p13 yt cover

ലോക്സഭാ സന്ദര്‍ശക ഗാലറിയില്‍നിന്നു രണ്ടു പേര്‍ മുദ്യാവാക്യം വിളിച്ച് താഴെ സഭാംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. ചാടിയയുടനേ മഞ്ഞ കളര്‍ സ്പ്രേകള്‍ പ്രയോഗിച്ചതോടെ പാര്‍ലമെന്റില്‍ മഞ്ഞപുക നിറഞ്ഞു. ഏകാധിപത്യം അനുവദിക്കില്ലെന്നു കേന്ദ്ര സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചാണ് ഇവര്‍ ചാടിയത്. ഇവരെ എംപിമാരും സെക്യുരിറ്റിയും ചേര്‍ന്നു കീഴടക്കി. പുറത്ത് പ്രതിഷേധിച്ച യുവതിയടക്കം രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. സഭയിലുണ്ടായിരുന്ന എംപിമാരെ മാറ്റി. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്.

ശബരിമല ദര്‍ശനത്തിനു വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 80,000 ആയും സ്പോട്ട് ബുക്കിംഗ് അയ്യായിരമോ പതിനായിരമോ ആയും നിജപ്പെടുത്തണമെന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച്. ബുക്കിംഗ് ഇല്ലാത്തവരെ ശബരിമലയിലേക്കു പ്രവേശിപ്പിക്കരുത്. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും കോടതി നിര്‍ദേശിച്ചു.

തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയോളം വര്‍ധിച്ചതാണ് ശബരിമല ദര്‍ശനം ക്ളേശകരമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറില്‍ 4200 പേര്‍ക്കാണ് കയറാനാകുക. പ്രതിദിനം ശരാശരി 62,000 തീര്‍ഥാടകരാണു വരാറുള്ളത്. ഇക്കുറി 88,000 പേരാണു വരുന്നത്. ഒരു ദിവസം 1,20,000 പേര്‍ വരെ എത്തി. കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് 220 കോടി രൂപ ശബരിമല വികസനത്തിനു സര്‍ക്കാര്‍ ചെലവാക്കി. തീര്‍ഥാടകര്‍ക്കായി ആറ് ഇടത്താവളങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇതിനായി കിഫ്ബിയില്‍ നിന്ന് 108 കോടി രൂപ ചെലവിട്ടു. ശബരിമലയില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതു രാഷ്ട്രീയ മുതലെടുപ്പിനാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സ്*

വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

ശബരിമലയിലെ തിരക്കു നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എഡിജിപി എംആര്‍ അജിത്കുമാറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തും തമ്മില്‍ തര്‍ക്കം. ഒരു മിനിറ്റില്‍ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാനാകൂവെന്നാണ് എഡിജിപി വാദിച്ചത്. എന്നാല്‍ 75 ലേറെ പേരെ കയറ്റാമെന്ന് ദേവസ്വം പ്രസിഡന്റ് വാദിച്ചു. അതു കള്ളക്കണക്കാണെന്ന് എഡിജിപി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു. ദേവസ്വത്തിന്റെ കണക്കാണ് മുഖ്യമന്ത്രി അംഗീകരിച്ചത്.

സാമ്പത്തികമായി ഞെരുക്കുകയാണെന്ന് ആരോപിച്ച് കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളില്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ 131 ആം അനുച്ഛേദം അനുസരിച്ചാണ് ഹര്‍ജി നല്‍കിയത്.

സംസ്ഥാനത്തെ 33 വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു മുന്നേറ്റം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. എല്‍ഡിഎഫിന്റെ 10 ഉം യുഡിഎഫിന്റെ 11 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെയുള്ളതിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് സീറ്റ് സ്വതന്ത്രരുടേതായിരുന്നു.

കെപിസിസി ട്രഷററായിരുന്ന പ്രതാപചന്ദ്രന്റെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ചുള്ള മകന്റെ പരാതിക്കു പിന്നില്‍ സംഘടനാ ജനറല്‍ സെക്രട്ടറി അടക്കമുള്ള ചില നേതാക്കളെന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. വ്യക്തിവിരോധം തീര്‍ക്കാന്‍ സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ പ്രതാപചന്ദ്രന്റെ മകനെ കരുവാക്കിയെന്നാണ് റിപ്പോര്‍ട്ട്.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

ശബരിമലയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തിക്കിനും തിരക്കിനും പ്രധാന കാരണം കെടുകാര്യസ്ഥതയാണെന്ന് എന്‍എസ്എസ്. ഇപ്പോഴുള്ളത്രയും തീര്‍ത്ഥാടകര്‍ ഇതിനു മുമ്പും ഒരു ബുദ്ധിമുട്ടുമില്ലാതെ ദര്‍ശനം നടത്തിയിട്ടുണ്ട്. പതിനെട്ടാംപടി കയറുന്നവരെ സഹായിക്കാന്‍ പരിചയ സമ്പന്നരായ പോലീസുകാര്‍ ഇല്ലാത്തതാണ് പ്രശ്നം. ഒരു മിനിറ്റില്‍ 90 പേരോളം പതിനെട്ടാംപടി കയറിയിരുന്നതാണ്. ഇപ്പോള്‍ 60 പേര്‍ക്കു മാത്രമേ കയറാനാകുന്നുള്ളൂ. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.

വിദേശത്തുനിന്ന് അശ്ലീല ദൃശ്യം അയച്ചയാള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു കായംകുളം ഡിവൈഎസ്പി ഓഫീസില്‍ പരാതി നല്‍കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിഷയം ചര്‍ച്ചയായതോടെ ഖത്തറിലുള്ള പ്രതി ക്ഷമാപണം നടത്തികൊണ്ടുള്ള വീഡിയോ സന്ദേശം അയച്ചുകൊടുത്തിരുന്നു.

ശബരിമലയില്‍ തിരക്കു കുറഞ്ഞു. നിലയ്ക്കലും തിരക്കു കുറവാണ്. അതേസമയം, നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസില്‍ കയറാന്‍ തീര്‍ത്ഥാടകര്‍ ക്ളേശിക്കുകയാണെന്നാണു റിപ്പോര്‍ട്ട്.

സത്രം-പുല്ലുമേട് കാനന പാതയില്‍ അയ്യപ്പഭക്തന്‍ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള (46) യാണ് മരിച്ചത്.

കൊല്ലത്തു 18 നു നടക്കുന്ന നവകേരളാ സദസിന് കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ദേവസ്വം സ്‌കൂള്‍ ഗ്രൗണ്ടാണ് നവ കേരള സദസിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം.

നവകേരള സദസ് നടക്കുന്ന സ്‌കൂളിന്റെ മതില്‍ പൊളിച്ചതു ചര്‍ച്ച ചെയ്യുന്നതിനിടെ മാവേലിക്കര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ ചവിട്ടാന്‍ കാലോങ്ങി സിപിഎം കൗണ്‍സിലര്‍. സിപിഎം അംഗം തോമസ് മാത്യു ആക്രമിക്കാന്‍ കാലോങ്ങിയതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നല്‍കിയ അനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്യൂണിറ്റിക്കെതിരേ 25,000 രൂപ പിഴയും ചുമത്തി. ഒരു മനുഷ്യ ജീവന്‍ നഷ്ടമായതിനെ നിസാരവത്കരിക്കരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രശസ്തിക്കു വേണ്ടിയാണോ ഹര്‍ജി സമര്‍പ്പിച്ചതെന്നും കോടതി ചോദിച്ചു.

വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയെ കണ്ടെത്താനായില്ല. തെരച്ചില്‍ തുടരുകയാണ്. 22 ക്യാമറ ട്രാപ്പുകള്‍ പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്.

