ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയുടെ 70 ശതമാനത്തിലേറെ സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. ടാറ്റ മോട്ടോഴ്സിന്റെ കണക്കുകള്‍ പ്രകാരം ആദ്യമായി കാര്‍ വാങ്ങുന്നവരില്‍ 23 ശതമാനം വൈദ്യുത കാറുകളാണ് തിരഞ്ഞെടുക്കുന്നത്. അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുന്ന ഇ.വി വ്യവസായത്തിന് വലിയ പ്രചോദനമാവുന്നതാണ് ആഭ്യന്തരമായി ടാറ്റ അവതരിപ്പിച്ച കണക്കുകളില്‍ പലതും. ഒന്നിലേറെ വാഹനമുള്ളവരില്‍ 75 ശതമാനവും പ്രധാന കാര്‍ വൈദ്യുത വാഹനമാണെന്നും സമ്മതിക്കുന്നു. ടാറ്റ മോട്ടോഴ്സ് പുറത്തുവിട്ട മറ്റൊരു പ്രധാനപ്പെട്ട കണക്ക് വൈദ്യുത വാഹനങ്ങളുടെ പകുതി വില്‍പനയും നടക്കുന്നത് ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമാണെന്നതാണ്. പൊതുവില്‍ ചാര്‍ജിങ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെങ്കില്‍ പോലും ഉള്‍നാടുകള്‍ വലിയ തോതില്‍ വൈദ്യുത വാഹനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രധാനപ്പെട്ട 20 നഗരങ്ങള്‍ക്കു പുറത്തുള്ള വിപണിയില്‍ നിന്നാണ് ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുത വാഹനങ്ങളുടെ വില്‍പനയില്‍ പകുതി നടന്നിരിക്കുന്നത്. 93 ശതമാനം വൈദ്യുത കാര്‍ ഉടമകളും വീട്ടിലോ ഓഫീസിലോ ആണ് വാഹനം ചാര്‍ജു ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല വൈകുന്നേരം ആറു മണി മുതല്‍ രാത്രി പതിനൊന്നു വരെയുള്ള സമയത്താണ് ബഹുഭൂരിപക്ഷവും വാഹനം ചാര്‍ജു ചെയ്യുന്നത്. മാസത്തില്‍ 1,400 കിലോമീറ്റര്‍ ശരാശരി വൈദ്യുത വാഹനങ്ങള്‍ ഓടുന്നു. ഇതും പരമ്പരാഗത ഐ.സി.ഇ വാഹനങ്ങളേക്കാള്‍ കൂടുതലാണ്.