ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ സംസ്ഥാനം 2019ൽ ഇറക്കിയ ഉത്തരവിന് ഇനി പ്രസക്തിയില്ല. വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ വരെ ബഫർസോൺ എന്ന 2019ലെ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്നാണ് മന്ത്രിസഭ എടുത്തതെന്നും പ്രതിപക്ഷ വിജയമായി ഇതിനെ കാണുന്നു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. ഇതിനിടെ ബഫർസോൺ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു.
തമിഴ്നാട് മഹാബലിപുരത്ത് നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിലെത്താനിരിക്കേ പ്രചാരണ സാമഗ്രികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉൾപ്പെടുത്താത്തതിനെ ചൊല്ലി വിവാദം. പോസ്റ്ററുകളിൽ തന്തൈ പെരിയാർ ദ്രാവിഡർ കഴകം പ്രവർത്തകർ കറുത്ത പെയിന്റടിച്ചു. ചെസ് ഒളിംപ്യാഡ്, ഡിഎംകെ സർക്കാർ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രചാരണ പരിപാടിയാക്കി മാറ്റുകയാണെന്നാണ് ബിജെപിയുടെ വിമർശനം. ഇന്ന് വൈകിട്ട് 6 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലാണ് ഒളിംപ്യാഡ് ഉദ്ഘാടന പരിപാടികൾ അരങ്ങേറുക.
മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത 12 പെൺകുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ഇൻഡിപെൻഡന്റ് പെന്തക്കോസ്ത് ചർച്ച് വൈദികൻ ജേക്കബ് വർഗീസ് അറസ്റ്റിലായി. ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്.
സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ ആറ് പേർ കൂടി കസ്റ്റഡിയിൽ. കേരള ബന്ധമുള്ളവരായ പ്രതികൾ എല്ലാവരും പോപ്പുലർ ഫ്രണ്ട് എസ് ഡി പി ഐ പ്രവർത്തകരാണ് എന്നാണ് പോലീസിന്റെ നിഗമനം. കർണ്ണാടകയിൽ നിന്നും പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും രാജസ്ഥാനത്തിലെ കനയ്യ ലാലിനെ പിന്തുണച്ചതിലുള്ള പ്രതികാരമായാണ് ഈ കൊലപാതകമെന്ന് ബി ജെ പി പ്രവർത്തകർ ആരോപിക്കുന്നു.
ഇന്ന് രാവിലെ പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില വീട് ഇടിഞ്ഞു താഴ്ന്നു. അപകടത്തില്‍ 13 വയസ്സുള്ള ഹരിനാരായണന് മരിച്ചു. സംഭവസമയത്ത് വീട്ടിൽഉണ്ടായിരുന്ന മറ്റു 6 പേരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാല് മണിക്കാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങുക. നീരജ് ചോപ്ര പരിക്കേറ്റതിനാല്‍ ഗെയിംസില്‍ നിന്ന് പിന്മാറിയതിനെ തുടർന്ന് ഒളിംപ്യന്‍ പി.വി.സിന്ധുവാണ് ഇന്ത്യയുടെ പതാക വഹിക്കുക. ഓഗസ്റ്റ് 8നാണ് ഗെയിംസിന്റെ സമാപനം.
ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്പൈസ്ജെറ്റ് വിമാനം കൊച്ചിയിലിറക്കി, ഇന്ന് രാവിലെ മോശം കാലാവസ്ഥയെത്തുടർന്നാണ് 182 യാത്രക്കാരുമായി വന്ന വിമാനം കൊച്ചിയിൽ അടിയതിരമായി ഇറക്കിയത്