yt cover 23

ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിയ 41 പേരും സുരക്ഷിതര്‍. കുടുങ്ങിയവരുമായി കാമറയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തകര്‍ സംസാരിച്ചു. ആറിഞ്ചു വ്യാസമുള്ള കുഴലിലൂടെ കടത്തിവിട്ട കാമറയിലൂടെയാണ് ദൃശ്യങ്ങള്‍ കാണാനായത്. കുഴലിലൂടെ അവര്‍ക്കു ഭക്ഷണവും വെള്ളവും നല്‍കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടം നടന്നു പത്തു ദിവസത്തിനുശേഷമാണ് തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കണമെന്ന് എന്‍സിആര്‍ടി വിദഗ്ധ സമിതി. ക്ലാസിക്കല്‍ ചരിത്രമായാണ് രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തുക. ഭരണഘടനയുടെ ആമുഖം ക്ലാസുകളിലെ ചുമരുകളില്‍ പതിപ്പിക്കാനും നിര്‍ദേശമുണ്ട്.

സുപ്രീം കോടതി ഉത്തരവു നിലനില്‍ക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നത് എന്തിനെന്നു കോടതി. കേരളം, തമിഴ്നാട് സംസ്ഥാനങ്ങള്‍ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകള്‍ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്. കോടതിയുടെ ഉത്തരവ് പാലിക്കാമെന്ന് കേരളവും തമിഴ്നാടും സുപ്രീംകോടതിയില്‍ ഉറപ്പു നല്‍കി.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

മുന്‍കൂര്‍ ബുക്ക് ചെയ്ത യാത്രക്കാരുമായി സര്‍വ്വീസ് നടത്താന്‍ റോബിന്‍ ബസിന് നല്‍കിയ ഇടക്കാല അനുമതി ഹൈക്കോടതി രണ്ടാഴ്ച കൂടി നീട്ടി. ബസ് ഉടമയുടെ അഭിഭാഷകന്‍ മരിച്ച സാഹചര്യത്തില്‍ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം പരിഗണിച്ചാണ് ഈ തീരുമാനം.

രണ്ടാഴ്ചയായി എംവിഡി ഉദ്യോഗസ്ഥര്‍ ബസ് സര്‍വീസുകളെ അകാരണമായി വേട്ടയാടുകയാണെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്‍. എംവിഡി ഉദ്യോഗസ്ഥര്‍ അനാവശ്യമായി പിഴ ചുമത്തുകയാണ്. ബസുകളില്‍ നിന്ന് 7,500 രൂപ മുതല്‍ 15,000 രൂപ വരെ പിഴ ഈടാക്കിയെന്നും അസോസിയേഷന്‍ ആരോപിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കുന്ന സേവനങ്ങളും നിലവിലുള്ള ഫയലുകള്‍, ഉത്തരവുകള്‍, സര്‍ക്കുലറുകള്‍ തുടങ്ങിയ വിവരങ്ങളും എല്ലാവര്‍ക്കും ഓണ്‍ലൈനിലൂടെ ലഭ്യമാക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കീം ഉത്തരവിട്ടു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം.

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ സിപിഐ നേതാവ് ഭാസുരാംഗനേയും മകന്‍ അഖിലിനേയും എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. പത്തു മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റു ചെയ്തത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മണ്ഡലമായ അടൂരിലെ മുന്‍ ജില്ലാ സെക്രട്ടറി അഭി വിക്രം അടക്കമുള്ളവരാണു കസ്റ്റഡിയിലായത്.

സാഹിത്യകാരി പി വത്സല അന്തരിച്ചു. 85 വയസായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കേരള സാഹിത്യ അക്കാദമിയുടേയും പുരസ്‌കാരങ്ങള്‍ നേടിയ എഴുത്തുകാരിയാണ്.

കരിങ്കൊടി കാണിച്ചതിനു മര്‍ദിച്ചവരെ തെരുവില്‍ നേരിടുമെന്ന കെപിസിസി അധ്യക്ഷന്റെ ഭീഷണി വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവില്‍ നേരിടുന്നതെല്ലാം ഒരുപാട് കണ്ടതാണ്. തങ്ങളെ കാണാനെത്തുന്ന ജനങ്ങളെ നേരിടുമെന്നാണ് പ്രതിപക്ഷം പറയുന്നത്. അങ്ങിനെയെങ്കില്‍ പ്രത്യാഘാതവും അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐ തല അടിച്ചുപൊട്ടിക്കുന്ന വിജയന്‍ സേനയായി മാറിയെന്നും ഈ വാനര സേനയെ തുരത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സമരവുമായി ഇനിയും തെരുവിലിറങ്ങും. പോലീസ് വധശ്രമത്തിനു കേസെടുത്തതിനെയാണ് മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ചതെന്നും രാഹുല്‍.

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവച്ച പ്രതി ജഗന് ജാമ്യം. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്കു മാറ്റും. മൂന്നു വര്‍ഷമായി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് കുടുംബം ചികിത്സാ രേഖകള്‍ സഹിതം അറിയിച്ചിട്ടുണ്ട്.

കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകുന്നേരം ഏഴിനു നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ടി 20 മത്സരത്തിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് തിരുവനന്തപുരം നഗരസഭ. മത്സരം കാണാന്‍ എത്തുന്നവര്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കണം. കൊണ്ടുവരുന്ന ഒരു സാധനവും ഗ്യാലറിയില്‍ ഉപേക്ഷിക്കരുത്. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വേയ്സ്റ്റ് ബിന്നുകള്‍ ഒരുക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാക്കള്‍ മുഖ്യപ്രതിയായ സതീശനില്‍നിന്നു പണം വാങ്ങിയെന്നു വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം അരവിന്ദാക്ഷന്‍ നല്‍കിയ മൊഴിയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സിപിഎം മുന്‍ മന്ത്രി എ സി മൊയ്തീനും, മുന്‍ എംപി പി.കെ ബിജുവും പണം കൈപ്പറ്റിയെന്ന മൊഴി വ്യാജമെങ്കില്‍ കേസു കൊടുക്കണമെന്നും അനില്‍ അക്കര പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ നവകേരള സദസ് നടക്കുന്ന ദിവസങ്ങളില്‍ വിവിധ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

റോബിന്‍ ബസിന് വഴിനീളെ സ്വീകരണം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ടാണ് ബസിനെ വരവേറ്റത്. തമിഴ്നാട് എംവിഡി കസ്റ്റഡിയില്‍ നിന്ന് പുറത്തിറങ്ങി പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ രാത്രിയിലാണു സ്വീകരണം.

വ്യാജ ആയുധ ലൈസന്‍സുമായി കാഷ്മീര്‍ സ്വദേശി തൃശൂരില്‍ അറസ്റ്റില്‍. തൃശൂരില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന രജൗരി സ്വദേശി അശോക് കുമാര്‍ ആണ് അറസ്റ്റിലായത്.

സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ വീട്ടിലെത്തിയാണ് മറിയക്കുട്ടിക്ക് 1,600 രൂപ കൈമാറിയത്.

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് തകര്‍ത്ത കേസില്‍ പൊന്‍കുന്നം സ്വദേശി സുലു എന്ന യുവതിയെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് കാറില്‍ തട്ടിയപ്പോള്‍ സംഭവിച്ച അബദ്ധമാണെന്നു സുലു പൊലീസിനു മൊഴി നല്‍കി.

തിരുവനന്തപുരത്ത് ഭൂതല ജലസംഭരണിയില്‍ ശുചീകരണം നടക്കുന്നതിനാല്‍ നവംബര്‍ 24 നും 25 നും 37 സ്ഥലങ്ങളില്‍ ജല വിതരണം മുടങ്ങും. തിരുമല, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണു കുടിവെള്ളം മുടങ്ങുക.

കോഴിക്കോട് പൊറ്റമ്മല്‍, കോവൂര്‍, മെഡിക്കല്‍ കോളേജ്, വെള്ളിപ്പറമ്പ് പ്രദേശങ്ങളില്‍ വ്യാഴാഴ്ച കുടിവെള്ള വിതരണം മുടങ്ങും. ജല അതോറിറ്റിയുടെ കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതാണ് കാരണം.

കോഴിക്കോട് കുറ്റ്യാടി മുതല്‍ കോടഞ്ചേരി വരെ വ്യാഴാഴ്ച മുതല്‍ പണി പൂര്‍ത്തിയാകുന്നതുവരെ ഗതാഗതം നിരോധിച്ചു.

ഓട്ടോറിക്ഷാ ഡ്രൈവറെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് കൂട്ടത്തല്ല്. മെഡിക്കല്‍ കോളേജ് പരിസരത്താണ് സംഘര്‍ഷമുണ്ടായത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പൊലീസുകാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിലെ എസ്ഐ ഭുവനചന്ദ്രനാണു മരിച്ചത്.

തിരുവനന്തപുരം അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതി പൊലീസിനെ വെട്ടി പരിക്കേല്‍പ്പിച്ചു. പൊലീസുകാരനായ ബിനുവിനെയാണ് ആക്രമിച്ചത്. മറ്റൊരു പ്രതിയുമായി കൈവിലങ്ങിട്ടിരുന്ന അനസ് ഖാന്‍ എന്ന പ്രതി ആക്രമിച്ചശേഷം ആ പ്രതിയെയുംകൊണ്ട് പുറത്തേക്ക് ഓടിയെങ്കിലും പോലീസ് പിടികൂടി.

തിരുവനന്തപുരം പാറശ്ശാല കാരാളിയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പാറശ്ശാല മുറിയ തോട്ടം സ്വദേശി കിരണ്‍ പ്രസാദാണു മരിച്ചത്.

നാദാപുരത്ത് വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ തീവച്ചതിനു പരാതിക്കാരന്റെ സഹോദരന്‍ അറസ്റ്റിലായി. ചരളില്‍ സജിലേഷ് (35) നെയാണ് നാദാപുരം പോലീസ് പിടികൂടിയത്. സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ നല്‍കാത്തതിനാണ് തീയിട്ടത്.

പൂജാരി ക്ഷേത്രമടച്ചു വീട്ടിലേക്കു മടങ്ങുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണമേറ്റു മരിച്ചു. വാല്‍പ്പാറ സിംഗോണ സ്വദേശി ചെല്ലപ്പന്‍ (68) ആണ് മരിച്ചത്.

വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനെതിരേ സമരപ്രഖ്യാപനവുമായി 16 വിദ്യാര്‍ഥി സംഘടനകള്‍. തൃണമൂല്‍ കോണ്ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ചത്ര പരിഷത് ഒഴികെയുളള വിദ്യാര്‍ത്ഥി സംഘടനകള്‍ ഡല്‍ഹിയില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. യുണൈറ്റഡ് സ്റ്റുഡന്റസ് ഓഫ് ഇന്ത്യ എന്ന പേരിലാണ് സംയുക്ത സഖ്യം പ്രവര്‍ത്തിക്കുക.

ഡീപ് ഫേക്ക് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സമൂഹ മാധ്യമ കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച ഐടി മന്ത്രി അശ്വനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് മെറ്റയും ഗൂഗിളും അടക്കമുള്ള സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ജി 20 വെര്‍ച്ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ അധ്യക്ഷനാകും. ഇന്നു നടക്കുന്ന ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പങ്കെടുക്കില്ല. പകരം പ്രധാനമന്ത്രി ലി ഖിയാങ് പങ്കെടുക്കും. ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അടിയന്തര ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത ഷി ജിന്‍ പിങ് മോദിയുടെ അധ്യക്ഷതയിലുള്ള വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാത്തത് ആഗോളതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

പട്ടാള ഭരണകൂടത്തിനെതിരേ കലാപം നടക്കുന്ന മ്യാന്‍മറിലെ ഇന്ത്യാക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യമന്ത്രാലയം. മ്യാന്മറിലുള്ളവര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.

ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതോടെയെണ് ഇന്ത്യന്‍ ടീമിന്റെ പതനം ആരംഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്റ്റേഡിയത്തില്‍ മോദി എത്തും വരെ ഇന്ത്യന്‍ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ‘ദുശകുനം’ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതി. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ തോറ്റത് മോദി എത്തിയതുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

വിദേശ പണമിടപാടു നിയമങ്ങള്‍ ലംഘിച്ചതിന് 9,000 കോടി രൂപ അടയ്ക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എജ്യൂടെക് കമ്പനിയായ ബൈജൂസിന് നോട്ടീസ് നല്‍കി. 2011 നും 2023 നും ഇടയില്‍ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ബൈജൂസിന് ലഭിച്ചു. ഇതേ കാലത്ത് വിദേശത്തേക്ക് നേരിട്ടുള്ള നിക്ഷേപമെന്ന പേരില്‍ 9,754 കോടി രൂപ ബൈജൂസ് അയച്ചെന്നും ഇ.ഡി ആരോപിച്ചു.

ബാബാ രാംദേവിന്റെ പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പാടില്ലെന്നും കനത്ത പിഴ ചുമത്തുമെന്നും കോടതി. പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ ഐഎംഎ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ കര്‍ണാടക ഹൈക്കോടതി കേസുകള്‍ റദ്ദാക്കി. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നു കോടതി ഉത്തരവിട്ടു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കു ഇപ്പോള്‍ പ്രായപൂര്‍ത്തിയായിട്ടുണ്ട്.

ഇറ്റലിയിലെ ഏറ്റവും വലിയ മാഫിയാ വിചാരണയില്‍ പ്രതികളായ 200 പേര്‍ക്ക് മൊത്തം 2,200 വര്‍ഷം തടവുശിക്ഷ. മൂന്ന് വര്‍ഷമായി നടക്കുന്ന വിചാരണയില്‍ മയക്കുമരുന്നു കടത്തുവരെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ മുന്‍ ഇറ്റാലിയന്‍ സെനറ്ററും ഉള്‍പ്പെടുന്നു.

ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചേക്കും. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനിടെ, ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കരുതെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു.

ലോകകപ്പ് ഫുട്‌ബോള്‍ രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. കുവൈത്തിനെതിരെ ജയിച്ച ഇന്ത്യ ഇപ്പോള്‍ ഗ്രൂപ്പില്‍ രണ്ടാമതാണ്. അഫ്ഗാനിസ്താനെതിരായ അടുത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് മാത്രമാണ് മൂന്നാം റൗണ്ടിലേക്ക് യോഗ്യത ലഭിക്കുക.

കാണികളുടെ എണ്ണത്തില്‍ റെക്കോഡ് സൃഷ്ടിച്ച് 2023 ക്രിക്കറ്റ് ലോകകപ്പ്. ആറാഴ്ച നീണ്ട് നിന്ന ലോകകപ്പില്‍ 12,50,307 കാണികളാണ് മത്സരം കാണാനെത്തിയത്. 2015-ല്‍ ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന ലോകകപ്പിലെ കാണികളുടെ എണ്ണത്തെയാണ് മറികടന്നത്. അന്ന് 10,16,420 പേരാണ് കളി കാണാനെത്തിയിരുന്നത്.

ഏകദിന, ട്വന്റി-20 മത്സരങ്ങളിലെ ഓവറുകള്‍ക്കിടയില്‍ സമയനഷ്ടം കുറയ്ക്കുന്നതിന് പുതിയ പരീക്ഷണവുമായി ഐസിസി. ഓവര്‍ അവസാനിച്ചതിന് ശേഷം 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ തുടങ്ങുന്നതില്‍ ഒരു ഇന്നിങ്‌സിനിടെ ബൗളിങ് ടീം മൂന്ന് തവണ പരാജയപ്പെട്ടാല്‍ അഞ്ചു റണ്‍സ് പെനാല്‍റ്റി നല്‍കാനാണ് പുതിയ തീരുമാനം.

ഉത്സവകാലത്തിന് മുന്നോടിയായി ഒക്ടോബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 123 ടണ്‍ സ്വര്‍ണം. കഴിഞ്ഞ 31 മാസത്തിനിടയിലെ ഏറ്റവും വലിയ ഇറക്കുമതിയാണിത്. ദീപാവലി, നവരാത്രി, ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് ആഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയതാണ് സ്വര്‍ണ ഇറക്കുമതി കൂടാനും വഴിയൊരുക്കിയത്. 2022ലെ ഒക്ടോബറില്‍ 77 ടണ്ണായിരുന്നു ഇറക്കുമതി; 60 ശതമാനമാണ് കഴിഞ്ഞമാസത്തെ വര്‍ധന.കഴിഞ്ഞ ഒരു ദശാബ്ദമെടുത്താല്‍ ഓരോ വര്‍ഷവും ഒക്ടോബറിലെ ശരാശരി സ്വര്‍ണ ഇറക്കുമതി 66 ടണ്ണായിരുന്നു. ഈ ട്രെന്‍ഡ് മറികടന്നുള്ള ഇറക്കുമതി കുതിപ്പാണ് കഴിഞ്ഞമാസം കണ്ടത്. 2022 ഒക്ടോബറിലെ സ്വര്‍ണ ഇറക്കുമതിച്ചെലവ് 370 കോടി ഡോളറായിരുന്നു (ഏകദേശം 31,000 കോടി രൂപ). ഈ വര്‍ഷം ഒക്ടോബറില്‍ സ്വര്‍ണം ഇറക്കുമതിക്കായി ഇന്ത്യ ചെലവിട്ടതാകട്ടെ 723 കോടി ഡോളറാണ് (60,000 കോടി രൂപ), അതായത് ഇരട്ടിയോളം തുക! സ്വര്‍ണാഭരണങ്ങള്‍ക്ക് ഡിമാന്‍ഡേറുന്നതും കച്ചവടം ഉഷാറാകുന്നതും രാജ്യത്തെ ആഭരണ വിപണിക്ക് നേട്ടമാണ്. പക്ഷേ, ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ കൂടാന്‍ വലിയ പങ്ക് സ്വര്‍ണം ഇറക്കുമതി വഹിക്കുന്നു എന്ന ആശങ്കയുണ്ട്.

രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാംപസ് കഥ പറയുന്ന ‘താള്‍’ എന്ന ചിത്രത്തിലെ പ്രണയഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘പുലരിയില്‍ ഇളവെയില്‍’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കിയിരിക്കുന്നു. കെ.എസ്.ഹരിശങ്കറും ശ്വേത മോഹനും ചേര്‍ന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ശ്വേതയുടെയും ഹരിശങ്കറിന്റെയം സ്വരഭംഗി ആദ്യ കേള്‍വിയില്‍ തന്നെ മനസ്സില്‍ പതിയുന്നുവെന്ന് പ്രേക്ഷകര്‍ കുറിക്കുന്നു. മനോരമ മ്യൂസിക് ആണ് ‘പുലരിയില്‍ ഇളവെയില്‍’ റിലീസ് ചെയ്തിരിക്കുന്നത്. രാജാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘താള്‍’. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. ഡോ.ജി.കിഷോര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആന്‍സണ്‍ പോള്‍,ആരാധ്യ ആന്‍, അരുണ്‍കുമാര്‍, നോബി മാര്‍ക്കോസ്, വിവ്യ ശാന്ത് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാതല്‍’ റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ 23നാണ് റിലീസ്. ഈ അവസരത്തില്‍ പ്രി-റിലീസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ മാത്യു ദേവസി എന്ന കഥാപാത്രവും ജ്യോതികയുടെ ഓമന എന്ന കഥാപാത്രവും തമ്മിലുള്ള ആത്മബന്ധം ആണ് ടീസര്‍ പറയുന്നത്. ഇരുവരും ഡിവോഴ്സിന്റെ വക്കില്‍ നില്‍ക്കുന്നവരാണെന്ന് നേരത്തെ വന്ന ട്രെയിലറില്‍ നിന്നും വ്യക്തമാണ്. ഇമോഷന് പ്രധാന്യമുള്ളതാകും കാതല്‍ എന്ന് വ്യക്തമാണ്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

നവംബറില്‍ ഇന്ത്യയിലെ ഇലക്ട്രിക് ടൂ വീലറുകളുടെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റിന് അടുത്തെത്തി. നവംബര്‍ മാസം കഴിയുമ്പോഴേക്കും ഇത് ഒരു ലക്ഷം പിന്നീടുമെന്നാണ് സൂചന. ഉത്സവ കച്ചവടത്തിന്റെ കരുത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം അധിക വില്‍പ്പന നേടാന്‍ ഇക്കുറി സാധിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യത്തെ ആറ് മാസക്കാലയളവില്‍ രാജ്യത്ത് വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ 10 ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഉത്സവ സീസണിലും വിപണിയിലെ താരമായി മാറിയിരിക്കുന്നത് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല തന്നെയാണ്. നവംബര്‍ മാസം അവസാനിക്കുമ്പോള്‍ വില്‍പ്പനയില്‍ 40 ശതമാനം വര്‍ദ്ധനവാണ് ഒല പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കളിലെ വാങ്ങല്‍ ശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ഓരോ ടൂ വീലറിനും 24,000 രൂപയുടെ വരെ ഓഫറുകള്‍ ഒല പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണയും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത് ഐ ക്യൂബിന് തന്നെയാണ്. ഡിമാന്‍ഡ് ഉയര്‍ന്നതോടെ ഐ ക്യൂബിന്റെ ഉല്‍പ്പാദനം 25,000 യൂണിറ്റിലധികം എത്തുന്നതാണ്. ഈ വര്‍ഷം മെയ് മാസം 1.4 ലക്ഷം വാഹനങ്ങളാണ് ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനികള്‍ വിറ്റഴിച്ചത്.

കുട്ടികള്‍ക്കും കുട്ടിത്തം കൈവിടാത്തവര്‍ക്കുമാണ് 23 കഥകളുടെ ഈ സമാഹാരം. ‘എച്ച് & സി @75’ ബാലകഥാമത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഇവ, കഥകളില്‍നിന്നും അകന്നുകൊണ്ടിരിക്കുന്ന നമ്മുടെ കുരുന്നുകള്‍ക്ക് ഭാവനയുടെ പൂഞ്ചിറകുകള്‍ നല്‍കും; വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഗഗനപഥങ്ങളെ തൊട്ടുരുമ്മുന്ന ചിറകുകള്‍. ശൈശവസഹജമായ ഉത്സാഹത്തിമിര്‍പ്പിന്റെയും ഉല്ലാസഘോഷത്തിന്റെയും മഷിപ്പരപ്പില്‍ തൂലിക മുക്കി എഴുതപ്പെട്ട ഈ കഥകള്‍, നന്മയുടെ പാഠങ്ങളായി പുതുതലമുറയെ വലിയ വലിയ ശരികളിലേക്കു വഴിനടത്തുന്നവയാണ്. ‘പറഞ്ഞു പറഞ്ഞു പറഞ്ഞ്’. സിപ്പി പള്ളിപ്പുറം. എച്ച് & സി ബുക്സ്. വില 142 രൂപ.

പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ചെറിയുള്ളി. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതു കൊണ്ടാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നത്. ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത് സവാളയിലും വെളുത്തുള്ളിയിലും ഉള്ളതിനേക്കാള്‍ കൂടുതലുമാണ്. ഇവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്. ചീത്ത കൊളസ്‌ട്രോള്‍, അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ചെറിയുള്ളി. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഹൃദയാഘാതമടക്കമുള്ള പല പ്രശ്‌നങ്ങളും വരുത്തി വയ്ക്കും. വെളുത്തുള്ളി ചതയ്ക്കുമ്പോള്‍ അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റ് രൂപപ്പെടുന്നു. ഇതുപോലെ ഉള്ളി ചതയ്ക്കുമ്പോഴും ഇതുല്‍പാദിപ്പിയ്ക്കപ്പെടും. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും. ഇവയില്‍ കൂടിയ അളവില്‍ അയേണ്‍, കോപ്പര്‍ എന്നിവയുണ്ട്. ഇത് ശരീരത്തിലെ രക്താണുക്കളുടെ അളവു കൂട്ടും. രക്തക്കുറവിന് നല്ലൊരു പരിഹാരമാണ്. ശരീരത്തിലെ രക്തപ്രവാഹത്തെ ക്രമപ്പെടുത്തുന്നതു കൊണ്ടുതന്നെ ബിപി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ചെറിയുള്ളിയിലെ അലിയം, അലൈല്‍ ഡിസള്‍ഫൈഡ് എന്നിവ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താനും ഏറെ നല്ലതാണ്. പ്രമേഹത്തിന് പരിഹാരമെന്നര്‍ത്ഥം. ഇതിലെ ക്വര്‍സെറ്റിന്‍ എന്ന ഘടകം ആന്തരികാവയവങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറിന് കാരണമാകാറുണ്ട്. അണുബാധകളെ ചെറുക്കാനും ഇത് ഏറെ നല്ലതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

2000 ജൂണ്‍ 10 ന് തെലുങ്കാനയിലെ ഒരു ഗ്രാമത്തിലെ കര്‍ഷകനായ ദേവസിന്റെ മകളായാണ് അവള്‍ ജനിച്ചത്. ഏതൊരു കുട്ടിയേയും പോലെ അവളും സ്‌കൂളില്‍ പോകാന്‍ തുടങ്ങി. എന്നാല്‍ അവളുടെ ആഗ്രഹങ്ങള്‍ മറ്റുള്ള പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തമായിരുന്നു. തന്റെ ജീവിതത്തില്‍ മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യണം. അതായിരുന്നു ആഗ്രഹം. അവള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിന്നപ്പോള്‍ താല്‍കാലികമായി ആ സ്‌കൂളില്‍ പഠിപ്പിക്കാനെത്തിയ സോഷ്യല്‍ വെല്‍ഫെയര്‍ സ്‌കൂള്‍ സെക്രട്ടറി അവളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് മൗണ്ടന്‍എയറിങ്ങ് പഠിപ്പിക്കാനായി ചേര്‍ത്തു. ആദ്യ ട്രെയിനിങ്ങ് ബോണിഗ്രിയിലായിരുന്നു. 750 അടി ഉയരമുള്ള പര്‍വ്വതം. 5 ദിവസത്തെ ട്രെയിനിങ്ങിന് ശേഷം 110 പേരില്‍ നിന്നും 20 പേരെ തിരഞ്ഞെടുത്തതില്‍ ഒന്നാമതായിരുന്നു അവള്‍. അവിടെ നിന്നും 20 ദിവസത്തെ ട്രെയിനിങ്ങിന് 6200 അടി ഉയരമുളള ഡാര്‍ജിലിങ്ങില്‍ പോയി. 20 പേരില്‍ നിന്നും 9 പേരില്‍ ഒരാളായി അവള്‍ മാറി. അവിടെ നിന്നും ലഡാക്കിലേക്ക്. അവിടെ 15 ദിവസത്തെ ട്രെയിനിങ്ങ്. മൈനസ് 30 ഡിഗ്രി തണുപ്പ്. എല്ലാവരും ഈ പെണ്‍കുട്ടിയെ അത്ഭുതത്തോടെ നോക്കി. നിനക്ക് ഇവിടെ എന്ത് ചെയ്യാനാണ്. വീട്ടിലേക്ക് തിരിച്ചു പോയ്‌ക്കൊള്ളൂ.. കുറച്ചുകൂടി വലുതായതിന് ശേഷം വീണ്ടും വരൂ.. നിരവധി ഉപദേശങ്ങള്‍ പക്ഷേ, അതൊന്നും അവളെ പിന്തിരിപ്പിച്ചില്ല. ലഡാക്കിലെ ആ 15 ദിവസത്തെ ട്രെയിനിങ്ങില്‍ നിന്നും 2 പേരെ മൗണ്ട് എവറസ്റ്റിലേക്ക് തിരഞ്ഞെടുത്തു. അവരില്‍ ഒരാള്‍ ഈ പെണ്‍കുട്ടിയായിരുന്നു. പിന്നീട് 3 മാസത്തെ ട്രെയിനിങ്ങ്. ഇതിനിടയ്ക്ക് സൂകൂള്‍ വാര്‍ഷിക പരീക്ഷ. അതും വിജയകരമായി അവള്‍ പൂര്‍ത്തിയാക്കി. എവറസ്റ്റ് കീഴടക്കാന്‍ പോകുന്നതിന് മുമ്പ് കോച്ച് അവളുടെ മാതാപിതാക്കളോട് വീണ്ടും ചോദിച്ചു. ‘ അവള്‍ എവറസ്റ്റിലേക്കാണ് പോകുന്നത്, ചിലപ്പോള്‍ അവള്‍ തിരിച്ച് വരാനേ സാധ്യതയില്ലായിരിക്കാം.. നിങ്ങള്‍ക്ക് ഒന്നുകൂടി വേണമെങ്കില്‍ ആലോചിക്കാം.’ പക്ഷേ, ആ അച്ഛന് തന്റെ മകളില്‍ പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: സര്‍, എനിക്ക് നിങ്ങളുടെ ട്രെിനിങ്ങില്‍ വിശ്വാസമുണ്ട്. അതിലുപരി എന്റെ മകളിലും.. അവള്‍ എവറസ്‌ററിനെ തൊട്ടു വരിക തന്നെ ചെയ്യും. അങ്ങനെ 2014 ഏപ്രില്‍ 16 ന് അവള്‍ എവറസ്‌ററിന്റെ ബേസ് ക്യാമ്പില്‍ എത്തി. മഞ്ഞ് വീഴ്ചകാരണം കുറച്ച് പേര്‍ മരിച്ചെന്ന വാര്‍ത്തയെത്തിയെങ്കിലും അവര്‍ പിന്തിരിയാന്‍ തയ്യാറായില്ല. അങ്ങനെ ആ കൊടും തണുപ്പില്‍ 4 കിലോ ഭാരമുള്ള 6 ഓക്‌സിജന്‍ സിലിണ്ടറുകളുമായി തന്റെ വഴികളെ എല്ലാ പ്രതിസന്ധികളേയും മറികടന്ന് 8849 കിലോ മീറ്റര്‍ ദൂരം പിന്നിട്ട് 2014 മെയ് 25 ഞായാറാഴ്ച 6 മണിക്ക് അവള്‍ ഇന്ത്യന്‍ പതാക മൗണ്ട് എവറസ്റ്റിന്റെ നെറുകയില്‍ ഉയര്‍ത്തി. ഇത് മലാവത് പൂര്‍ണ്ണ.. മൗണ്ട് എവറസ്റ്റ് കീഴടക്കിയ ഏററവും പ്രായം കുറഞ്ഞ വനിത ആഗ്രഹങ്ങളിലേക്കുളള യാത്ര പലപ്പോഴും എളുപ്പമല്ല, തടസങ്ങള്‍ പലരൂപത്തില്‍ നമ്മെ തിരിച്ചുവിളിക്കാന്‍ ശ്രമിക്കും. ആ വിളിക്ക് കാതോര്‍ക്കാതെ മുന്നോട്ട് സഞ്ചരിക്കുന്നവര്‍ക്കുളളതാണ് വിജയത്തിന്റെ ഗിരിനിരകള്‍.. യാത്രകള്‍ മുന്നോട്ട് തന്നെയാകട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *