൈംഗികമായി അതിക്രമിച്ചെന്ന വനിത ജഡ്ജിയുടെ പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അലഹബാദ് ഹൈക്കോടതിയോടു റിപ്പോര്‍ട്ടു തേടി. മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു കത്തെഴുതിയിരുന്നു. ബന്ദ ജില്ലയിലെ ജില്ലാ ജഡ്ജിക്കെതിരെയാണ് പരാതി.
ബോളിവുഡ്, മറാഠി സിനിമാതാരം ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. വെല്‍കം ടു ദി ജംഗിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനുശേഷം ഇന്നലെ രാത്രി വീട്ടിലെത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഹമാസിന്റെ സ്ഥാപക ദിനത്തില്‍ ‘ഇത് അവസാനത്തെ ജന്മദിനമാവട്ടെ’ എന്ന സന്ദേശവുമായി ഇസ്രയേല്‍. ഹമാസില്‍ നിന്ന് ഗാസയെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗിനൊപ്പമാണ് എക്‌സ് പ്‌ളാറ്റ്‌ഫോമില്‍ ഇസ്രയേല്‍ ഇങ്ങനെ പ്രതികരിച്ചത്.