ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുക എന്ന സംസ്ഥാനത്തിന്‍റെ ഉത്തരവ് തിരുത്തലിൽ ഇന്ന് തീരുമാനം വന്നേക്കും. വനങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റർ വരെയുള്ള ജനവാസ കേന്ദ്രങ്ങൾ ബഫർ സോണില്‍ ഉള്‍പ്പെടും എന്നതായിരുന്നു 2 019 ലെ ഉത്തരവ്. ഇതിന്മേൽ തിരുത്തൽ വരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്താനുള്ള നീക്കം മന്ത്രിസഭ ഇന്ന് പരിഗണിക്കുന്നത് .
സിൽവർ ലൈൻ പദ്ധതിക്ക് ബദൽ സംവിധാനം തേടി, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉൾപ്പെടെ കേരളത്തിലെ ബിജെപി പ്രതിനിധി സംഘം ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തും.കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിതയോടെയാണിത്. എന്നാൽ പിണറായി സർക്കാരിന്റെ അഭിമാനപദ്ധതിയായ സിൽവർലൈൻ പദ്ധതി കേരളം ഉപേക്ഷിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ഇന്നലെ പറഞ്ഞിരുന്നു.
തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ഇന്നലെ വൈകിട്ട് ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് തൂങ്ങിമരിച്ചത്. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകൾ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു എന്നാണ് വിവരം. രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന നാലാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണ് ഇത് .
കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്‍റെ മരണകാരണം ഹൃദയാഘാതമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം സർജ്ജന്‍റെ മൊഴിയെടുക്കും. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. സജീവന്‍റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും. ഏഴ് മണിക്കൂറോളം നേരമാണ് സോണിയ ഗാന്ധിയെ ഇന്നലെ ചോദ്യം ചെയ്തത്.സോണിയയെ ഇഡി ചോദ്യം ചെയ്യുമ്പോള്‍ എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് കോൺഗ്രസ്സ് പ്രതിഷേധിക്കും.