മാനുഫാക്ചറിംഗ്, ഉപഭോക്തൃ മേഖലകളുടെ കരുത്തില്‍ ഇന്ത്യ മികച്ച വളര്‍ച്ച തുടരുന്നു. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി) അപ്രതീക്ഷിതമായി 7.6 ശതമാനം വളര്‍ച്ച നേടിയതോടെ ആഗോള നിക്ഷേപകരുടെ പ്രിയ കേന്ദ്രമായി ഇന്ത്യ മാറാന്‍ സാധ്യതയേറി. സെപ്തംബറില്‍ ഇന്ത്യന്‍ ജി. ഡി. പിയുടെ യഥാര്‍ത്ഥ മൂല്യം 41.74 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ജി.ഡി.പി മൂല്യം 38.78 ലക്ഷം കോടി രൂപയായിരുന്നു. കാര്‍ഷിക, മൃഗ സംരക്ഷണ, മത്സ്യ മേഖലകളിലെ ഉത്പാദനം 1.2 ശതമാനം ഉയര്‍ന്നു. ഖനന, ക്വാറി മേഖലകള്‍ പത്ത് ശതമാനവും മാനുഫാക്ചറിംഗ് രംഗം 13.9 ശതമാനവും വളര്‍ച്ച നേടി. ജി.ഡി.പി കണക്കാക്കുന്നതില്‍ അറുപത് ശതമാനം വിഹിതമുള്ള കണ്‍സ്യൂമര്‍ ഉപഭോഗത്തില്‍ മികച്ച വളര്‍ച്ചയാണുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായിരുന്നു. അവലോകന കാലയളവില്‍ വളര്‍ച്ച 6.5 മുതല്‍ 6.7 ശതമാനം വരെയാകുമെന്നാണ് ധനകാര്യ വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. ഒക്ടോബറില്‍ രാജ്യത്തെ പ്രധാന എട്ടു മേഖലകളിലെ ഉത്പാദനത്തില്‍ 12,1 ശതമാനം വളര്‍ച്ചയുണ്ടായി. കല്‍ക്കരി, സ്റ്റീല്‍, വൈദ്യുതി, സിമന്റ് എന്നിവയുടെ ഉത്പാദനത്തിലുണ്ടായ ഉണര്‍വാണ് ഗുണമായത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയുടെ ധനകമ്മി മൊത്തം ലക്ഷ്യത്തിന്റെ 45 ശതമാനമായി താഴ്ന്നു. മുന്‍വര്‍ഷം ഇക്കാലത്ത് ധനകമ്മി ലക്ഷ്യത്തിന്റെ 45.6 ശതമാനമായിരുന്നു.