ഉപയോക്താക്കളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുന്‍പ് പിന്‍വലിച്ച ഫീച്ചര്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഡെസ്ക് ടോപ്പ് ഉപയോക്താക്കള്‍ക്കായാണ് ഫോട്ടോയും വീഡിയോയും ഒറ്റത്തവണ മാത്രം കാണാന്‍ കഴിയുന്ന വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിച്ചത്. മുന്‍പ് ഈ ഫീച്ചര്‍ പിന്‍വലിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വാട്സ്ആപ്പ് ഈ ഫീച്ചര്‍ വീണ്ടും കൊണ്ടുവന്നത്. താത്കാലികമായി മീഡിയ ഫയലുകള്‍ അയക്കാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍. അതായത് മീഡിയ ഫയലുകള്‍ സ്വീകരിക്കുന്നയാളുടെ ഗ്യാലറിയില്‍ ഇത്തരം ഫയലുകള്‍ സേവ് ആകില്ല. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ അയക്കുമ്പോഴാണ് ഇത് കൂടുതല്‍ പ്രയോജനം ചെയ്യുക. കൂടാതെ സ്വകാര്യത നിലനിര്‍ത്താനും ഇത് ഏറെ സഹായകരമാണ്. മീഡിയ ഫയലുകള്‍ സ്വീകരിക്കുന്നയാള്‍ കണ്ടു ഉടന്‍ തന്നെ അപ്രത്യക്ഷമാകുന്ന തരത്തിലാണ് ഈ ഫീച്ചര്‍. അതായത് ഒരു തവണ മാത്രമാണ് കാണാന്‍ സാധിക്കുക. സ്വകാര്യത സംരക്ഷണത്തിന് പ്രാധാന്യം നല്കി കൊണ്ടാണ് ഈ ഫീച്ചര്‍. ലഭിച്ച മീഡിയ ഫയലുകള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യാനോ, സേവ് ചെയ്ത് സൂക്ഷിക്കാനോ, ഷെയര്‍ ചെയ്യാനോ സാധിക്കില്ല. 14 ദിവസത്തിനകം മീഡിയ ഫയല്‍ ഓപ്പണ്‍ ചെയ്തില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും. വ്യൂ വണ്‍സ് ഓപ്ഷന് അനുസരിച്ചാണ് മീഡിയ ഫയലുകള്‍ അയക്കാന്‍ സെന്‍ഡര്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ഓരോ തവണയും വ്യൂ വണ്‍സ് ഓപ്ഷന് തെരഞ്ഞെടുക്കേണ്ടതാണ്.