കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് നടപ്പു വര്‍ഷം (2023-24) ജൂലൈ-സെപ്റ്റംബറിലെ സംയോജിത ലാഭത്തില്‍ 60 ശതമാനത്തിലെറെ വളര്‍ച്ച. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 112.79 കോടി രൂപയില്‍ നിന്ന് 60.95 ശതമാനം ഉയര്‍ന്ന് 181.53 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണിലെ 98.65 കോടി രൂപയില്‍ നിന്ന് ലാഭം 84 ശതമാനം ഉയര്‍ത്താനും കപ്പല്‍ശാലയ്ക്ക് സാധിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ 10 രൂപ മുഖവിലയുള്ള ഓഹരിയെ അഞ്ച് രൂപ വിലയുള്ള രണ്ട് ഓഹരികളാക്കി മാറ്റുമെന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഹരി വിഭജനത്തിനുള്ള തീയതി പിന്നീട് തീരുമാനിക്കും. ഓഹരികള്‍ വിഭജിക്കുന്നതോടെ നിലവിലെ ഓഹരികളുടെ വിപണിവിലയും ആനുപാതികമായി പാതിയാകും. 2023-24ലെ ഇടക്കാല ലാഭവിഹിതവും കപ്പല്‍ശാല പ്രഖ്യാപിച്ചു. പത്തുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് എട്ട് രൂപ വീതമാണ് ലാഭവിഹിതം. കമ്പനിയുടെ സംയോജിത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 744.88 കോടി രൂപയില്‍ നിന്ന് 1100.40 കോടി രൂപയിലുമെത്തി. കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ഇത് 559.95 കോടി രൂപയായിരുന്നു. 47.73 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. മൊത്ത വരുമാനത്തില്‍ 759 കോടി രൂപ കപ്പല്‍ നിര്‍മാണത്തില്‍ നിന്നും 251 കോടി രൂപ കപ്പല്‍ അറ്റകുറ്റപ്പണിയില്‍ നിന്നുമാണ്. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം അഥവാ പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ 280 കോടി രൂപയാണ്. മുന്‍വര്‍ഷം സമാനപാദത്തിലിത് 197 കോടിയും തൊട്ട് മുന്‍പാദത്തില്‍ 163 കോടി രൂപയുമായിരുന്നു. എബിറ്റ്ഡ മാര്‍ജിന്‍ 28.83 ശതമാനത്തില്‍ നിന്ന് 27.67 ശതമാനമായി കുറഞ്ഞു. തൊട്ടു മുന്‍പാദത്തിലിത് 34.21 ശതമാനമായിരുന്നു.