ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലം കേരളത്തെ സംബന്ധിച്ച് ശപിക്കപ്പെട്ട കാലമെന്ന് അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃപ്രയാറില്‍ നാട്ടിക നിയോജക മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ മേഖലയും തകര്‍ന്നു. കേരളം മൊത്തം നിരാശയിലായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ആ നിരാശാബോധത്തിന് മാറ്റംവന്നെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
പൊതുവിദ്യാഭ്യാസ രംഗത്തെ ഫുള്‍ എ പ്ലസ് ദാനത്തെ വിമര്‍ശിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ വീഡിയോ പ്രചരിച്ചതു സംബന്ധിച്ച് അദ്ദേഹത്തോടുതന്നെയാണു മന്ത്രി റിപ്പോര്‍ട്ടു തേടിയിരിക്കുന്നത്.
നവകേരള സദസിനു തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിനു വിരുദ്ധമായി സെക്രട്ടറിമാര്‍ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം.
ജമ്മു കാഷ്മീരിലെ സോജില ചുരത്തില്‍ വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്കു മറിഞ്ഞ് നാലു മലയാളികള്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധേഷ്, രാഹുല്‍, അനില്‍, വിഗ്നേഷ് എന്നിവരാണു മരിച്ചത്. സോനാമാര്‍ഗിലേക്കു പോകവേയാണ് അപകടമുണ്ടായത്.
ഹജ്ജിന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കാനും നിരക്കു കുറഞ്ഞ വിമാന സര്‍വീസുകള്‍ നടത്താനും പദ്ധതി തയാറാക്കുമെന്നു സൗദി അറേബ്യ. ഇന്ത്യയിലെത്തിയ സൗദി ഹജ്ജ് മന്ത്രി തൗഫീഗ് ബിന്‍ ഫസ്വാന്‍ അല്‍ റബിയയും ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യസഹമന്ത്രി വി മുരളീധരനും നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് ഈ പ്രഖ്യാപനം. തീര്‍ത്ഥാടകരുടെ വിസ നടപടികള്‍ ലഘൂകരിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രി അറിയിച്ചു.
കേരളത്തോട് കേന്ദ്ര അവഗണനയെന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംപിയുടെ അടിയന്തിര പ്രമേയ നോട്ടീസ്. കേന്ദ്ര നയംമൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രളയകാലത്ത് മതിയായ ഫണ്ട് തന്നില്ല. വിദേശ ധനസഹായങ്ങള്‍ കേന്ദ്രം തടഞ്ഞു. കേരളത്തിലെ ജനങ്ങളോടു ശത്രുതാ മനോഭാവം വച്ചുപുലര്‍ത്തുന്നത് സങ്കടകരമാണെന്നും പ്രതാപന്‍ പറഞ്ഞു.
കേന്ദ്ര അവഗണനക്കെതിരെ പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ ടിഎന്‍ പ്രതാപന്റെ നടപടി നല്ല തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റു തിരുത്തുന്നതു സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കമായി ഈ മാസം എല്ലാ ജില്ലകളിലും എന്‍ഡിഎ ജില്ലാ കണ്‍വന്‍ഷനുകള്‍ നടത്തും. തുടര്‍ന്ന് നിയോജക മണ്ഡലം തല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കും. ജനുവരിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ പദയാത്ര നയിക്കും. ഡിസംബര്‍ 20 മുതല്‍ 30 വരെ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിച്ച് ക്രിസ്മസ് ആശംസകള്‍ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
എല്ലാ മത്സരവും വിജയിച്ച് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീം ഫൈനലില്‍ മോദി സ്റ്റേഡിയത്തില്‍ തോറ്റതിന്റെ തനിയാവര്‍ത്തനമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംഭവിക്കാനിരിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് അബ്ദുള്‍ വഹാബ് എംപി.
കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് ടിഎന്‍ പ്രതാപന്‍ എംപി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കു സാധ്യതയില്ല. സുരേഷ് ഗോപി നല്ല നടനാണ്. ഹോളിവുഡില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം. പ്രതാപന്‍ പറഞ്ഞു.
കൊച്ചിയില്‍ ഒന്നര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ കുട്ടിയുടെ അമ്മ അശ്വതി (25), പങ്കാളി ഷാനിഫ് (25) എന്നിവരെ അറസ്റ്റു ചെയ്തു. കുഞ്ഞു ജനിച്ചതു മുതല്‍ കൊല്ലാന്‍ ഷാനിഫ് പദ്ധതിയിട്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
വയനാട് പെരിയ ചപ്പാരത്തുണ്ടായ ഏറ്റുമുട്ടലില്‍ പിടിയിലായ മാവോയിസ്റ്റ് സംഘാംഗമായ ഉണ്ണിമായയെ തെളിവെടുപ്പിനായി അട്ടപ്പാടിയിലെത്തിച്ചു. 2014 ല്‍ മുക്കാലി ഫോറസ്റ്റ് ഓഫീസ് കത്തിച്ച കേസ്, കോട്ടത്തറ വില്ലേജ് ഓഫീസ് പോസ്റ്റര്‍ പതിച്ച സംഭവം, കുറുക്കന്‍കുണ്ടില്‍ വീട്ടിലെത്തി ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച സംഭവം തുടങ്ങിയ സംഭവങ്ങളിലെ പ്രതിയാക്കാനാണ് തെളിവെടുപ്പു നടത്തുന്നത്.
വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ കാലിത്തീറ്റക്കായി കര്‍ണാടകയില്‍ നിന്നു ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ്. ഈ ആവശ്യം ഉന്നയിച്ച് കര്‍ണാടകത്തിലേക്കു നടത്തിയ മാര്‍ച്ച് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് കേരള കര്‍ണാടക അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു.
പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവ സൗകര്യമുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്‍പത് മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
കണ്ടല സഹകരണ ബാങ്ക് കള്ളപ്പണകേസില്‍ പ്രതികളായ ഭാസുരാംഗന്‍, മകന്‍ അഖില്‍ എന്നിവരുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കോടതി നിര്‍ദ്ദേശം നല്‍കി. പ്രതികളുടെ ജാമ്യ ഹര്‍ജിയിലാണ് നടപടി. ക്രമക്കേട് നടത്തിയിട്ടില്ലെന്നും സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത് ആസ്തി ശോഷണമാണെന്നുമാണ് പ്രതികളുടെ വാദം.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സ്വത്തു കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജി തള്ളി. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
കെ റെയില്‍ സമരസമിതി കുറ്റി പിഴുതെടുത്ത കുഴിയില്‍ നട്ടുവളര്‍ത്തിയ സമര വാഴക്കുല 40,300 രൂപയ്ക്കു ലേലം ചെയ്തു. ആലുവ സമര സമിതിയാണ് എട്ടു കിലോ ഭാരമുള്ള പാളയന്‍കോടന്‍ കുല ലേലത്തില്‍ വിറ്റത്. പൂക്കാട്ടുപടിക്കു സമീപം നട്ട വാഴയുടെ കുല ടി എസ് നിഷാദാണ് ലേലം വിളിച്ചെടുത്തത്.
പാലക്കാട്ടെ കുമരനെല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. പ്ലസ് വണ്‍ , പസ്ടു വിദ്യാര്‍ത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. നാലു വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനും പരിക്കേറ്റു.
ആലപ്പുഴ ചെങ്ങന്നൂരില്‍ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. പെരളശ്ശേരി അജയ് ഭവനില്‍ രാധയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ശിവന്‍കുട്ടി അറസ്റ്റിലായി.
സുല്‍ത്താന്‍ ബത്തേരി കല്ലൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിച്ചു പരിക്കേറ്റ ആനയുടെ ആരോഗ്യനില വഷളായി. ആനയുടെ വലതു കാലിനും ചുമലിനുമാണ് പരിക്കേറ്റിട്ടുള്ളത്. വനംവകുപ്പ് ആര്‍ആര്‍ടി, വെറ്ററിനറി ടീം എന്നിവരുടെ നിരീക്ഷണത്തിലാണ് ആന.
ജയ്പൂരില്‍ കര്‍ണി സേന അധ്യക്ഷന്‍ സുഖ്‌ദേവ് സിംഗ് ഗോഗ മേദിയെ വെടിവച്ചു കൊന്നു. ഇയാള്‍ക്കെതിരെ അക്രമികള്‍ രണ്ടു റൗണ്ട് വെടിവച്ചു. കൊലപാതക ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.
അതിരൂക്ഷമായ പ്രകൃതിക്ഷോഭം നേരിടുന്ന തമിഴ്നാടിന് സംസ്ഥാനത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ് സഹോദരങ്ങള്‍ക്കു ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സഹായത്തിനു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നന്ദി അറിയിച്ചു.
ചെന്നൈ പ്രളയത്തില്‍ കുടുങ്ങിയ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ ഫയര്‍ഫോഴ്‌സ് സംഘം ബോട്ടിലെത്തി രക്ഷപ്പെടുത്തി. അമ്മയുടെ ചികിത്സയ്ക്കായാണ് ആമിര്‍ ഖാന്‍ ചെന്നൈയിലെത്തിയത്. നടന്‍ വിഷ്ണു വിശാലിന്റെ വീട്ടിലായിരുന്നു ആമിര്‍ ഖാന്‍ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപിക്കു സംഭാവനയായി ലഭിച്ചത് 719 കോടി രൂപ. മുന്‍ വര്‍ഷം 614 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിനു ലഭിച്ചത് 79 കോടി രൂപയാണ്. മുന്‍വര്‍ഷം 95.4 കോടി രൂപയായിരുന്നു.
തെരഞ്ഞടുപ്പു ഫലം ഇന്ത്യ സഖ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി ജെ പിയെ പുറത്താക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ജനം മാറ്റത്തിനു വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.