കേരളത്തിന്റെ പ്രശ്നങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഗവര്‍ണര്‍ കേരളത്തിനെതിരേയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ ഡല്‍ഹിക്കു പോയത്. ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കേണ്ട പരിപാടിയാണോ അതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗവര്‍ണര്‍ പ്രതിപക്ഷ നേതാവ് അല്ലെന്നും മുഖ്യമന്ത്രിയെ നിരന്തരം ആക്രമിക്കുമ്പോള്‍ മന്ത്രിമാര്‍ മൗനം പാലിക്കുമെന്ന് കരുതേണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ആക്ഷേപിക്കാന്‍ അനുവദിക്കില്ല. വര്‍ഷത്തില്‍ പകുതിയിലധികവും ഗവര്‍ണര്‍ കേരളത്തിന് പുറത്താണെന്നും ശിവന്‍കുട്ടി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്ന ഗവര്‍ണറുടെ നോമിനിയായി സെനറ്റംഗങ്ങളായ യുഡിഎഫ് പ്രതിനിധികള്‍ രാജിവയ്ക്കാന്‍ തയാറുണ്ടോയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി വസീഫ്. വിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ നേട്ടത്തിനായി ഗവര്‍ണറെ ഉപയോഗിക്കുകയാണ്. വസീഫ് പറഞ്ഞു.

സംവിധായകന്‍ ഡോ. ബിജുവിനെതിരായ പരാമര്‍ശം ഉള്‍പ്പെടെ അടങ്ങിയ വിവാദ അഭിമുഖത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനോട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിശദീകരണം തേടി. നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ രഞ്ജിത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

നഴ്സിംഗ് പ്രവേശനം ശരിപ്പെടുത്താമെന്നു വിശ്വസിപ്പിച്ചു പണം തട്ടിയെടുത്തെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി ജോഷി മാത്യുവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ജോഷി പരിചയപ്പെടുത്തിയ അഖിലിനു പ്രതികള്‍ 18 ലക്ഷം നല്‍കിയിരുന്നു.

വീട്ടുജോലിക്കാരിയുടെ വീട്ടില്‍നിന്നു സ്വര്‍ണം മോഷ്ടിച്ച കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മരട് സ്വദേശി ആഷിക് ആന്റണി, ഭാര്യ നേഹാ രവി, ആലപ്പുഴ അരൂര്‍ സ്വദേശി അര്‍ജുന്‍ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ശമ്പളം നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ ടിവി തരാമെന്നു പറഞ്ഞ് ജോലിക്കാരിയുടെ വീട്ടില്‍ ടിവി സ്ഥാപിക്കുന്നതിനിടെയാണ് മോഷണം നടത്തിയത്.

ഓണ്‍ലൈന്‍ ട്രെയിഡിംഗ് തര്‍ക്കത്തില്‍ തിരുവനന്തപുരത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. തമിഴ്നാട് സ്വദേശി അശോകന്‍, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്.

ലക്ഷദ്വീപില്‍ മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തിന്റെ എസ് സി ഇ ആര്‍ ടി സിലബസിനു പകരം സിബിഎസ്ഇ സിലബസ് മാത്രമേ പഠിപ്പിക്കാവൂവെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.

മഹാദേവ് ബെറ്റിംഗ് ആപ് തട്ടിപ്പു കേസിലെ പ്രധാന പ്രതി രവി ഉപ്പല്‍ ദുബായില്‍ പിടിയിലായി. എന്‍ഫോഴ്സ്മെന്റിന്റെ നിര്‍ദേശമനുസരിച്ച് ഇന്റര്‍പോളാണ് മഹാദേവ് ആപിന്റെ ഉടകളില്‍ ഒരാളായ രവി ഉപ്പലിനെ പിടികൂടിയത്. ആറായിരം കോടി രൂപയുടെ കള്ളപ്പണ ഇടപാടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ ആരോപണം.

ബീഹാറിലെ മുന്‍ഗറില്‍ ഏഴ് അത്യാധുനിക പേന പിസ്റ്റളുകളുമായി മൂന്ന് തോക്ക് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 14 വെടിയുണ്ടകളും 1.90 ലക്ഷം രൂപയും കണ്ടെടുത്തു. പഴയ മഷി പേന പോലെ തോന്നിക്കുന്നവയാണു സ്വര്‍ണ പേന പിസ്റ്റള്‍.

തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ലുധിയാന സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ട ലക്കി സന്ധു എന്ന സവോത്തം സിംഗ് ഒരു വിവാഹ വിരുന്നില്‍ നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിലെ യുത്ത് കോണ്‍ഗ്രസ് നേതാവാണ് ഇയാളെന്നു ബിജെപി ആരോപിച്ചു. ജയിലില്‍നിന്നും വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയ ഇയാള്‍ വിവാഹ പാര്‍ട്ടിയിലെത്തുകയായിരുന്നു. ഇയാള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തതിന് ഒരു സബ് ഇന്‍സ്പെക്ടര്‍ അടക്കം രണ്ടു പോലീസ് ഉദ്യോഗസ്ഥരെ പഞ്ചാബ് പോലീസ് സസ്പെന്‍ഡ് ചെയ്തു.

പാകിസ്ഥാനിലെ സൈനിക ക്യാമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള ഖാബിര്‍ പക്ദൂന്‍ഖ്വായിലെ പൊലീസ് കോംപൗണ്ടിലാണു ഭീകരാക്രമണം ഉണ്ടായത്. പാകിസ്ഥാനി താലിബാനുമായി ബന്ധമുള്ള ഭീകരവാദ ഗ്രൂപ്പാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. പാകിസ്ഥാന്‍ സൈന്യം ബേസ് ക്യാംപായി ഉപയോഗിച്ചിരുന്ന പൊലീസ് കോപൌണ്ടിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു.

ഗാസയില്‍ ഹമാസിന്റെ ടണല്‍ ശൃംഖലയിലേക്ക് ഇസ്രയേല്‍ സൈന്യം കടല്‍ വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങി. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അനേകരാണ് ടണലുകളില്‍ അഭയം തേടിയിരിക്കുന്നത്.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നതു വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിനു ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ബൈഡന്‍ ഇസ്രയേലിനെ വിമര്‍ശിക്കുന്നത്.

ഗാസയില്‍ വെടിനിറുത്തല്‍ വേണമെന്നും ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ അവതരിപ്പിച്ച പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ. അമേരിക്കയും ഇസ്രയേലും അടക്കം പത്തു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

ഇന്ത്യയുടെ സാമ്പത്തികരംഗത്ത് വന്‍ ഉണര്‍വ് പ്രകടമാണെന്ന് വ്യക്തമാക്കി ഒക്ടോബറില്‍ വ്യാവസായിക ഉത്പാദന സൂചികയുടെ വളര്‍ച്ച 16 മാസത്തെ ഉയരത്തിലെത്തി. 2022 ഒക്ടോബറിലെ 4.1 ശതമാനത്തില്‍ നിന്ന് 11.7 ശതമാനത്തിലേക്കാണ് ഇക്കുറി ഐ.ഐ.പി വളര്‍ച്ച കുതിച്ചതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വളര്‍ച്ച 5.8 ശതമാനമായിരുന്നു.രാജ്യത്തെ ഫാക്ടറി മേഖലകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഉത്പാദനങ്ങളും നല്ല ഉഷാറിലാണെന്ന് വ്യക്തമാക്കുന്നതാണ് ഒക്ടോബറിലെ ശ്രദ്ധേയ വളര്‍ച്ച. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് എന്ന വിശേഷണമുള്ള മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച 5.8 ശതമാനത്തില്‍ നിന്ന് 10.4 ശതമാനത്തിലേക്ക് ഇക്കുറി ഒക്ടോബറില്‍ വളര്‍ന്നു. സെപ്റ്റംബറിലെ വളര്‍ച്ച 4.5 ശതമാനമായിരുന്നു.കഴിഞ്ഞവര്‍ഷം ഒക്ടോബറിലെ 2.6 ശതമാനത്തില്‍ നിന്ന് ഖനന മേഖലയുടെ വളര്‍ച്ച മെച്ചപ്പെട്ടത് 13.1 ശതമാനത്തിലേക്കാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലെ 11.5 ശതമാനമെന്ന വളര്‍ച്ചയെയും ഒക്ടോബറില്‍ മറികടന്നു.വൈദ്യുതോത്പാദനത്തിന്റെ വാര്‍ഷികാധിഷ്ഠിത വളര്‍ച്ച 1.2 ശതമാനത്തില്‍ നിന്ന് 20.4 ശതമാനത്തിലേക്കാണ്. ഉത്സവകാലത്തെ മികച്ച ഉപയോക്തൃ ഡിമാന്‍ഡിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി ഒക്ടോബറില്‍ ഐ.ഐ.പി വളര്‍ച്ച മെച്ചപ്പെട്ടതെന്നാണ് വിലയിരുത്തലുകള്‍.

ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍. ഇത്തവണ ആകര്‍ഷകമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 17.2 ആണ് പുറത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഐഫോണ്‍ മോഡലുകളില്‍ ഐഒഎസ് 17.2 ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍, ഐഒഎസ് 17.1.2 വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് 1.5 ജിബിയാണ് അപ്ഡേറ്റ് സൈസ്. പുതിയ അപ്ഡേറ്റിലൂടെ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ മാക്സ് എന്നീ ഹാന്‍ഡ്സെറ്റുകളില്‍ സ്പെഷ്യല്‍ വീഡിയോ റെക്കോര്‍ഡിംഗ്, 3ഡി വീഡിയോകള്‍ ചിത്രീകരിക്കാനുള്ള സൗകര്യം എന്നിവ ലഭിക്കുന്നതാണ്. പ്രധാന ക്യാമറയിലൂടെയും അള്‍ട്രാവൈഡ് ക്യാമറയിലൂടെയും ഒരേസമയം ദൃശ്യങ്ങള്‍ പകര്‍ത്തുകയും, ലിഡാര്‍ സെന്‍സറിന്റെ സഹായത്തോടെ അവയെ കൂട്ടിച്ചേര്‍ത്ത് 3ഡി വീഡിയോ ആകുകയുമാണ് ചെയ്യുക. ഐഫോണ്‍ 13, ഐഫോണ്‍ 14, ഐഫോണ്‍ 15 സീരീസ് സ്മാര്‍ട്ട് ഫോണുകളില്‍ പുതിയ അപ്ഡേറ്റിലൂടെ ക്യുഐ2 വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റാന്‍ഡേര്‍ഡ് പിന്തുണയ്ക്കുന്നതാണ്. ഇതിലൂടെ ഹാന്‍ഡ്സെറ്റുകള്‍ 15 വാട്ട് വരെ മാഗ് സേഫ് അല്ലാതെ അംഗീകൃത വയര്‍ലെസ് ചാര്‍ജറുകള്‍ ഉപയോഗിച്ച് അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. നിലവില്‍, ഐഒഎസ് 17 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഫോണുകളിലും ഐഒഎസ് 17.2 ലഭിക്കുന്നതാണെന്ന് ആപ്പിള്‍ വ്യക്തമാക്കി.

ധ്യാന്‍ ശ്രീനിവാസനും അന്നാ രേഷ്മയും മുഖ്യവേഷങ്ങളില്‍ എത്തുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്സ് നിര്‍മിച്ച് മഹേഷ് പി. ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ‘കുടുംബസ്ത്രീയും കുഞ്ഞാടും’. പൂര്‍വവിദ്യാര്‍ഥി സംഗമത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് സിനിമയുടെ കഥാകേന്ദ്രം. തീര്‍ത്തും കോമഡി ജോണറിലാണ് ചിത്രത്തിലെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ധ്യാന്‍ ശ്രീനിവാസന്‍, അന്നാ രേഷ്മ രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ബെന്നി പീറ്റേഴ്സ്, ജാഫര്‍ ഇടുക്കി, പക്രു, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, മണിയന്‍പിള്ള രാജു, സാജു നവോദയ, സ്നേഹാ ബാബു, സ്നേഹാ ശ്രീകുമാര്‍, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എല്‍സി, ഷാജി മാവേലിക്കര തുടങ്ങിയവരും അഭിനയിക്കുന്നു. സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഉളവാക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിലൂടെ മുഴുനീള നര്‍മ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രങ്ങളിലെ പതിവ് നര്‍മം ഈ സിനിമയിലും പ്രതീക്ഷിക്കുകയാണ് ആരാധകര്‍.

ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘ആന്റണി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘ജോണിക്കിക്കുട്ടി’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ജേക്സ് ബിജോയ് ഈണമൊരുക്കി. മധു ബാലകൃഷ്ണന്‍, ജേക്സ് ബിജോയ്, അഖില്‍.ജെ.ചന്ത് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ജോജുവിനൊപ്പം ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ആന്റണി’. രാജേഷ് വര്‍മ ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നു. നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടെന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രം നിര്‍മിച്ചത്.

ലംബോര്‍ഗിനി റെവല്‍റ്റോ ഇന്ത്യന്‍ വാഹന വിപണിയില്‍ ലോഞ്ച് ചെയ്തു. 8.89 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ഈ സൂപ്പര്‍കാര്‍, ലംബോര്‍ഗിനിയില്‍ നിന്നുള്ള ആദ്യത്തെ സീരീസ്-പ്രൊഡക്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഓഫറാണ്. ഇത് രാജ്യത്തുടനീളം പരിമിതമായ യൂണിറ്റുകളില്‍ ലഭ്യമാകും. പ്രാരംഭ യൂണിറ്റ് വരും ആഴ്ചകളില്‍ ഉടമകളിലേക്ക് എത്തിക്കാന്‍ തയ്യാറാണ്. പക്ഷേ 2026 വരെയുള്ള റെവല്‍റ്റോ ഇതിനകം വിറ്റുതീര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലംബോര്‍ഗിനി റെവല്‍റ്റോ ഒരു ബ്രാന്‍ഡ്-പുതിയ 6.5എല്‍, വി12 നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന് അതിന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് 17 കിലോഗ്രാം ഭാരം കുറവാണ്. 9,250ആര്‍പിഎമ്മിലും 725എന്‍എം ടോര്‍ക്കും നല്‍കുന്ന ഈ യൂണിറ്റ് 3.8കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കും മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായും ജോടിയാക്കിയിരിക്കുന്നു. രണ്ട് മോട്ടോറുകള്‍ മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്നു. ഇത് ഓരോ ചക്രത്തെയും മുന്നോട്ട് നയിക്കുന്നു. അതേസമയം മൂന്നാമത്തെ മോട്ടോര്‍ ഗിയര്‍ബോക്സിന് മുകളിലായി സ്ഥിതിചെയ്യുന്നു. തിരഞ്ഞെടുത്ത ഡ്രൈവ് മോഡ് പിന്‍ ചക്രങ്ങളെ ചലിപ്പിക്കുന്നു. വെറും 2.5 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും 350 കിലോമീറ്റര്‍ വേഗത കൈവരിക്കാനും റെവല്‍റ്റോയ്ക്ക് സാധിക്കും. 8-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.

ശ്രീലങ്കയെന്ന രാജ്യത്തെ അടുത്തറിയാനാണ് ഈ കൃതിയിലൂടെ എഴുത്തുകാരി ശ്രമിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് കൊളംബോ മുതല്‍ കാന്‍ഡിയും സിഗിരിയയുമുള്‍പ്പെടെ ശ്രീലങ്കയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം അവര്‍ സന്ദര്‍ശിക്കുന്നുണ്ട്. വെറുതേ സ്ഥലങ്ങള്‍ കണ്ടുപോരാതെ, ഓരോ സ്ഥലത്തിന്റെയും ചരിത്രവും സംസ്‌കാരവും മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്. കുട്ടിക്കാലത്ത് വായിച്ചും കേട്ടറിഞ്ഞും മനസ്സിലാക്കിയ, പില്‍ക്കാലത്ത് യുദ്ധവും വംശീയതയും നിത്യദുരിതത്തിലാക്കിയ, ശ്രീലങ്കയിലേക്ക് ഗ്രന്ഥകാരി നടത്തിയ യാത്രയുടെ വിവരണം. ശ്രീലങ്കയെന്ന ദേശത്തെ സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്ന യാത്രാനുഭവം. ‘ശ്രീലങ്കായനം’. പ്രസീത മനോജ്. മാതൃഭൂമി. വില 204 രൂപ.

പതിവായി ഒരു നിശ്ചിത അളവില്‍ ശര്‍ക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചിലര്‍ ഭക്ഷണശേഷം ഒരല്പം ശര്‍ക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശര്‍ക്കര. ആരോഗ്യം മെച്ചപ്പെടുത്താന്‍ ശര്‍ക്കര എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം. ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്താന്‍ ശര്‍ക്കര സഹായിക്കുന്നു. ഇരുമ്പിന്റെ അംശം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തിലാണ് ശര്‍ക്കര നിര്‍മ്മിച്ചിരിക്കുന്നത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അഭാവത്തെ അനീമിയ എന്ന് വിളിക്കുന്നു, ഇത് ഓക്സിജന്‍ വഹിക്കാനുള്ള രക്തത്തിന്റെ കഴിവ് കുറയ്ക്കുന്നു. പിത്ത സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന സവിശേഷതകള്‍ വഴി വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ശര്‍ക്കര സഹായിക്കുന്നു. രസായന (പുനരുജ്ജീവനം) ഗുണങ്ങളിലൂടെ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കും. വിളര്‍ച്ചയെ ചെറുക്കാന്‍ ദിവസവും ഒരു ടേബിള്‍ സ്പൂണ്‍ പൊടിച്ച ശര്‍ക്കര അല്ലെങ്കില്‍ ഒരു ചെറിയ കഷ്ണം ശര്‍ക്കര കഴിക്കാം. നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നുവെങ്കില്‍, ഒരു ശര്‍ക്കര കഷ്ണം കഴിക്കുന്നത് നിങ്ങള്‍ക്ക് ഉടനടി ഊര്‍ജ്ജം നല്‍കും. പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ശര്‍ക്കര ശരീരം ക്രമേണ ആഗിരണം ചെയ്യാന്‍ അനുവദിക്കുന്നതാണ്, അതായത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ നില പെട്ടെന്ന് ഉയരുകയില്ല. ശര്‍ക്കരയില്‍ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. സമ്പന്നമായ പോഷകഗുണമുള്ളതിനാല്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാന്‍ ഇതിന് കഴിയും. ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്ന സെലിനിയവും സിങ്കും ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്നും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.40, പൗണ്ട് – 104.52, യൂറോ – 89.99, സ്വിസ് ഫ്രാങ്ക് – 95.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.66, ബഹറിന്‍ ദിനാര്‍ – 221.26, കുവൈത്ത് ദിനാര്‍ -270.48, ഒമാനി റിയാല്‍ – 216.65, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 61.32.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *