വാട്‌സ്ആപ്പിലും ടെലഗ്രാമിലും സിഗ്‌നലിലുമൊക്കെയുള്ള പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചര്‍ ഒടുവില്‍ ഫേസ്ബുക്ക് മെസഞ്ചറിലും എത്താന്‍ പോവുകയാണ്. ഒരു ബില്യണിലധികം ആളുകള്‍ ഉപയോഗിക്കുന്ന ചാറ്റ് പ്ലാറ്റ്ഫോമായ മെസഞ്ചറില്‍ ‘എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍’ സവിശേഷതയാണ് അവതരിപ്പിക്കാന്‍ പോകുന്നത്. മെസഞ്ചറിലൂടെ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ക്കും കോളുകള്‍ക്കും ഇത് അധിക സുരക്ഷ വാഗ്ദാനം ചെയ്യും. നിങ്ങള്‍ അയക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം മൂന്നാമത് ഒരു വ്യക്തി കാണുന്നതില്‍ നിന്നും സംരക്ഷിക്കുകയാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ചെയ്യുന്നത്. നിങ്ങള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ സന്ദേശങ്ങള്‍ കാണാന്‍ സാധിക്കുകയുള്ളൂ. ഇക്കാരണങ്ങളാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുളള സര്‍ക്കാര്‍ ഏജന്‍സികളുടെ നീക്കത്തെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തടസ്സപ്പെടുത്തുമെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഈ സുരക്ഷാ ഫീച്ചറിനായി വര്‍ഷങ്ങളോളം നീണ്ട പരീക്ഷണവും വലിയ നിക്ഷേപങ്ങളും നടത്തിയിട്ടുണ്ടെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും മെറ്റ തലവന്‍ മാര്‍ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഇതുകൂടാതെ, ഉപയോക്താക്കളുടെ സന്ദേശമയയ്ക്കല്‍ അനുഭവം കൂടുതല്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട് നേരത്തെ മെസഞ്ചറില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഓപ്ഷണല്‍ ഫീച്ചറായി നല്‍കിയിരുന്നു. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ മെസഞ്ചറിലെ എല്ലാ ചാറ്റുകളും എന്‍ക്രിപ്റ്റഡ് ആവും.
‘എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍’ ഫേസ്ബുക്ക് മെസഞ്ചറിലും
