കോണ്‍ഗ്രസ് ഭരിച്ചിരുന്ന രണ്ടു സംസ്ഥാനങ്ങള്‍ അടക്കം മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലേക്ക്. തെലുങ്കാനയില്‍ കോണ്‍ഗ്രസ് ഭരണം. രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത ബിജെപി മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തി. മിസോറാമില്‍ നാളെ വോട്ടെണ്ണല്‍.
നാലു സംസ്ഥാനങ്ങളിലെ ലീഡുനില:
മധ്യപ്രദേശ്: ആകെ 230. ബിജെപി 164, കോണ്‍ഗ്രസ് 65, മറ്റുള്ളവര്‍ 1.
ഛത്തീസ്ഗഡ്: ആകെ 90. ബിജെപി 54, കോണ്‍ഗ്രസ് 35, ജിജിപി 1.
രാജസ്ഥാന്‍: ആകെ 199. ബിജെപി 115, കോണ്‍ഗ്രസ് 69, സ്വതന്ത്രര്‍ 8, ബിഎസ്പി 2, മറ്റുള്ളവര്‍ 3.
തെലുങ്കാന: ആകെ 119. കോണ്‍ഗ്രസ് 64, ബിആര്‍എസ് 39, ബിജെപി 8, എഐഎംഐഎം 7, സിപിഐ 1.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവു ശേഖരിക്കാനും കസ്റ്റഡിയില്‍ വാങ്ങുന്നതിനു പോലീസ് കൊട്ടാരക്കര കോടതിയില്‍ നാളെ അപേക്ഷ നല്‍കും. പ്രതികളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. കൂടുതല്‍ പ്രതികളില്ലെന്ന നിലപാടിലാണു പോലീസ്.
‘മിഷോങ്’ ചുഴലിക്കാറ്റുമൂലം തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്. 12 ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടി റദ്ദാക്കി. ബുധനാഴ്ചത്തെ എറണാകുളം – ടാറ്റാ നഗര്‍ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. നാളെ എസ്എംവിടി ബെംഗളൂരുവില്‍ നിന്നു നാഗര്‍ കോവിലിലേക്ക് പോകുന്ന നാഗര്‍കോവില്‍ എക്‌സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.
കേരളത്തിന്റെ സാംസ്‌കാരിക മുഖമാണ് എംഎ ബേബിയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ഇ. കെ. നായനാര്‍ സര്‍ക്കാരിന്റെ മാനവീയം പരിപാടികളുടെ ഭാഗമായി രൂപപെടുത്തിയ തിരുവനന്തപുരത്തെ മാനവീയംവീഥിക്കു നേതൃത്വം നല്‍കിയ എംഎ ബേബിയെ ഡോ. കെ. ഓമനക്കുട്ടിക്കൊപ്പം ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമന്‍ തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ മരിച്ച നിലയില്‍. 74 വയസായിരുന്നു. ജാതിവിവേചനത്തിനെതിരെ പോരാടിയ കുഞ്ഞാമന്‍ 27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു
മലപ്പുറം താനൂരില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍. നിറമരുതൂര്‍ സ്വദേശി സെയ്തലവിയെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മങ്ങാട് കുമാരന്‍പടിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറിലായിരുന്നു മൃതദേഹം.
സിനിമാ പ്രവര്‍ത്തകരെന്ന വ്യാജേന വീടു വാടകയ്‌ക്കെടുത്ത് മയക്കുമരുന്നു വിറ്റിരുന്ന രണ്ടു പേര്‍ പിടിയില്‍. വടക്കന്‍ പറവൂര്‍ കരുമാല്ലൂര്‍ തട്ടാമ്പടി സ്വദേശി നിഥിന്‍ വേണുഗോപാല്‍, നീറിക്കോട് സ്വദേശി നിഥിന്‍ വിശ്വന്‍ എന്നിവരാണ് 19 ഗ്രാം എംഡിഎംഎ സഹിതം പിടിയിലായത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ പരിശോധന നടത്തിയ തമിഴ്‌നാട് വിജിലന്‍സ് പല പ്രധാന കേസുകളുടെയും ഫയല്‍ മോഷ്ടിച്ചെന്നും സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കി. പല രേഖകളും ഫോണില്‍ പകര്‍ത്തി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
ബിജെപി നയിക്കുന്ന സദ്ഭരണത്തിനും വികസനത്തിനും ഒപ്പമാണ് ഭാരതം നിലകൊള്ളുന്നതെന്നാണു ജനവിധിയുടെ അര്‍ത്ഥമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനവിധിക്കു മുന്നില്‍ വണങ്ങുന്നുവെന്ന് അദ്ദേഹം എക്‌സ് പ്‌ളാറ്റ്‌ഫോമില്‍ കുറിച്ചു.
തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ വിജയശില്‍പിയായ രേവന്ത് റെഡ്ഡിയെന്ന ചെറുപ്പക്കാരന്‍ സൂപ്പര്‍സ്റ്റാറായി. റോഡ് ഷോയുമായാണ് രേവന്ത് റെഡ്ഡി പ്രവര്‍ത്തകര്‍ക്കൊപ്പം വിജയം ആഘോഷിച്ചത്.
ബിജെപി പിടിച്ചെടുത്ത രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് വസുന്ധര രാജെ സിന്ധ്യ, ബാബ ബാലക് നാഥ്, ഗദേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകള്‍. മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസിന്റെ അശോക് ഗലോട്ട് 24,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയും മുന്‍ മുഖ്യമന്ത്രിയായ ബിജെപിയുടെ വസുന്ധര രാജെ സിന്ധ്യഅമ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെയും വിജയിച്ചു.
കോണ്‍ഗ്രസ് തകര്‍ന്നുപോയ രാജസ്ഥാനില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലാതെ മല്‍സരിച്ച സിപിഎം സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരാണു തോറ്റത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ച ബിജെപി നേടിയത് 166 സീറ്റുകള്‍. വെറും 62 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.
മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. തിരിച്ചടികള്‍ താല്‍ക്കാലികമാണ്. അവയെല്ലാം മറികടക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
ബെംഗളൂരു ആസ്ഥാനമായുള്ള മൂന്നു സഹകരണ ബാങ്കുകളിലെ അഴിമതി അന്വേഷിക്കാന്‍ സിബിഐക്കു കൈമാറാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നല്‍കി. ശ്രീ ഗുരു രാഘവേന്ദ്ര സഹകരണ ബാങ്ക്, സഹോദര സ്ഥാപനമായ ശ്രീ ഗുരു സാര്‍വഭൗമ സൗഹാര്‍ദ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ലിമിറ്റഡ്, ശ്രീ വസിസ്ത ക്രെഡിറ്റ് സൗഹാര്‍ദ സഹകാരി ലിമിറ്റഡ് എന്നിവയിലെ തട്ടിപ്പുകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ബിജെപി സര്‍ക്കാറിന്റെ കാലത്താണ് തട്ടിപ്പു നടന്നത്.
പൂച്ചെണ്ടുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനുമുല രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് തെലങ്കാന ഡിജിപി അന്‍ജാനി കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ചാണ് നടപടി.
തെലുങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരെ പഞ്ചനക്ഷത്രഹോട്ടലിലേക്ക് മാറ്റി.
ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ആശയപരമായ പോരാട്ടം തുടരും. തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. എല്ലാ പ്രവര്‍ത്തകരുടെയും പിന്തുണക്കു നന്ദിയെന്നും രാഹുല്‍ എക്‌സ് പ്‌ളാറ്റ്‌ഫോമില്‍ കുറിച്ചു.