സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാനൊരുങ്ങി ഇന്ത്യയിലെ ഇന്‍ഷുറന്‍സ് ഭീമനായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളുടെ ഭാഗമായി പുതിയ ഫിന്‍ടെക് കമ്പനി തുടങ്ങാനാണ് എല്‍ഐസിയുടെ തീരുമാനം. ഡിജിറ്റല്‍ നവീകരണവും, മൂല്യ വര്‍ദ്ധനവും ഉറപ്പുവരുത്തുന്ന ഡൈവ് എന്ന പുതിയ പദ്ധതിയിലൂടെ സേവനങ്ങള്‍ സമ്പൂര്‍ണ്ണമായും ഇലക്ട്രോണിക് രൂപത്തിലാക്കുക എന്നതാണ് എല്‍ഐസി ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം, ആഗോള നിലവാരത്തിലുള്ള എല്ലാ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതാണ്. സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പ്രത്യേക കണ്‍സള്‍ട്ടന്റിനെ എല്‍ഐസി നിയമിച്ചിട്ടുണ്ട്. ഏജന്റുകള്‍ വഴി നേടുന്ന ബിസിനസ് ഡിജിറ്റലാക്കുന്ന പദ്ധതിക്കാണ് ആദ്യം കൂടുതല്‍ മുന്‍തൂക്കം നല്‍കുക. അടുത്ത ഘട്ടത്തില്‍ ക്ലെയിം സെറ്റില്‍മെന്റ്, വായ്പകള്‍ തുടങ്ങിയ സേവനങ്ങളും പദ്ധതിയുടെ ഭാഗമാകും. എല്‍ഐസിയുടെ ഓഫീസുകളില്‍ എത്താതെ തന്നെ ഉപഭോക്താക്കള്‍ക്ക് എല്ലാ സേവനങ്ങളും വീട്ടിലിരുന്ന് ഉപയോഗിക്കാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഡിജിറ്റലൈസ് ചെയ്യുന്ന സംവിധാനം പ്രാബല്യത്തിലാകുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ നേടിയെടുക്കാന്‍ എല്‍ഐസിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.