കേരകര്‍ഷകരെ ഭീതിയിലാഴ്ത്തി രാജ്യത്തേക്കുള്ള ഭക്ഷ്യഎണ്ണയുടെ ഒഴുക്ക് തുടരുന്നു.ക്രൂഡ് പാം ഓയിൽ, സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ ഇറക്കുമതി തീരുവ ഇളവ് ഏർപ്പെടുത്തിയതാണ് ഇറക്കുമതി ഉയരാനുള്ള കാരണം .
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസിൽ സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് നൽകി. എറണാകുളം സി ജെ എം കോടതിയാണ് നോട്ടീസ് അയച്ചത്. സിപിഎം നേതാക്കളായ എം വി ജയരാജൻ, പി പി ദിവ്യ, ദേശാഭിമാനി പ്രത്രാധിപർ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് മാനനഷ്ട കേസ് സമർപ്പിച്ചത്.
സർക്കാർ കക്ഷിയായ കേസിൽ പ്രതിഭാഗത്തിനായി സർക്കാർ അഭിഭാഷകൻ ഹാജരായത് ചോദ്യം ചെയ്ത് കേരളാ ഹൈകോടതി. മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഹൈക്കോടതി നടപടി.
പുൽപള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ കെ എബ്രഹാമടക്കം ബാങ്ക് ഭാരവാഹികളുടെ സ്വത്ത് ഇഡി അന്വേഷണ സംഘം കണ്ടുകെട്ടി. 4.34 കോടി രൂപ മൂല്യം വരുന്നതാണ് സ്വത്തുക്കളെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെയും വിമർശിച്ച് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. കൊച്ചിയിൽ നടന്ന സിഐടിയു സംസ്ഥാനതല സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ എല്ലാ അവകാശങ്ങളും കേന്ദ്രം എടുത്തുകൊണ്ടുപോയെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം ഭിക്ഷാപാത്രവുമായി കേന്ദ്രസർക്കാരിന്റെ അടുത്തേക്ക് പോകുന്ന സ്ഥിതിയാണ് ഇപ്പോഴെന്നും വിമർശിച്ചു.
കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 800 കിലോ ഹാഷിഷ് പിടികൂടി. വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ക്രിമിനൽ സുരക്ഷാ വിഭാഗം, കുവൈത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ലെബനീസ് റിപ്പബ്ലിക്കിലെ സുരക്ഷാ അതോറിറ്റികളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി തള്ളികൊണ്ടുള്ള ലോകായുക്തയുടെ അന്തിമവിധിയില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വിമര്‍ശനം. ദുരിതാശ്വാസ ഫണ്ട് അനുവദിച്ച നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും മൂന്നുപേരില്‍നിന്ന് അപേക്ഷ വാങ്ങിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി. പണം അനുവദിച്ചതില്‍ അഴിമതിക്ക് തെളിവില്ല. അതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി തള്ളികൊണ്ടുള്ള ലോകായുക്തയുടെ അന്തിമവിധിക്കെതിരെ ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് ഹര്ജിക്കാരന് ആര്‍എസ് ശശികുമാര്‍. സത്യസന്ധമായ വിധിയല്ല വന്നതെന്നും ലോകായുക്തയെ സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും ആര്‍എസ് ശശികുമാര്‍ ആരോപിച്ചു.
ലോകായുക്ത വിധിയില്‍ ഒരു അദ്ഭുതവുമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്നതിന് തെളിവുകളില്ലെന്ന ലോകയുക്ത വിധി പക്ഷപാതപരമാണ്. ഭരിക്കുന്നവരുടെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കാമെന്നാണ് വിധി നല്കുന്ന സന്ദേശം എന്നും വി ഡി സതീശൻ പറഞ്ഞു.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളിയ ലോകായുക്ത വിധിയെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം ഇല്ല എന്ന വിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമാണ്.സർക്കാർവിലാസ സംഘടനയായി ലോകായുക്ത അധപതിച്ചു. ഈ വിധി പ്രതീക്ഷിച്ചതാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലോകായുക്ത വിധി നേരത്തെ തന്നെ പ്രതീക്ഷിച്ചതെന്നാണ് യൂ ഡി എഫ് കൺവീനർ എം എം ഹസൻ . മുഖ്യമന്ത്രിക്ക് അനുകൂലമായാണ് നേരത്തെ തന്നെ ലോകായുക്ത നിലപാടെടുത്തിരുന്നതെന്നും എം എം ഹസൻ ചൂണ്ടികാട്ടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി തള്ളിയ ലോകായുക്ത വിധിക്ക് പിന്നാലെ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി സി പി എം നേതാവ് എ കെ ബാലൻ . ലോകായുക്ത വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയാണെന്നും പ്രതിപക്ഷം മാപ്പ് പറയണമെന്നും ബാലൻ അഭിപ്രായപ്പെട്ടു. യൂ ഡി എഫും ബി ജെ പിയും ശശികുമാറിനെ മുന്നിൽ നിർത്തി കൊണ്ടുവന്ന കള്ള കേസായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരം ചോർത്തിയെന്ന പേരിൽ സസ്പെൻഷനിലായിരുന്ന ഐജി പി വിജയന്റെ സസ്പെൻഷൻ റദ്ദാക്കി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. എന്നാൽ ഐജി പി വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും.
സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി സർക്കാരിന്റെ അഭിമാന പദ്ധതി ലൈഫ് മിഷൻ പഞ്ചായത്ത് ലിസ്റ്റിൽ കയറിക്കൂടി വീട് പണി തുടങ്ങിവച്ചവരെല്ലാം പല ഗഡുക്കളിലായി പണം മുടങ്ങിയ അവസ്ഥയിലാണ്. സര്‍ക്കാരിൽ നിന്ന് പണം ലഭിക്കാതെ രക്ഷയില്ലെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു.
കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട്ടെ ഉപ്പള സോങ്കാലിലാണ് സംഭവം. കൊടങ്ക റോഡിലെ നിസാര്‍ – തസ്രീഫ ദമ്പതികളുടെ മകന് മസ്തുല്‍ ജിഷാനാണ് മരിച്ചത്.
കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹം നാടുകാണി ചുരത്തില്‍നിന്ന കണ്ടെത്തി. പ്രതി സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭന്യ (18) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഛത്തീസ്ഗഡിൽ വമ്പൻ വാഗ്ദാനം നൽകി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രതിവര്‍ഷം സ്ത്രീകള്‍ക്ക് 15,000 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. ദീപാവലി ദിനത്തിലാണ് ഭൂപേഷ് ബാഗേല്‍ വൻ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.
വിവാദത്തിനൊടുവില്‍ ബ്രിട്ടണിലെ ആഭ്യന്തരമന്ത്രി സുവല്ലെ ബ്രേവര്‍മാനെ റിഷി സുനക് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പലസ്തീന് അനുകൂല മാര്‍ച്ചിനെതിരായ പൊലീസ് നടപടിയെക്കുറിച്ചുള്ള അഭിപ്രായത്തില്‍ പുലിവാലുപിടിച്ച ആഭ്യന്തരമന്ത്രിയെ നീക്കാന്‍ പ്രതിപക്ഷത്തുനിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ സുനക് ദിവസങ്ങളായി വലിയ സമ്മര്‍ദം നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി.