mid day hd 7

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചു. സിപിഐ ഓഫീസായ പട്ടത്തെ പിഎസ് സ്മാരത്തിൽ രണ്ട് മണി വരെ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടർന്ന് രണ്ട് മണിക്ക് മൃതദേഹം കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്കാരം.

കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. റൂട്ട് മാപ്പ് തയ്യാറാക്കിയാണ് തട്ടികൊണ്ടുപോകല്‍ നടപ്പാക്കിയതെന്ന് പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് പൊലീസിന് വ്യക്തമായി. സിസിടിവി ഇല്ലാത്ത ഗ്രാമീണ റൂട്ടുകള്‍ ഉള്‍പ്പെടെ ഇവര്‍ ബ്ലൂ പ്രിന്‍റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫോണില്‍നിന്നാണ് പൊലീസിന് ബ്ലൂ പ്രിന്‍റ് ലഭിച്ചത്. ഒഎല്‍എക്സില്‍ വില്‍ക്കാന്‍ വെച്ചിരുന്ന കാറുകള്‍ പരിശോധിച്ച് അതില്‍നിന്നുള്ള നമ്പറുകള്‍ നോക്കിയാണ് ഇവര്‍ തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച് കാറിന് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കിയതെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി.

യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോക്ടർ റുവൈസിന്റെ അച്ഛനെയും പൊലീസ് പ്രതി ചേർത്തു. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നടത്താതെ പണം ലഭിച്ചതിലൂടെ മുഖ്യമന്ത്രി ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്ന് വ്യക്തമായതായി കെ മുരളീധരൻ എംപി. നവകേരള സദസ് തുടങ്ങിയതിൽ പിന്നെ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നും മതിലുപൊളി യാത്രയാണ് നടത്തുന്നതെന്നും മുരളീധരൻ വിമർശിച്ചു.

ജമ്മു കശ്മീരിലെ വാഹനാപകടത്തിൽ പരിക്കേറ്റ് കശ്മീരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിറ്റൂർ സ്വദേശി മനോജ് മരിച്ചു. മനോജിൻ്റെ മൃതദേഹം കേരളത്തിലെത്തിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന്‌ മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി. വിനോദയാത്ര പോയ 13 അംഗ സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്ന് ആദ്യം മരിച്ച നാല് യുവാക്കളുടെ മൃതദേഹം ഇന്നലെയാണ് സംസ്കരിച്ചത്.

കഴിഞ്ഞ ദിവസം കടുവയെ കണ്ടെത്തിയ താമരശേരി ചുരത്തിന്റെ എട്ട്, ഒന്‍പത് വളവുകള്‍ക്കിടയില്‍ ചുരം റോഡിന്റെ രണ്ടുഭാഗത്തുമായി വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയും കടുവയെ കണ്ടെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും ഇക്കാര്യം വനംവകുപ്പ് നിഷേധിച്ചിട്ടുണ്ട്. ചുരത്തിലൂടെയുള്ള രാത്രി യാത്ര ജാഗ്രതയോടെയായിരിക്കണമെന്ന് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നല്‍കി.

ഇടുക്കി ജില്ലയില്‍ ഈ മാസം 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളായ ഉടുമ്പന്‍ചോല പഞ്ചായത്തിലെ വാര്‍ഡ് 10 (മാവടി), കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 07 (നെടിയക്കാട്) എന്നിവിടങ്ങളിൽ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേട്ടെടുപ്പിന്റെ തലേ ദിവസവും അവധിയായിരിക്കും.

പത്തനംതിട്ട കൊടുമണ്ണിൽ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷിക് എന്നിവർ പിടിയിലായി. പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുമായി പോകും വഴി പ്രതികൾ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു.

തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഹോട്ടലിന്റെ മറവില്‍ നടത്തിയ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ എക്‌സൈസിന്റെ പരിശോധനയിൽ ഇരിങ്ങാലക്കുട സ്വദേശിയും നടനും ഡോക്ട്ടറുമായ അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരെ പിടികൂടി. 1200 ലിറ്റർ മദ്യം കണ്ടെത്തി. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിതെന്ന് എക്സൈസ് അറിയിച്ചു.

ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ പത്തനംതിട്ടയില്‍ കൂടുതൽ ഗതാഗത ക്രമീകരണവുമായി പൊലീസ്. ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടശേഷമാണ് തീര്‍ത്ഥാടകരെ നിലയ്ക്കലിലേക്ക് വിടുന്നത്. സന്നിധാനത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലയ്ക്കല്‍ മുതല്‍ തുലാപ്പള്ളി വരെ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്.

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസ അടച്ചുപൂട്ടില്ലെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന കണക്കിലെടുത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. ഇപ്പോള്‍തന്നെ ടോള്‍പിരിവ് 1300 കോടിയില്‍ എത്തി. എന്നിട്ടും പിരിവ് തുടരുന്നത് ചൂണ്ടിക്കാട്ടി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

കോഴിക്കോട് ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി മരിച്ച ഡോക്ടറായ എം സുജാതയുടെ സംസ്ക്കാരം ഇന്ന് വൈകീട്ട് മാങ്കാവ് ശ്മശാനത്തില്‍ നടക്കും. എറണാകുളം -കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കവേ പ്ലാറ്റഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.

മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് തൂവൽ തീരം അഴിമുഖത്തിന് സമീപം വള്ളം മറിഞ്ഞു. അപകടത്തില്‍ ഒട്ടുംപുറം സ്വദേശി റിസ്വാൻ എന്ന മത്സ്യ തൊഴിലാളിയെ കാണാതായി. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു.

തൃശ്ശൂര്‍ ചാവക്കാടില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ കോയമ്പത്തൂർ കോത്തന്നൂർ സ്വദേശി അശ്വിൻ ജോൺസ് മുങ്ങി മരിച്ചു. ചാവക്കാട്ടെ കടല്‍ തീരത്ത് ഇന്ന് രാവിലെ 10.30നാണ് അപകമുണ്ടായത്. അശ്വിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അശ്വന്ത് രക്ഷപ്പെട്ടു. തീരദേശ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയെ ലോക് സഭയിൽ നിന്നും പുറത്താക്കിയ നടപടിക്കെതിരെ നിയമവിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം ദില്ലി ഹൈക്കോടതിയെയോ സുപ്രീം കോടതിയേയോ സമീപിക്കുമെന്ന് മഹുവ. വിഷയത്തിൽ മഹുവക്ക് ഉറച്ച പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കി.

ഇന്നുമുതൽ പ്രായഭേദമന്യേ സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കും തെലങ്കാന ആർടിസി ബസുകളിൽ യാത്ര സൗജന്യമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. തെലങ്കാനയിൽ കോൺഗ്രസ് ആറു വാഗ്ദാനങ്ങളായിരുന്നു നൽകിയത്.മഹാലക്ഷ്മി പദ്ധതി പ്രകാരമാണ് സ്ത്രീകൾക്ക് സൗജന്യയാത്ര.

ഖത്തറില്‍ താമസസ്ഥലത്ത് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിന് 50 ഏഷ്യന്‍ പൗരന്മാരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ച ശേഷമാണ് വീട്ടില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്. സാഹുവിന്റെ വീട്ടിൽ നിന്ന് മാത്രം 100 കോടിയിലേറെ പണം പിടിച്ചെടുത്തു. 36 കൗണ്ടിംഗ് മെഷീനുകൾ എത്തിച്ചാണ് നോട്ടെണ്ണുന്നതെന്നും അധികൃതർ അറിയിച്ചു.

2020ല്‍ പാരിസിലെ സ്കൂളിനുപുറത്തുവച്ച് മതനിന്ദ ആരോപിച്ച് ചരിത്രാധ്യാപകനായ സാമുവല്‍ പാറ്റിയെ തലയറുത്തുകൊന്ന കേസില്‍ ആറുവിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് ഫ്രഞ്ച് കോടതി. കൊലപാതകം നടത്തിയ ചെചന്‍ വംശജന്‍ അബ്ദൊല്ല അന്‍സൊറോവ് അന്നുതന്നെ പൊലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു. കൊലപാതകത്തിന് കൂട്ടുനിന്ന ആറ് വിദ്യാര്‍ഥികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

വനിത പ്രീമിയർ ലീഗിന്റെ (വനിത ഐപിഎല്‍) രണ്ടാം സീസണ് മുന്നോടിയായുള്ള താരലേലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ മുംബൈയിൽ. 104 ഇന്ത്യൻ താരങ്ങളും അറുപത്തിയൊന്ന് വിദേശ താരങ്ങളും ഉൾപ്പടെ 165 പേരാണ് ലേലപട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. നാല് മലയാളി താരങ്ങളും ലേലത്തിനുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *