◾മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ കീഴ്ക്കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചില്ലെന്നും അമിക്കസ് ക്യൂറി കണ്ടെത്തി. സിഎംആര്‍എല്‍ കമ്പനിയുടെ സിഇഒയും സിഎഫ്ഒയും രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
◾ബില്ലുകളില്‍ ഒപ്പിടാത്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. തമിഴ്നാടും സമാനമായ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
◾
*ഇഷ്ടം പോലെ ഓഫറിനു പുറമെ എക്സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ വാര്‍ഷിക ഡിസ്കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ എക്സ്ട്രാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്സ്ട്രാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്സിന്റെ ഷോറൂം സന്ദർശിക്കൂ.
◾തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ കെഎസ് യു പ്രവര്ത്തകന് ശ്രീക്കുട്ടന് ഒരു വോട്ടിനു ചെയര്‍മാനായി വിജയിച്ചതു റീ കൗണ്ടിംഗ് നടത്തിയപ്പോള്‍ എസ്എഫ്ഐ സ്ഥാനാര്‍ഥിയുടെ വിജയമായി മാറി. 11 വോട്ടാണു ഭൂരിപക്ഷം. അര്‍ധരാത്രിവരെ നീണ്ട നാടകീയ വോട്ടെണ്ണലിനിടെ രണ്ടു തവണ കരണ്ടു പോയി. കെഎസ് യു റീ കൗണ്ടിംഗ് ബഹിഷ്കരിച്ചിരുന്നു.
◾കേരളവര്‍മ്മ കോളജില്‍ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പ് റീ കൗണ്ടിംഗില്‍ അട്ടിമറി ആരോപിച്ച് കെഎസ് യു ഹൈക്കോടതിയിലേക്ക്. അസാധുവോട്ടുകള്‍ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണി. എസ് എഫ് ഐയെ ജയിപ്പിക്കാന്‍ ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ് യു ആരോപിച്ചു.
◾കേരളവര്‍മ്മ കോളജില്‍ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ തര്‍ക്കംമൂലം നിര്‍ത്തിവച്ച റീകൗണ്ടിംഗ് തുടരാന്‍ നിര്‍ദ്ദശിച്ചത് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ടിഡി ശോഭ.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾കേരളവര്‍മ്മ കോളേജില്‍ റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രണ്ടു തവണ കരണ്ടു കളഞ്ഞുകൊണ്ടാണ് എസ്എഫ്ഐ ജനാധിപത്യത്തെകശാപ്പു ചെയ്തതെന്നും സതീശന്.
◾നിരപരാധിയെന്ന് തെളിഞ്ഞെങ്കിലും ഉമ്മന്‍ചാണ്ടിയ്ക്ക് ഇനിയും നീതി ലഭിക്കാനുണ്ടെന്ന് മകള്‍ അച്ചു ഉമ്മന്‍. നീതി കിട്ടുമെന്നും കാലം അതിന് സാക്ഷിയാകുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഷാര്‍ജ പുസ്തക മേളയില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’യുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അച്ചു ഉമ്മന്‍. ആത്മകഥയില്‍ ഒരാളെ പോലും വേദനിപ്പിക്കരുതെന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധംമൂലം ചില സംഭവങ്ങള്‍ ഒഴിവാക്കേണ്ടിവന്നെന്ന് ഗ്രന്ഥകാരനായ മാധ്യമപ്രവര്ത്തകന് സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.
◾പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിനു പൊട്ടലേറ്റ് പതിനേഴുകാരനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍. പെരുമ്പാവൂര്‍ സ്വദേശി പാര്ത്ഥിപനാണു പരിക്കേറ്റത്. കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. അന്വേഷിക്കാന്‍ പാലാ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്.
◾മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് പന്ത്രണ്ടു വയസുകാരന്റെ ഫോണ്‍ ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമില്‍ ഭീഷണി ഫോണ്‍വിളി എത്തിയത്. മ്യൂസിയം പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ 12 വയസുകാരനെയും കുടുംബത്തേയും പോലീസ് ചോദ്യം ചെയ്തു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾സംസ്ഥാനത്തെ പൊലീസ് സേന കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സമാനതകളില്ലാത്തവിധം നവീകരിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ കോടതി ശിക്ഷ വിധിക്കുന്നതില്‍ ഒന്നാം സ്ഥാനത്താണ് കേരളം. കേരള പൊലീസിന്റെ അന്വേഷണ മികവാണ് ഇത് തെളിയിക്കുന്നത്. ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തില്‍ മാറിയ സേനയാണ് കേരളത്തിലേതെന്നും അദ്ദേഹം അവകാശപ്പെട്ടു.
◾
◾ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിങ്ങ് ജോയ് – ഹൗ ജോയ് ആലുക്കാസ് ബികേം ദ വേള്‍ഡ്സ് ഫേവറിറ്റ് ജ്യുവല്ലര്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അഞ്ചാം തീയതി പ്രകാശനം ചെയ്യും. ജോയ് ആലുക്കാസ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറും നടിയുമായ കജോള്‍ ദേവ്ഗണ് മുഖ്യാതിഥിയാകും. ഹാര്‍പ്പര്‍കോളിന്‍സാണ് പ്രസാധകര്. ആമസോണ്‍ ഓണ്‍ലൈനിലൂടെ പുസ്തകം ലഭിക്കും.
◾ക്ലാസിലെ പെണ്‍കുട്ടിയോടു സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ സ്കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസ്.
◾നാദാപുരം അഹമ്മദ്മുക്കില് നിര്‍മാണം നടക്കുന്ന വീട്ടില്‍ അറുപതുകാരന്റെ മൃതദേഹം. എളയിടം സ്വദേശി പാലോള്ളതില്‍ അമ്മദിന്റേതാണ് മൃതദേഹം.
◾തിരുവനന്തപുരത്തെ ഞാണ്ടൂര്‍കോണത്ത് ഡ്രൈ ഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റര്‍ മദ്യ ശേഖരം പിടികൂടി. ഞാണ്ടൂര്‍ക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടില്‍ ബാലചന്ദ്രന് നായരുടെ (52) വീട്ടില്‍നിന്നാണ് മദ്യ ശേഖരം പിടികൂടിയത്.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവ് ശിക്ഷ. മണ്ണാര്‍കാട് സ്വദേശി അഫ്സലിനെയാണ് പെരുമ്പാവൂര്‍ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
◾മദ്യനയകേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരായില്ല. എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാള് മറുപടി നല്കി. കേസില്‍ കെജ്രിവാളിന് ഇഡി വീണ്ടും നോട്ടീസ് നല്‍കും.
◾ഡല്‍ഹി സാമൂഹ്യ ക്ഷേമവകുപ്പു മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ രാജ്കുമാര് ആനന്ദിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്.
◾പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര പാര്‍ലമെന്റിന്റെ എതിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായി. തനിക്കെതിരേ സത്യവാങ്മൂലം നല്കിയ വ്യവസായി ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശര്‍ ഹിരാനന്ദാനിയെ വസ്തരിക്കണമെന്ന് മഹുവ മൊയ്ത്ര ആവശ്യപ്പെട്ടിട്ടുണ്ട്.
◾നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന തെലുങ്കാനയിലെ ബിജെപി പ്രകടനപത്രിക സമിതി അധ്യക്ഷനും മുന്‍ എംപിയുമായ വിവേക് വെങ്കിടസ്വാമി രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെലുങ്കാനയില്‍ രണ്ടു ശതമാനം വോട്ടുപോലും ബിജെപിക്കു ലഭിക്കില്ലെന്നു രാഹുല്‍ പറഞ്ഞു.
◾മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍സിംഗിന്റെ ഓഫീസിനു സമീപത്തെ പോലീസ് സ്റ്റേഷന് വളഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്കു വെടിവച്ചു. ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
◾തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസായിരുന്നു. പ്രമുഖ നടന് ടി.എസ് ബാലയ്യയുടെ മകനാണ്.
◾ഈജിപ്ത് റഫാ ഗേറ്റ് തുറന്നതോടെ ആദ്യ ദിവസം 400 ലേറെ പേര് ഗാസാ അതിര്‍ത്തി കടന്നു. 335 വിദേശ പൗരന്മാരും ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 76 പേരുമാണ് ആദ്യഘട്ടത്തില്‍ ഈജിപ്തിലെത്തിയത്. ഇതേസമയം, ജബലിയ ദുരിതാശ്വാസ ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 200 ആയി. 120 പേരെ കണ്ടെത്താനായിട്ടില്ല.
◾ഓരോ വര്‍ഷവും 4.85 ലക്ഷം പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നു കാനഡ. പുതിയ കുടിയേറ്റ നയത്തിലാണ് ഈ പ്രഖ്യാപനം. ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ 2024-26 നയത്തില്‍ സാമ്പത്തികം, കുടുംബം, മാനുഷികത എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍ മൂന്നു വര്‍ഷത്തേക്ക് സ്ഥിരതാമസക്കാരാകാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയത്.
◾വിവാഹം, കുടുംബം, സാമൂഹിക ഐക്യം തുടങ്ങിയവയില്‍ വനിതകള്‍ക്കു പ്രധാന പങ്കുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ഓള് ചൈന വിമന്‍സ് ഫെഡറേഷന്റെ പുതിയ നേതൃത്വ ടീമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയില്‍ ജനസംഖ്യ കുറയുന്നത് ആശങ്കാജനകമെന്നും ഷി ജിന്‍പിംഗ് പറഞ്ഞു.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യാ – ശ്രീലങ്ക മത്സരം. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു.
◾ജി. എസ്. ടി വരുമാനം ഒക്ടോബറില്‍ 13 ശതമാനം ഉയര്‍ന്ന് 1.72 ലക്ഷം കോടി രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ജി. എസ്. ടി വരുമാനമാണിത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ലഭിച്ച 1.87 ലക്ഷം കോടി രൂപയാണ് നിലവിലുള്ള റെക്കാഡ്. ജി. എസ്. ടി വരുമാനമായി 30,062 കോടി രൂപയും സംസ്ഥാനങ്ങളുടെ വിഹിതമായി 38,171 കോടി രൂപയും സംയോജിത ജി. എസ്. ടി ഇനത്തില്‍ 91,315 കോടി രൂപയും ലഭിച്ചു. സെപ്തംബറില്‍ 1.66 ലക്ഷം കോടി രൂപയാണ് ജി. എസ്. ടി വരുമാനമായി ലഭിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം ശരാശരി 1.66 ലക്ഷം കോടി രൂപയാണ് ജി. എസ്. ടി ഇനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നത്. മുന്‍സാമ്പത്തിക വര്‍ഷത്തേക്കാള്‍ ശരാശരി ജി. എസ്. ടി വരുമാനത്തില്‍ 11 ശതമാനം വര്‍ദ്ധനയുണ്ട്. നവരാത്രി ആഘോഷങ്ങള്‍ ഉള്‍പ്പെടെ ഉത്സവകാലം തുടങ്ങിയതോടെ വിപണിയില്‍ ദൃശ്യമായ ഉണര്‍വാണ് ജി. എസ്. ടി വരുമാനം കുത്തനെ കൂടാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക മേഖലയിലെ മികച്ച ഉണര്‍വ് തുടര്‍ന്നാല്‍ താമസിയാതെ ജി. എസ്. ടി വരുമാനം രണ്ടു ലക്ഷ കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്കായി കിടിലന്‍ ഫീച്ചറുമായി എത്തുകയാണ് മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പ്. കമ്പനി വികസിപ്പിക്കുന്ന ആള്‍ട്ടര്‍നേറ്റ് പ്രൊഫൈലുകള്‍ എന്ന പേരിലുള്ള പുതിയ ഫീച്ചര്‍ ഒരേ വാട്സ്ആപ്പ് അക്കൗണ്ടില്‍ രണ്ടു വ്യത്യസ്ത പ്രൊഫൈലുകള്‍ ഉപയോഗിക്കാന്‍ നിങ്ങളെ അനുവദിക്കും. നേരത്തെ ഫേസ്ബുക്കിലും ഒരേസമയം, വ്യത്യസ്ത പ്രൊഫൈലുകള്‍ ഒരു അക്കൗണ്ടിന് കീഴില്‍ ഉപയോഗിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ പ്രൊഫൈല്‍ ഫോട്ടോ തെരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രം കാണാന്‍ കഴിയുന്നവിധം മറച്ചുപിടിക്കാനുള്ള സൗകര്യമുണ്ട്. സ്റ്റാറ്റസ് സീനും സമാനമായ നിലയില്‍ മറച്ചുപിടിക്കാം. എന്നാല്‍ ആള്‍ട്ടര്‍നേറ്റ് പ്രൊഫൈല്‍ ഫീച്ചര്‍ വരുന്നതോടെ രണ്ടാമമൊരു പ്രൊഫൈല്‍ ചിത്രം കൂടി സെറ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. വ്യത്യസ്തമായ അക്കൗണ്ട് നെയിമും നല്കാന് സാധിക്കും. തെരഞ്ഞെടുത്ത കോണ്‍ടാക്ട്സുകള്‍ക്ക് മാത്രമാകും ഈ പ്രൊഫൈല്‍ കാണാന്‍ കഴിയുക. നിങ്ങളുടെ പ്രധാന പ്രൊഫൈല്‍ പ്രൈമറിയായി തുടരുമ്പോള്‍ തന്നെ, ആള്‍ട്ടര്‍നേറ്റ് പ്രൊഫൈലും ഉപയോഗപ്പെടുത്താം. ഈ ഫീച്ചര്‍ സ്വകാര്യമാക്കി വെക്കാനും സാധിക്കും. പ്രൈവസി സെറ്റിങ്സിലേക്കാണ് പുതിയ ഫീച്ചര്‍ വരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്.
◾ഈ വര്‍ഷത്തെ മൂന്നാമത്തെ ബ്ലോക്ബസ്റ്റര്‍ സമ്മാനിക്കാന്‍ ഒരുങ്ങി ഷാരൂഖ് ഖാന്. തന്റെ പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയാണ് പുതിയ ചിത്രം ‘ഡങ്കി’യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്കുമാര് ഹിരാനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് നായിക. ലണ്ടനില്‍ പോകാന്‍ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. വിക്കി കൗശല്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ബൊമ്മന് ഇറാനിയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ്, രാജ്കുമാര് ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. സംഗീതം പ്രീതം. ഛായാഗ്രഹണം മലയാളിയായ സി.കെ മുരളീധരന്. ചിത്രം ഡിസംബര്‍ 22ന് ആണ് റിലീസ് ചെയ്യുന്നത്. പ്രഭാസ്-പ്രശാന്ത് നീലിന്റെ ‘സലാര്‍: പാര്‍ട്ട് 1-സീസ്ഫയര്‍’ ചിത്രത്തിനൊപ്പം ക്ലാഷ് റിലീസ് ആയാണ് ഡങ്കി എത്തുന്നത്. അതേസമയം, ഗംഭീര വിജയം നേടി ‘പഠാന്’, ‘ജവാന്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന ഡങ്കി ഈ വര്‍ഷത്തെ അടുത്ത ബ്ലോക്ബസ്റ്റര്‍ ആകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
◾ഉണ്ണി മുകുന്ദന് നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. ഒരു ഗൈനക്കോളജിസ്റ്റ് ആണ് ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രം. ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നു. നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം നിഖില വിമലാണ്. സജീവ് സോമന്, സുനില്‍ ജെയിന്, പ്രക്ഷാലി ജെയിന്, സാം ജോര്‍ജ്ജ് എന്നിവരാണ് സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെന്‍ എല്‍ എല്‍ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്.
◾ആര്‍ഡിഎക്സ് സിനിമ നൂറു കോടി കടന്ന് റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറിയതിനൊപ്പം നടന് നീരജ് മാധവന് മറ്റൊരു സന്തോഷം കൂടി. പുതിയ ബിഎംഡബ്ല്യു എസ്യുവി സ്വന്തം ഗാരിജിലെത്തിച്ച് നീരജ്. എക്സ്ഷോറൂം വില 1.06 കോടി രൂപ വരുന്ന ബിഎംഡബ്ല്യു എക്സ് 5 40ഐ എം സ്പോര്‍ട്സാണ് നടന്റെ പുതിയ വാഹനം. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നീരജ് വാഹനം വാങ്ങിയത്. കുടുംബവമായി എത്തി ബിഎംഡബ്ല്യു സ്വീകരിക്കുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവച്ചിട്ടുണ്ട്. മൂന്നു ലീറ്റര്‍ പെട്രോള്‍ എന്ജിന് ഉപയോഗിക്കുന്ന ഈ എസ്യുവിക്ക് 381 എച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48 കിലോവാട്ട് ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന ഹൈബ്രിഡ് മോഡലിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 5.4 സെക്കന്റ് മതി. ആഡംബരവും സ്പോര്‍ട്ടിനസും ഒരുപോലെ ഒത്തിണങ്ങിയ വാഹനമാണ് ബിഎംഡബ്ല്യു എക്സ് 5. ഓള് ബ്ലാക് തീമിലുള്ള വലിയ കിഡ്നി ഗ്രില്ല് എസ്യുവിയുടെ ഭംഗി വര്‍ധിപ്പിക്കുന്നു. കര്‍വ് ഡിസ്പ്ലേയുള്ള വലിയ സ്ക്രീന്‍, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14.9 ഇഞ്ച് കണ്ട്രോള് ഡിസ്പ്ലേ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ലമ്പാര്‍ സപ്പോര്‍ട്ടുള്ള സ്പോര്‍ട്ടി സീറ്റുകള്‍, എം ലെതര്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങി നിരവധി ആഡംബര സംവിധാനങ്ങള്‍ നീരജ് സ്വന്തമാക്കിയ മോഡലിനുണ്ട്.
◾എല്ലാരും കൈവിട്ടൂവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോര്‍ത്ത് മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാല്‍ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്. ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്ക്കാഴ്ച്ചകൊണ്ട് ആര്‍ദ്രമാക്കുന്ന പി എം എ ഗഫൂറിന്റെ കുറിപ്പുകള്‍. ‘എത്രയായാലും മനുഷ്യരല്ലേ’. പിഎംഎ ഗഫൂര്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 400 രൂപ.
◾കൃത്രിമ വെളിച്ചത്തെ അപേക്ഷിച്ച് സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം. നെതര്‍ലന്‍ഡ്സിലെ മാസ്ട്രിച്ച് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. യൂറോപ്യന്‍ അസോസിയേഷന് ഫോര്‍ ദ് സ്റ്റഡി ഓഫ് ഡയബറ്റീസിന്റെ, ജര്‍മനിയില്‍ നടന്ന വാര്‍ഷികയോഗത്തിലാണ് ഗവേഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. നെതര്‍ലന്‍ഡ്സിലും സ്വിറ്റ്സര്‍ലന്‍ഡിലുമുള്ള 13 പേരിലാണ് പഠനം നടത്തിയത്. ഇവരുടെ ശരാശരി പ്രായം 70 വയസ്സായിരുന്നു. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ രണ്ടു തരം വെളിച്ചത്തില്‍ ഇവരോട് ജീവിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യത്തെ നാലര ദിവസം പ്രകൃതിദത്ത വെളിച്ചത്തിലും നാലാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത നാലര ദിവസത്തേക്ക് കൃത്രിമ എല്‍ഇഡി വെളിച്ചത്തിലുമാണ് ഇവര്‍ ജീവിച്ചത്. ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ഏറ്റത് ഉച്ചയ്ക്ക് 12.30 മണിക്കാണ് ശരാശരി 2453 ലക്സ്. കൃത്രിമ വെളിച്ചത്തില്‍ ഇത് സ്ഥിരമായി 300 ലക്സായിരുന്നു. വൈകിട്ട് ഇവര്‍ അഞ്ച് ലക്സിന് താഴെ മങ്ങിയ വെളിച്ചത്തിലും രാത്രി 11 മുതല്‍ രാവിലെ ഏഴ് വരെ ഇരുട്ടിലും കഴിച്ചു കൂട്ടി. ഒരേ തരത്തിലുള്ള ഭക്ഷണമാണ് രണ്ടു തരം വെളിച്ചം അടിച്ചപ്പോഴും ഇവര്‍ക്ക് നല്‍കിയത്. കയ്യിലെ മോണിറ്ററുകള്‍ വഴി ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് നിരന്തം നിരീക്ഷിച്ചു കൊണ്ടിരുന്നു. നാലര ദിവസത്തെ പരീക്ഷണത്തിന് ശേഷം മറ്റ് ചില പരിശോധനകളും നടത്തി. പ്രകൃതിദത്ത വെളിച്ചത്തിലായിരിക്കെ രക്തത്തിലെ പഞ്ചസാരയുടെ തോത് ദീര്‍ഘനേരത്തേക്ക് സാധാരണ നിലയിലായിരുന്നു എന്ന് ഇതില്‍ നിന്ന് കണ്ടെത്തി. ശരീരത്തിലെ സിര്‍കാഡിയന്‍ റിഥത്തെ നിയന്ത്രിക്കുന്ന പിഇആര്‍1, സിആര്‍വൈ1 ജീനുകള്‍ സൂര്യപ്രകാശം ഏല്ക്കുന്ന സമയത്താണ് കൂടുതല്‍ സജീവമായിരുന്നതെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. ശരീരത്തിലെ മെച്ചപ്പെട്ട ചയാപചയത്തിനും പ്രമേഹ നിയന്ത്രണത്തിനും സൂര്യപ്രകാശമേല്‍ക്കുന്നത് കൂടുതല്‍ നല്ലതാണെന്ന് ഇതില്‍ നിന്ന് ഗവേഷകര്‍ വിലയിരുത്തി. സൂര്യപ്രകാശം അധികമെത്താത്ത വീടുകളില്‍ ജീവിക്കുന്നവര്‍ ഇടയ്ക്കിടെ പുറത്തിറങ്ങി വെയില് കൊള്ളേണ്ടതിന്റെ ആവശ്യകതയും ഗവേഷണറിപ്പോര്‍ട്ട് അടിവരയിടുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.25, പൗണ്ട് – 101.42, യൂറോ – 88.32, സ്വിസ് ഫ്രാങ്ക് – 92.09, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.53, ബഹറിന്‍ ദിനാര്‍ – 220.78, കുവൈത്ത് ദിനാര്‍ -269.40, ഒമാനി റിയാല്‍ – 216.25, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 60.15.