തിരുവനന്തപുരത്ത് കെഎസ്യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തെരുവുയദ്ധം. ഒരു വിദ്യാര്‍ത്ഥിനിയുടെ മൂക്ക് പോലീസുകാരന് ഇടിച്ചു തകര്‍ത്തു. പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജു നടത്തുകയും ചെയ്തു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയായി. ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്. ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടു മന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ചു നടത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായ വിദ്യഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം ചെയ്തു.
തലസ്ഥാനത്ത് ഒരു പെണ്‍കുട്ടിയുടെ മൂക്ക് ഇടിച്ചു തകര്‍ത്ത പോലീസുകാരനു മക്കളില്ലേയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പെണ്‍കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരും. പോലീസുകാരനെതിരേ നടപടിവേണം. പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്നും സതീശന് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് വാഹനങ്ങള്‍ക്ക് പിഴ കുടിശികയുണ്ടെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനമെടുത്തത്.
ചക്രവാതച്ചുഴിമൂലം കേരളത്തില്‍ മഴ വീണ്ടും ശക്തമാകും. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തെക്കു കിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴി പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും.
മലപ്പുറത്ത് പലസ്തീന് ഐക്യദാര്‍ഡ്യ റാലി നടത്തിയതിന് ആര്യാടന് ഷൗക്കത്തിനെതിരേ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച അച്ചടക്ക സമിതി ബുധനാഴ്ച വീണ്ടും യോഗം ചേരുമെന്ന് സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മലപ്പുറത്തെ കൂടുതല്‍ നേതാക്കളെ കേള്‍ക്കും. ആര്യാടന് ഷൗക്കത്ത് സമിതിക്ക് കത്തു തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുന്ദമംഗലം കോളജില്‍ വോട്ടെണ്ണുന്നതിനിടെ ബാലറ്റ് പേപ്പര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനാല്‍ തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ്- കെഎസ് യു പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇംഗ്ലീഷ്, പിജി മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ റീ പോളിംഗിനു നിര്‍ദേശിക്കണം.
കൂറുമാറ്റം ജനാധിപത്യത്തിന്റെ ശാപമാണെന്ന് കേരളാ ഹൈക്കോടതി. ഇത്തരക്കാര്‍ക്ക് കടുത്ത സാമ്പത്തിക പിഴ കൂടി ചുമത്തേണ്ട കാര്യം ആലോചിക്കണം. കൂറുമാറിയ തൊടുപുഴ നഗരസഭാംഗത്തെ അയോഗ്യനാക്കിയുള്ള ഉത്തരവിലാണ് ഈ പരാമര്‍ശം.
അസമയത്ത് വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. പരിഗണനാ വിഷയത്തിനപ്പുറമുള്ള കാര്യങ്ങളാണ് സിംഗിള്‍ ബെഞ്ച് പരിശോധിച്ചതെന്നും അസമയം വ്യക്തമല്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.
തൃശൂര്‍ കൈപമംഗലത്ത് 11 കെ വി ലൈനില്‍നിന്നു ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന് മരിച്ചു. കയ്പമംഗലം സെക്ഷനിലെ ജീവനക്കാരന് അഴീക്കോട് പേബസാര്‍ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ചിറക്കല്‍ പള്ളിക്കടുത്ത് ഏരിയല്‍ ട്രോളി വാഹനത്തില്‍ കയറി 11 കെ.വി ലൈനിലെ ഇന്സുലേറ്റര് മാറ്റുമ്പോഴാണ് ഷോക്കേറ്റത്.
കോഴിക്കോട് മൂലാട് പുല്ല് പറിക്കാന്‍ പോയ വയോധിക പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റു മരിച്ചു. കോട്ടൂര്‍ മൂലാട് ചക്കത്തൂര്‍ വിജയലക്ഷ്മി (64) ആണ് മരിച്ചത്.
പിറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് മരിച്ചു. ആനക്കര ഉമ്മത്തൂര്‍ നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടില്‍ മുബാറക്ക് – ആരിഫ ദമ്പതികളുടെ മകന് മുഹമ്മദ് മുസമില്‍ ആണ് മരിച്ചത്. വീടിന്റെ തൊട്ടുമുന്‍വശത്തെ മൈതാനത്ത് വിറകു കീറാന്‍ കൊണ്ടുവന്ന യന്ത്രം കാണാനെത്തിയതായിരുന്നു മുസമില്‍.
വായുമലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ നവംബര്‍ 10 വരെ 10, 12 ക്ലാസുകള്‍ ഒഴികെയുള്ള എല്ലാ സ്കൂളുകളും അടച്ചിടും. ദീപാവലിക്കു ശേഷം 13 മുതല്‍ 20 വരെ ഒറ്റ- ഇരട്ട വാഹന നിയന്ത്രണം നടപ്പാക്കും. പ്രൈമറി ക്ളാസുകള്‍ക്കു നേരത്തെ വെളളിയാഴ്ച്ച വരെ അവധി പ്രഖ്യാപിച്ചിരുന്നു. ബിഎസ് 3 പെട്രോള്‍ വാഹനങ്ങള്‍ക്കും ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്കുമുളള നിയന്ത്രണം തുടരും.
തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിക്കെതിരായ അഴിമതികേസിലെ പുന:പരിശോധനയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. പൊന്മുടിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണകോടതി വെറുതെ വിട്ട കേസില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതായിരുന്നു. മന്ത്രിക്കു ഹൈക്കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യവുമായി സിപിഐ. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കൊത്തഗുഡം മണ്ഡലം സിപിഐക്കു നല്കി. സീറ്റ് ധാരണയിലെത്താത്തതിനാല്‍ സിപിഎ ഒറ്റയ്ക്കാണു മല്‍സരിക്കുന്നത്.
നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. മൂന്നു ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് നേപ്പാളില്‍ ഭൂചലനം. കാഠ്മണ്ടുവില്നിന്ന് 550 കിലോമീറ്റര്‍ അകലെയുള്ള ജജര്‍കോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.